2013-06-06 18:44:15

കല്പനകള്‍ ഉദ്ധരിക്കുന്നതിലല്ല
ജീവിതത്തില്‍ പാലിക്കുന്നതിലാണ് കാര്യം


6 ജൂണ്‍ 2013, വത്തിക്കാന്‍
ദൈവകല്പനകള്‍ ഉദ്ധരിക്കുന്നതിലല്ല ജീവിതത്തില്‍ പാലിക്കുന്നതിലാണ് കാര്യം പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയിലാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിന്‍റെ കല്പനകളോടുള്ള സമീപനത്തെ പരീക്ഷിക്കാനുള്ള ഫരീസേയന്‍റെ ചോദ്യത്തിന് മറുപടിയായിരുന്നു ഇന്നത്തെ പാപ്പായുടെ വചനചിന്ത. കല്പനകളില്‍ പ്രധാനപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് ക്രിസ്തു പറഞ്ഞ ഉത്തരത്തോട് അനുയോജിച്ച ഫരീസേയനോട്, “നീ ദൈവരാജ്യത്തില്‍നിന്നും വിദൂരത്തല്ല,” എന്നാണ് ക്രിസ്തു പ്രത്യുത്തരിച്ചത്. അവന്‍ വിദൂരത്തല്ലെങ്കിലും, ദൈവരാജ്യവുമായി തിട്ടപ്പെടുത്താനാവാത്ത ഒരകല്‍ച്ച ഉണ്ടെന്നും, പാപ്പ വ്യാഖ്യാനിച്ചു.
ദൈവത്തില്‍നിന്നും അവിടുത്തെ സ്നേഹത്തില്‍നിന്നും നമ്മെ അകറ്റുന്ന സ്വാര്‍ത്ഥയുടെയും പാപത്തിന്‍റെയും വിഗ്രഹങ്ങള്‍ നാം ജീവിതത്തില്‍നിന്നും പാടെ എടുത്തുമാറ്റണമെന്ന് പ്രസ്താവിച്ച പാപ്പാ, തന്‍റെ ജീവന്‍ മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് സമ്പൂര്‍ണ്ണ വിശ്വസ്ത പ്രകടമാക്കിയ ക്രിസ്തുവിനെ മാതൃകയാക്കണമെന്നും ഉദ്ബോധിപ്പിച്ചു. ലോകത്തെയും ലൗകിക വസ്തുക്കളെയും സുഹൃത്തായും സ്വന്തമായും മാനിക്കുന്നന്‍ ദൈവത്തിന്‍റെ ശത്രുവായിരിക്കുമെന്നും, അവന്‍ ദൈവത്തോട് അവിശ്വസ്തനും ലൗകിക കാര്യങ്ങളില്‍ വിശ്വസ്തനുമായിരിക്കുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവരാജ്യത്തിന്‍റെ വിശ്വസ്തത ദാമ്പത്യ ജീവിതത്തിലെ വിശ്വസ്തപോലെയാണെന്ന് ഉപമിച്ച ക്രിസ്തുവിലൂടെ നാം നേടിയ ഇത്ര വലിയ ദൈവിക സ്നേഹത്തോടും കാരുണ്യത്തോടും നമുക്കെങ്ങനെ അവിശ്വസ്തരായിരിക്കാനാകും, എന്ന ചോദ്യത്തോടെയാണ് തന്‍റെ ചിന്തകള്‍ പാപ്പാ സമാഹരിച്ചത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.