2013-06-06 19:13:35

അനുദിന പ്രാര്‍ത്ഥനയാണ്
വിശുദ്ധീകരണത്തിനുള്ള വ്യായാമം


6 ജൂണ്‍ 2013, വത്തിക്കാന്‍
സഭയുടെ നയതന്ത്രം അജപാലന അരൂപിയില്‍നിന്നും ഉരുവംകൊള്ളണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സഭയുടെ രാജ്യാന്തര സേവനത്തിനായി വൈദികരെ ഒരുക്കുന്ന പൊന്തിഫിക്കല്‍ അക്കാഡമിയിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ജൂണ്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.

സ്വാര്‍ത്ഥ താല്പര്യങ്ങളില്‍നിന്നും അകന്നുനില്കുന്ന ആന്തരികസ്വാതന്ത്ര്യം വളര്‍ത്തിയെടുക്കുന്ന വ്യക്തിക്കേ സുവിശേഷത്തിനും സഭാദൗത്യത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിക്കാനാവൂ എന്ന് പാപ്പ ആമുഖമായി പ്രസ്താവിച്ചു. ഭാവി സങ്കല്പങ്ങളും, സ്ഥാനമാനങ്ങളും, സമ്പത്തും, ഇഷ്ടവസ്തുക്കളുമാണ് ജീവിതത്തില്‍ പ്രാഥമ്യമെങ്കില്‍ ന്യായവും സമഗ്രവുമായൊരു സഭാവീക്ഷണം സാദ്ധ്യമാകില്ലെന്നും പാപ്പ ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ സേവനവും ക്രിസ്തുവിന്‍റെ അജഗണങ്ങളുടെ ഐക്യവും, അജപാലന സ്നേഹവുമായിരിക്കട്ടെ തുടര്‍ന്നുള്ള നയതന്ത്ര പഠനത്തില്‍ നിങ്ങളെ മുന്നോട്ടു നയിക്കേണ്ടതെന്ന്, അദ്ധ്യായന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ ആശംസിച്ചു.

സഭയുടെ നയതന്ത്രപ്രവര്‍ത്തനം ആത്മീയതയിലൂന്നിയ സ്വാര്‍പ്പണമാണെന്നും, ആഗ്രാഹ്യമായ ദൈവസ്നേഹത്തിന്‍റെ പദ്ധതിയും വിളിയും തീവ്രമായ ആത്മീയ യാത്രയിലൂടെ രൂപപ്പെടുത്തി എടുക്കണെന്നും, ശൂന്യമായ സ്വാര്‍ത്ഥയ്ക്കോ, നിരാശയ്ക്കോ, ഒറ്റപ്പെടലിനോ വ്യക്തിജീവിതത്തില്‍ ഇടംകൊടുക്കാതെ സഭാശുശ്രൂഷയില്‍ പൗരോഹിത്യത്തിന്‍റെ ഫലപ്രാപ്തി അണിയണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. അവസാനമായി, വിശുദ്ധീകരണത്തിനുള്ള അനുദിന വ്യായാമം വ്യക്തിഗത പ്രാര്‍ത്ഥനയായിരിക്കട്ടെയെന്ന്, വൈദികരായ അക്കാഡമിയിലെ വൈദികരായ വിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിച്ച പാപ്പാ, ആത്മീയ സ്വാതന്ത്യത്തിന്‍റെ സ്രോതസ്സായ പ്രാര്‍ത്ഥനയില്‍ ഊന്നിയ ആത്മീയ ജീവിതത്തില്‍ ശ്രദ്ധപതിച്ചുകൊണ്ട് സത്യവും, നീതിയും, സ്നേഹവും ലോകത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറാവണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.