2013-06-04 16:54:08

യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെടുന്നു. സമാധാനത്തിലൂടെ എല്ലാം നേടിയെടുക്കാന്‍ സാധിക്കും


ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുന്നാള്‍ കേന്ദ്രമാക്കിയായിരുന്നു ജൂണ്‍ രണ്ടാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ ത്രികാല പ്രഭാഷണം. മെയ് 30ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുന്നാള്‍ ആഘോഷിച്ചുവെങ്കിലും വ്യാഴാഴ്ച ഒരു ഇടദിവസമായിരുന്നതിനാല്‍ ജൂണ്‍ രണ്ടാം തിയതി ഞായറാഴ്ചയാണ് ഇറ്റലിയുള്‍പ്പെടെ പലരാജ്യങ്ങളിലും ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുന്നാള്‍ ആഘോഷിച്ചത്. അക്കാരണത്താല്‍ തിരുന്നാള്‍ ദിവ്യബലിയിലെ സുവിശേഷഭാഗത്തെ കേന്ദ്രമാക്കിയായിരുന്നു മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം.

മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

“യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം (ലൂക്കാ 9, 11-17) നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്. ഈ സുവിശേഷഭാഗത്തില്‍ എന്നെ എല്ലായ്പ്പോഴും ആകര്‍ഷിച്ചിട്ടുള്ള ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു... ഗലീലി കടല്‍ക്കരയിലാണ് നാം. നേരം സന്ധ്യയോടടുക്കുന്നു. മണിക്കൂറുകളായി തന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന ജനത്തെക്കുറിച്ച് യേശുവിന് ഉത്കണ്ഠയുണ്ട്. ആയിരക്കണക്കിനാളുകളാണ് വിശന്നിരിക്കുന്നത്. എന്ത് ചെയ്യണം? ശിഷ്യന്‍മാരും ഇതേ പ്രശ്നവുമായി യേശുവിനെ സമീപിച്ചു. “ജനത്തെ പിരിച്ചുവിടുക, അവര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി ഭക്ഷണം കഴിക്കട്ടെ” എന്നാണ് ശിഷ്യന്‍മാര്‍ യേശുവിനോട് പറയുന്നത്. പക്ഷെ, “നിങ്ങള്‍ത്തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ നല്‍കുവിന്‍” എന്നായിരുന്നു യേശുവിന്‍റെ മറുപടി. ആശയക്കുഴപ്പത്തിലായ ശിഷ്യന്‍മാര്‍ യേശുവിനോട് പറഞ്ഞു “അഞ്ചപ്പവും രണ്ടുമീനും മാത്രമേ നമ്മുടെ കയ്യിലുള്ളൂ....” അതായത്, നമുക്കു മാത്രമേ അതു തികയൂ എന്ന് വിശദീകരിച്ചു

എന്താണ് ചെയ്യേണ്ടതെന്ന് യേശുവിനറിയാമായിരുന്നു. എന്നാല്‍ ആ പദ്ധതിയില്‍ തന്‍റെ ശിഷ്യന്‍മാരെക്കൂടി പങ്കാളികളാക്കാന്‍ യേശു ആഗ്രഹിച്ചു. അവരെ പരിശീലിപ്പിക്കുകയായിരുന്നു യേശു. അധികം പ്രശ്നമുണ്ടാക്കാത്ത പരിഹാരമാര്‍ഗമാണ് ശിഷ്യന്‍മാരുടെ മനസിലുദിച്ചത്. കാരണം തികച്ചും മാനുഷികമായ മനോഭാവത്തോടെ, പ്രായോഗികമായ ഒരു പരിഹാരത്തെക്കുറിച്ചാണ് അവര്‍ ആലോചിച്ചത്. “ജനത്തെ പിരിച്ചുവിടുക. ഓരോരുത്തരും സാധിക്കുന്നതുപോലെ എന്തെങ്കിലും കഴിക്കട്ടെ. അവര്‍ക്കുവേണ്ടി വേണ്ടതിലധികം നീ ചെയ്തു കഴിഞ്ഞു. അവര്‍ക്കുവേണ്ടി പ്രഘോഷണം നടത്തി. രോഗികളെ സുഖപ്പെടുത്തി......ഇനി അവരെ പിരിച്ചു വിടുക”: ഇതായിരുന്നു ശിഷ്യന്‍മാരുടെ നിര്‍ദേശം.

എന്നാല്‍ ഇതില്‍ നിന്നും നേര്‍വിപരീതമായി, പിതാവിനോടുള്ള പരിപൂര്‍ണ്ണമായ ഐക്യത്തിലും ജനത്തോടുള്ള കാരുണ്യത്തിലും അധിഷ്ഠിതമായിരുന്നു യേശുവിന്‍റെ മനോഭാവം. ഇന്നും യേശു നമ്മോട് പ്രകടമാക്കുന്നത് ഇതേ കാരുണ്യാതിരേകമാണ്. നമ്മുടെ പ്രശ്നങ്ങളും കുറവുകളും മനസിലാക്കി, നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന യേശുനാഥന്‍ കരുണയോടെ നമ്മോട് പെരുമാറുന്നു. ശിഷ്യന്‍മാര്‍ നല്‍കിയ അഞ്ചപ്പത്തില്‍ യേശു ദൈവത്തിന്‍റെ തിരുഹിതം ദര്‍ശിച്ചു. ആ ചെറിയ പങ്കില്‍ നിന്ന് എല്ലാവര്‍ക്കും വേണ്ടത്ര ഭക്ഷണം യേശു നല്‍കി. എല്ലാം സാദ്ധ്യമായ സ്വര്‍ഗസ്ഥനായ പിതാവില്‍ യേശുവിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. അതിനാലാണ് ജനത്തെ അന്‍പതു വീതമുള്ള സംഘങ്ങളായിതിരിച്ച് ഇരുത്തുവാന്‍ യേശു ശിഷ്യന്‍മാരോട് ആവശ്യപ്പെട്ടത്. യാദൃച്ഛികമായ ഒരു നിര്‍ദേശമായിരുന്നില്ലത്. വലിയൊരു ഉള്‍പ്പൊരുള്‍ അതിലുണ്ട്. ഇനി അവര്‍ വെറുമൊരു ജനക്കൂട്ടമല്ല, ദൈവിക അപ്പത്താല്‍ പരിപോഷിപ്പിക്കപ്പെടുന്ന കൂട്ടായ്മകളാണ്. ജനക്കൂട്ടം ഇരുന്നുകഴിഞ്ഞപ്പോള്‍ യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി അവ ആശീര്‍വദിച്ചു – പരിശുദ്ധ കുര്‍ബ്ബാനയുടെ സൂചനയാണിത് – പിന്നെ അവ മുറിച്ച് ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അത് ജനങ്ങള്‍ക്കു നല്‍കി......എത്ര വിളമ്പിയിട്ടും അപ്പവും മീനും തീരുന്നില്ല! ഇതാ ഒരത്ഭുതം സംഭവിച്ചിരിക്കുന്നു. വര്‍ദ്ധപ്പിക്കലിനേക്കാളുപരിയായി വിശ്വാസത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും പങ്കുവയ്ക്കലായിരുന്നു അത്. എല്ലാവരും ഭക്ഷിച്ചു തൃപ്തരായിട്ടും അപ്പം ബാക്കി വന്നു. മനുഷ്യവംശത്തിനു ലഭിച്ച ദൈവിക അപ്പമായ യേശുവിന്‍റെ അടയാളമാണത്.

യേശുവിന്‍റെ ശിഷ്യന്‍മാര്‍ ഈ അത്ഭുതം കണ്ടെങ്കിലും അതിലെ സന്ദേശം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു സാധിച്ചില്ല. ജനക്കൂട്ടത്തെപ്പോലെ അവരും അത്ഭുതം നടന്നതിന്‍റെ വിജയാവേശത്തിലായിരുന്നു. മാനുഷികയുക്തിപ്രകാരമായിരുന്നു വീണ്ടും അവര്‍ ചിന്തിച്ചത്. വിശ്വാസത്തിന്‍റേയും സ്നേഹത്തിന്‍റേയും ശുശ്രൂഷയുടേയും ദൈവികയുക്തി അവര്‍ക്കു മനസിലായില്ല.

യേശുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുന്നാള്‍ ദൈവിക തിരുഹിതത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ആത്മപരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഉള്ളില്‍ തന്നെ അടച്ചുപൂട്ടി ഇരിക്കാതെ നമ്മുടെ കയ്യിലുള്ള ആ ചെറിയ പങ്ക് മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ നാം തയ്യാറാകണം. ഈ മാനസാന്തരത്തിന് നമ്മെ സഹായിക്കാന്‍ നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം നമുക്കപേക്ഷിക്കാം. ദിവ്യകാരുണ്യത്തില്‍ നാം ആരാധിക്കുന്ന യേശുവിനെ കൂടുതല്‍ അടുത്ത് അനുഗമിക്കുവാന്‍ പ. അമ്മ നമ്മെ സഹായിക്കട്ടെ.....


ഈ വാക്കുകളെ തുടര്‍ന്ന് മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥന ആരംഭിച്ചു.

പ്രാര്‍ത്ഥനയ്ക്കു ശേഷം ജനങ്ങളെ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്ത മാര്‍പാപ്പ കലാപഭൂമിയായി മാറിയിരിക്കുന്ന സിറിയയെ അനുസ്മരിക്കുകയും സിറിയന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലോകസമൂഹത്തെ ക്ഷണിക്കുകയും ചെയ്തു.
രണ്ടുവര്‍ഷക്കാലമായി സിറിയയില്‍ തുടരുന്ന കലാപത്തില്‍ താന്‍ ഏറെ ഉത്കണ്ഠാകുലനാണെന്നും വിശിഷ്യാ, നീതിയും സമാധാനവും സ്വപ്നം കാണുന്ന നിരായുധരായ ജനങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ തന്നെ അത്യധികം വേദനിപ്പിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധസമാനമായ ഈ സംഘര്‍ഷാവസ്ഥയുടെ ഫലം മരണവും നശീകരണവും ഭീമമായ സാമ്പത്തിക തകര്‍ച്ചയും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ്. വ്യക്തികളെ ബന്ധികളാക്കുകയെന്ന വേദനാജനകമായ കാര്യവും അതോടൊപ്പം നടക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിച്ച മാര്‍പാപ്പ സിറിയയില്‍ ബന്ധികളാക്കപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. തട്ടിക്കൊണ്ടുപോയവരുടെ മാനുഷികതയെപ്രതി ബന്ധികളെ മോചിപ്പിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. നമ്മുടെ പ്രിയപ്പെട്ട സിറിയയ്ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും പാപ്പ ആവശ്യപ്പെട്ടു.

ലോകത്തിന്‍റെ നാനാഭാഗത്ത് സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതോടൊപ്പം പ്രത്യാശപകരുന്ന സംഭവങ്ങളും ഉണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. അനുരജ്ഞന – സമാധാന നടപടികളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പ്രകടമാക്കുന്ന അഭിവൃദ്ധി പ്രോത്സാഹനജനകമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സമാധാന – അനുരജ്ഞന പ്രക്രിയയ്ക്ക് പ്രോത്സാഹനം പകര്‍ന്ന പാപ്പ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും എല്ലാവരേയും ക്ഷണിച്ചു.

ഞായറാഴ്ച രാവിലെ താന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ചില ഇറ്റാലിയന്‍ സൈനികരും സേവനത്തിനിടയില്‍ ജീവന്‍വെടിഞ്ഞ സമാധാനപാലകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തുവെന്ന് പരാമര്‍ശിച്ച മാര്‍പാപ്പ ഇന്നും യുദ്ധം മൂലം സഹോദര രക്തം ചൊരിയപ്പെടുന്ന രാജ്യങ്ങളില്‍ അനുരജ്ഞന – സമാധാന നടപടികള്‍ക്ക് പ്രോത്സാഹനമേകാന്‍ പരിശ്രമിച്ചിരുന്ന ആ സൈനികരുടെ സേവനം കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു. “യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെടുന്നു. സമാധാനത്തിലൂടെ എല്ലാം നേടിയെടുക്കാന്‍ സാധിക്കും” എന്ന് പ്രഖ്യാപിച്ച മാര്‍പാപ്പ ദൗത്യനിര്‍വ്വഹണത്തിനിടെ മരണമടഞ്ഞ സൈനികര്‍ക്കും പരിക്കുപറ്റിയവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിച്ചു.

തദനന്തരം അവര്‍ക്കുവേണ്ടി ഒരു നിമിഷ നേരം മൗനമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിച്ച മാര്‍പാപ്പ നിശബ്ദമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ വത്തിക്കാനിലെത്തിയ കുടുംബങ്ങളേയും ഇടവക സമൂഹങ്ങളേയും തീര്‍ത്ഥാടക സംഘങ്ങളേയും മാര്‍പാപ്പ അഭിവാദ്യം ചെയ്തു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍ നേര്‍ന്നുകൊണ്ട് തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ച മാര്‍പാപ്പ ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന്‍റെ സ്നേഹാശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു നിമിഷ നേരം കൂടി ആ ജാലകത്തിങ്കല്‍ നിന്നു. പിന്നെ കൈകള്‍ ഉയര്‍ത്തി ജനങ്ങളെ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്തു കൊണ്ട് പാപ്പ വിടവാങ്ങി.


വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.