2013-06-04 16:53:51

ഫ്രാന്‍സിസ് പാപ്പ കേപ് വെര്‍ദേ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി


04 ജൂണ്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ കേപ് വെര്‍ദേ പ്രസിഡന്‍റ് ഹോര്‍ഗേ കാര്‍ലോസ് ഫോന്‍സെക്കെയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ പ്രസിഡന്‍റ് ഫോന്‍സെക്കയുമായി ജൂണ്‍ 3ന് രാവിലെ 11 മണിക്കാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തി.
കേപ് വേര്‍ദേ ദ്വീപ് രാഷ്ട്രവും പരിശുദ്ധസിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് ഇരുക്കൂട്ടരും സംസാരിച്ചുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. കേപ് വേര്‍ദേയില്‍ കത്തോലിക്കാ സഭയുടെ നൈയാമിക സ്ഥാനത്തെ സംബന്ധിച്ച് കേപ് വെര്‍ദേയും പരിശുദ്ധ സിംഹാസവും ഒപ്പുവയ്ക്കാന്‍ പോകുന്ന ഉടമ്പടിയെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. കേപ് വെര്‍ദേയിലെ സാംസ്ക്കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ചും ക്രൈസ്തവ സമൂഹങ്ങളുടെ ജീവിത രീതികളെക്കുറിച്ചും, കത്തോലിക്കാ സഭ രാഷ്ട്രത്തിനു നല്‍കുന്ന സേവനങ്ങളെക്കുറിച്ച്, വിശിഷ്യ വിദ്യാഭ്യാസ – ആതുര സേവന രംഗങ്ങളില്‍ സഭയുടെ സേവനത്തെക്കുറിച്ചും ഇരുക്കൂട്ടരും സംസാരിച്ചുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. പ്രവാസി ജീവിതം നയിക്കുന്ന കേപ വെര്‍ദേ സ്വദേശികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.