2013-06-04 16:53:42

ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ, ഇടയനും പിതാവും


04 ജൂണ്‍ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഒരു നല്ലിടയനും പിതാവുമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിക്കുന്നു. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ അന്‍പതാം ചരമവാര്‍ഷികത്തില്‍ പാപ്പായുടെ ശവകുടീരത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയ ബെര്‍ഗമോ രൂപതാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ബെര്‍ഗമോ രൂപതാംഗമായിരുന്നു ജോണ്‍ പാപ്പ. 1963 ജൂണ്‍ 3ന് കാലംചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ശവകുടീരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് സ്ഥിതിചെയ്യുന്നത്.
അനുസരണവും സമാധാനവും തന്‍റെ മുന്‍ഗാമിയായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ജീവിതത്തിന്‍റെ മുഖമുദ്രയായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യമാണ് “അനുസരണവും സമാധാനവും”. ഹൃദയ സമാധാനത്തില്‍ ജീവിച്ചിരുന്നതിനാലാണ് സമാധാനത്തിന്‍റെ ദൂതനായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചത്. കഠിനമായ ആത്മീയ പരിശീലനത്തിന്‍റെ ഫലമായിരുന്നു ആ ആന്തരിക സമാധാനമെന്നും ജോണ്‍ മാര്‍പാപ്പയുടെ ആത്മീയ ഡയറിക്കുറിപ്പ്, “ആത്മാവിന്‍റെ താളുകള്‍” (“Giornale dell'Anima”) എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.
ആത്മീയ യാത്രയില്‍ ക്രമേണ ശുദ്ധീകരിക്കപ്പെടുന്ന റൊങ്കാളിയെ ഒരു വൈദിക വിദ്യാര്‍ത്ഥി, വൈദികന്‍, മെത്രാന്‍ എന്നീ നിലകളില്‍ ഈ ഗ്രന്ഥത്തില്‍ കണ്ടെത്താനാകും. സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ നിഗ്രഹിച്ച്, ദൈവഹിതത്തിനു ആത്മസമര്‍പ്പണം ചെയ്തുകൊണ്ട് വിശുദ്ധിയുടെ പാതയിലേക്കുള്ള അദ്ദേഹത്തിന്‍റെ വളര്‍ച്ച നാം ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കുന്നു. ദൈവിക തിരുഹിതത്തോടുള്ള വിധേയത്വവും അനുസരണവുമാണ് അദ്ദേഹത്തെ സമാധാനത്തിന്‍റെ ദൂതനായി മാറ്റിയത്. അക്കാരണത്താല്‍ തന്നെയാണ് അദ്ദേഹം ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിത്തീര്‍ന്നതെന്നും ഫ്രാന്‍സിസ് പാപ്പ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.