2013-06-01 12:46:13

ദിവ്യകാരുണ്യം – ക്രിസ്തുവിലുള്ള
രൂപാന്തരീകരണത്തിന്‍റെ കൂദാശ


വിശുദ്ധ യോഹന്നാന്‍ 6, 51-59
ലോകത്തിന് ഇന്നാവശ്യം ക്രിസ്തുവിലുള്ള രൂപാന്തരീകരണമാണ്.

വിശുദ്ധ ബൈബിളിന്‍റെ ഭാഷ, മതാത്മക ഭാഷയാണെന്ന് പറയേണ്ടതില്ലല്ലോ. മതാത്മക ഭാഷയിലൂടെ ക്രിസ്തു വലിയ സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
അതിലൊന്നാണ് പരിശുദ്ധ ദിവ്യകാരുണ്യം. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നു. “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്.” (യോഹ. 6, 51). രണ്ടു സുപ്രധാന അര്‍ത്ഥങ്ങളുണ്ട് ഈ വചനത്തിന്. (1) ജീവന്‍ കുടികൊള്ളുന്ന ദൈവവചനം എന്നാണ് പ്രഥമ അര്‍ത്ഥം. “ദിവ്യരഹസ്യങ്ങളുടെ അനുഷ്ഠാനത്തിലൂടെ മാത്രമല്ല, ജീവന്‍ കുടികൊള്ളുന്ന അവിടുത്തെ വാക്കുകള്‍ സ്വീകരിക്കുമ്പോഴും നാം അവിടുത്തെ രക്തം പാനംചെയ്യുന്നു,” എന്നാണ് സഭാപിതാവായ ഒറിജെന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വേദഗ്രന്ഥത്തില്‍ ജീവന്‍ കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ മനുഷ്യഭാഷയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നതാണ് ദൈവവചനം. മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിച്ച് രൂപീകരിക്കുക എന്നതാണ് ആ ദൈവിക സ്വപ്നം. ദൈവത്തിന്‍റെ സ്വപ്നങ്ങളിലേയ്ക്ക് നാം വളരുന്നതിനെ, “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്,” എന്ന ഈ വചനം അര്‍ത്ഥമാക്കുന്നു. ലോകത്തിലുള്ള സകല മനുഷ്യരെയും സ്നേഹിച്ച് അവരെ ജീവിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിനെപ്പോലെ ഇന്ന് നാം ജീവന്‍റെ അപ്പമായി മാറണം, വ്യക്തിജീവിതങ്ങളില്‍ രൂപാന്തരപ്പെടണം.

(2) ‘ജീവന്‍റെ അപ്പ’മെന്ന സംജ്ഞയുടെ രണ്ടാമത്തെ അര്‍ത്ഥം കൗദാശിക ശരീരമെന്നാണ്. ഓറിജെന്‍ പറഞ്ഞുവച്ച പ്രകാരം, ദിവ്യരഹസ്യങ്ങളുടെ അനുഷ്ഠാനംവഴി സ്വീകരിക്കുന്ന ജീവന്‍റെ അപ്പത്തില്‍, ദിവ്യകാരുണ്യത്തിലെ അപ്പവും വീഞ്ഞുമായി മനുഷ്യപുത്രന്‍ ഒന്നാകുകയും, ആ അപ്പവും വീഞ്ഞും കൗദാശികമായി സ്വീകരിക്കുന്ന വ്യക്തികളുമായി അവിടുന്ന് ലയിച്ച് ഒന്നായിത്തീര്‍ന്ന്, ലോകത്തിന്‍റെ ജീവനായി പരിണമിക്കുന്നു.
അങ്ങനെ ദിവ്യകാരുണ്യത്തിന്‍റെ ലക്ഷൃം ലോകത്തെ രൂപാന്തരപ്പെടുത്തുക, ലോകത്തിനു ജീവന്‍ നല്കുക, എന്നതാണ്.
മരണ സംസ്ക്കാരത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്നവര്‍ക്ക് ജീവന്‍റെ സംസ്കൃതി പകര്‍ന്നു കൊടുക്കുന്നതിനെ ‘ദിവ്യകാരുണ്യം’ എന്നു വിളിക്കാം.
സകല വസ്തുക്കളിലും വിഷം കുത്തിവച്ച് പണമുണ്ടാക്കുന്ന മരണസംസ്ക്കാരം വളര്‍ത്തുകയാണ് നാമിന്ന്. അതിനെതിരെ ജീവന്‍റെ സംസ്ക്കരം വളര്‍ത്തി, ‘ദിവ്യകാരുണ്യമാകാന്‍’ ക്രിസ്തു ആവശ്യപ്പെടുന്നു.

ദിവ്യകാരുണ്യം എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ മഹാകാരുണ്യം അഥവാ വിശുദ്ധമായ ദീനാനുകമ്പ എന്നാണര്‍ത്ഥം. കൗദാശികമായി ക്രിസ്തുവിന്‍റെ മാംസരക്തങ്ങള്‍ സ്വീകരിക്കുന്ന വിശ്വാസി അസ്തിത്വപരമായി ലോകത്തിന്‍റെ ജീവനായി പരിണമിക്കുന്നില്ലെങ്കില്‍ എവിടെയാണ് മഹാകാരുണ്യമുണ്ടാകുന്നത്, എങ്ങനെയാണ് ദിവ്യകാരുണ്യമാകുന്നത്?
ലോകത്തില്‍ നാം കണ്ടുമുട്ടുന്ന എല്ലാവ്യക്തികള്‍ക്കും ജീവനുണ്ടാകാന്‍വേണ്ടി, ലോകത്ത് നന്മ വളരാന്‍വേണ്ടി വിഭജിക്കപ്പെടുവാന്‍, പങ്കുവയ്ക്കാന്‍ തയ്യാറാണോ, എന്നു നാം ചിന്തിക്കേണ്ടതാണ്.

ദിവ്യകാരുണ്യ കൂട്ടായ്മ നമ്മെ ക്രിസ്തുവില്‍ രൂപാന്തരപ്പെടുത്തുന്നു.
ഐക്യത്തിന്‍റെ വേദിയില്‍ വ്യക്തിത്വവും സ്വാര്‍ത്ഥതയും സ്വാതന്ത്ര്യവും തുറക്കപ്പെട്ട് പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടു മനുഷ്യര്‍ ഒന്നുചേരുന്നതാണ് ദിവ്യകാരുണ്യത്തിലെ കൂട്ടായ്മ. നമ്മെ ക്രിസ്തുവിനോടും മറ്റു സോദരങ്ങളോടും ദിവ്യകാരുണ്യം ഐക്യപ്പെടുത്തുകയും, ഏവരും ഒരു വിരുന്നു മേശയില്‍ പങ്കുചേരുകയും ചെയ്യുന്നു. ചുറ്റുമുള്ള സഹോദരങ്ങളുമായി മാത്രമല്ല, വസ്തൃതമായ വിശ്വസാഹോദര്യത്തില്‍ രമ്യപ്പെടാനും ഐക്യപ്പെടാനും ദിവ്യകാരുണ്യം വഴിതെളിക്കുന്നു. ദിവ്യകാരുണ്യ ഭക്തരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ (വിന്‍സെന്‍റ് ഡി പോളിനെയും, മദര്‍ തെരേസായെയും പോലെയുള്ള) വിശുദ്ധാത്മാക്കള്‍ അവരുടെ ജീവിതങ്ങള്‍കൊണ്ട് കാണിച്ചു തന്നതുപോലെ പരിശുദ്ധ ദിവ്യകാരുണ്യം ലോകത്തുള്ള സഭയുടെ ആഴമായ സാമൂഹ്യ സാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണ്.
ജീവിതവീഥികളില്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍, വേദനിക്കുന്നവര്‍ക്കും, വിശക്കുന്നവര്‍ക്കും, ദാഹിക്കുന്നവര്‍ക്കും പരദേശികള്‍ക്കും പാവങ്ങള്‍ക്കും, രോഗികള്‍ക്കും കാരാഗൃഹവാസികള്‍ക്കും, അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ ബദ്ധശ്രദ്ധരാവുകയും, അവരുടെ സഹായത്തിനായി ഓടിയെത്തുകയും ചെയ്യുന്നു.

ക്രൈസ്തവരെന്ന നിലയില്‍ നീതിയുടെയും സഹോദര്യത്തിന്‍റേതുമായ സ്നേഹസമൂഹം (cohesive society) വളര്‍ത്തുന്നതിനുള്ള ശക്തിയും ബോധ്യവും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും നമുക്കു ലഭിക്കുന്നു. ആഗോളവത്ക്കരണം മനുഷ്യരെ പരസ്പരം ആശ്രിതരാക്കുന്ന ഇക്കാലഘട്ടത്തില്‍, ദൈവത്തില്‍ ശാശ്വതമായ ഒരൈക്യം കെട്ടിപ്പുലര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യക്തിമഹാത്മ്യവാദത്തിന്‍റെയും, താന്‍പോരുന്നവന്‍, ‘താന്‍ വലിയവനെ’ന്ന ഭാവത്തിന്‍റെയും പരസ്പര പീഡനത്തിന്‍റെയും, അസൂയയുടെയും, വിദ്വേഷത്തിന്‍റെയും കലുഷിതമായ ഒരന്തരീക്ഷത്തില്‍ മുഴുകിപ്പോകാനിടയുണ്ടെന്ന് നാം മനസ്സിലാക്കണം.

മനുഷ്യകുലത്തിന്‍റെ ഐക്യമാണ് ക്രിസ്തുവിന്‍റെ സുവിശേഷം എപ്പോഴും ലക്ഷൃംവയ്ക്കുന്നത്. ഈ ലക്ഷൃം മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതോ, ആശയപരമോ സാമ്പത്തികമോ ആയ താല്‍പര്യങ്ങളില്‍നിന്നും ഉരുത്തിരിയുന്നതോ അല്ല, മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളുടെ ബോധ്യത്തില്‍നിന്നും വളരേണ്ടതാണ്. പരിശുദ്ധ കര്‍ബ്ബാനയില്‍നിന്നുമാണ് സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വഴി നാം അനുസ്യൂതം ആര്‍ജ്ജിക്കേണ്ടത്.

അന്ത്യത്താഴ വിരുന്നില്‍ അപ്പവും വീഞ്ഞും പകുത്തു നല്കിക്കൊണ്ട് ക്രിസ്തു സ്ഥാപിച്ച ബലി, കാല്‍വരിയിലെ തന്‍റെ പരമയാഗത്തിന്‍റെ പ്രതിരൂപമായിരുന്നു. എല്ലാം സ്നേഹത്തില്‍ ഉള്‍ക്കൊണ്ട ക്രിസ്തുവിന്,
എല്ലാ അധിക്രമങ്ങളും, അവസാനം കുരിശുമരണവും സ്വാര്‍പ്പണമായി മാറുന്നു. ഈ രൂപാന്തരീകരണമാണ് ലോകത്തിന് ഇന്നാവശ്യം. ഭൗമികതയില്‍നിന്നും ആത്മീയതയിലേയ്ക്കുയരുന്ന രൂപാന്തരീകരണവും, ദൈവരാജ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനവുമാണ് നമുക്കാവശ്യം. എന്നാല്‍
ഈ രൂപാന്തരം ക്രിസ്തുവിന്‍റെ ശൈലിയിലായിരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. കാരണം അവിടുന്നാണ് ജീവനും, സത്യാമായ മാര്‍ഗ്ഗവും.

ക്രൈസ്തവികതയില്‍ അതിമാനുഷമായിട്ട് ഒന്നുമില്ല. കുറുക്കുവഴികളും അതിലില്ല. ക്ഷമയുടെയും, നിലത്തു വീണലിയുന്ന വിത്തിന്‍റെയും വിനയവും യുക്തിയുമാണവിടെ. ‘മലയെ മാറ്റാന്‍ കരുത്തുള്ള കടുമണി പോലുള്ള വിശ്വാസത്തിന്‍റെ യുക്തിയാണ് ഈ ലോകത്തെ നവീകരിക്കുവാന്‍ ദൈവം മനുഷ്യനില്‍നിന്നും പ്രതീക്ഷിക്കുന്നത്.
ചരിത്രത്തെയും ഈ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുന്ന ആത്മീയ ചങ്ങലയിലെ മുഖ്യകണ്ണി പരിശുദ്ധ കര്‍ബ്ബാനയാണ്. മാനുഷികാദ്ധ്വാനത്തിന്‍റെ പ്രതീകമാണ് നാം കാഴ്ചവയ്ക്കുന്ന അപ്പവും വീഞ്ഞും. അവ കുര്‍ബ്ബാനയില്‍ പരകര്‍മ്മംചെയ്യപ്പെടുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുപോലെ, മനുഷ്യരും രൂപാന്തരപ്പെടുകയും ക്രിസ്തുവില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു.
ക്രിസ്തുവിലുള്ള ഈ പങ്കുചേരല്‍ നമ്മെ അവിടുത്തെ രക്ഷാകര പദ്ധതിയില്‍ കൂട്ടിയിണക്കുന്നു. സ്വാര്‍പ്പണത്തിന്‍റെ യുക്തിയില്‍, ക്രിസ്തുവുമായും ക്രിസ്തുവിലും ഒന്നുചേരുന്ന മനുഷ്യന്‍, പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍, ചരിത്രത്തിന്‍റെ കോറിയ നിലത്തു വിതറിയ വിത്തുപോലെ മുളപൊട്ടി വളര്‍ന്ന്, ദൈവിക പദ്ധതിയില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും വിളയായി രൂപാന്തരപ്പെടുന്നു

തന്‍റെ സമ്പൂര്‍ണ്ണ സര്‍പ്പണത്തിലൂടെയാണ് പരിശുദ്ധ കന്യകാ നാഥ ക്രിസ്തുവനെ ലോകത്തിനു ലഭ്യമാക്കിയത്. ജീവിതയാത്രയില്‍ ഇന്നും മറിയം നമുക്കായ് ക്രിസ്തുവിനെ നല്കുന്നു. മറിയത്തിലൂടെയാണ് ദൈവസനേഹം ക്രിസ്തുവില്‍ മാംസംധരിച്ചത്. നമ്മുടെയും മാനുഷികതയുടെ ചെറുവിത്തുകള്‍ മുളപൊട്ടി മറിയത്തിന്‍റെ മാതൃകയില്‍ ഈ ലോകത്തുള്ള തിന്മയെയും അധിക്രമത്തെയും മരണസംസ്ക്കാരത്തെയും മറികടക്കുന്ന, ഉറച്ച ബോധ്യമുള്ള വ്യക്തിത്വങ്ങളായി രൂപാന്തരപ്പെടട്ടെ.
നീതിയും സമാധാനവും പൂവണിയുന്ന വിശ്വാസത്തിലധിഷ്ഠിതമായ പുതിയ ആകാശവും പുതിയ ഭൂമിയും ദൈവം സകല മനുഷ്യര്‍ക്കായി ഒരുക്കിയിരിക്കുന്നു. അതാണ് നമ്മുടെ യഥാര്‍ത്ഥമായ ഭവനം, സ്വര്‍ഗ്ഗീയഭവനം. ഈ ലോകം നമ്മുടെ താല്ക്കാലിക ഭവനമാണ്. ഓരോ ദിനത്തിലും സൂര്യന്‍ മങ്ങിമറയുമ്പോള്‍, തന്‍റെ ശിഷ്യന്മാരോടൊത്തു ചരിച്ച ഉത്ഥിതനായ ക്രിസ്തു ഇന്നു നമ്മോടും പറയുന്നു, “യുഗാന്തംവരെ ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” മത്തായി 28, 20.

ഞങ്ങളുടെ പ്രത്യാശ കെട്ടുപോകാതെ, തുണയായ് നില്കുന്ന അങ്ങെ അതിരറ്റ വാത്സല്യത്തിനും വിശ്വസ്തതയ്ക്കും ദൈവമേ, നന്ദി. “സന്ധ്യ മയങ്ങുന്നു, പകല്‍ തീരാറായി. ദൈവമേ, അങ്ങു ഞങ്ങളോടൊത്തു വസിച്ചാലും.” നല്ലയിടയനും ജീവന്‍റെ അപ്പവുമായ ക്രിസ്തുവേ, ഞങ്ങളില്‍ കൃപയുണ്ടാകണമേ. ഞങ്ങളെ പരിപാലിച്ച് സംരക്ഷിക്കണമേ. ജീവിക്കുന്നവരുടെ ദേശത്തെ നിത്യമായ ആനന്ദത്തിലേയ്ക്ക് ഞങ്ങളെയും അങ്ങ് നയിക്കണമേ.
Prepared : nellikal, Radio Vatican








All the contents on this site are copyrighted ©.