2013-05-29 17:23:12

പാപ്പായുടെ വചനസമീക്ഷഃ
ധാര്‍ഷ്ട്യം വെടിഞ്ഞ്
സാന്ദ്രമായ സേവനപാത പുല്‍കണം


29 മെയ് 2013, വത്തിക്കാന്‍
മേല്‍ക്കോയ്മാഭാവം വെടിഞ്ഞ് കുരിശിന്‍റെ സേവനപാത സഭ സ്വീകരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 29-ാം തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതിയായ, വിശുദ്ധ മാര്‍ത്തായുടെ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കുരിശുപേക്ഷിച്ച് അധികാരപ്രമത്തരായി ജീവിക്കാനുള്ള ഇന്നത്തെ പ്രലോഭനത്തെ മറികടന്ന് സഭ എളിമയുടെയും ശുശ്രൂഷയുടെയും മനോഭാവം സ്വീകരിക്കണെന്ന് തന്‍റെ പ്രഭാതബലിയില്‍ പങ്കെടുക്കാനെത്തിയ വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരും, മറ്റു വൈദികരും സന്ന്യസ്തരും അടങ്ങിയ സമൂഹത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു. ജരൂസലേമിലേയ്ക്കുള്ള യാത്രാമദ്ധ്യേ രക്ഷാകര പദ്ധതിയിലെ കഠിനമായ തന്‍റെ പീഡനങ്ങളുടെയും കുരിശുമരണത്തിന്‍റെയും രഹസ്യം ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്ത ക്രിസ്തുവില്‍നിന്നും ശിഷ്യന്മാര്‍, വിശേഷിച്ച് സെബദീ പുത്രന്മാര്‍ യോഹന്നാനും യാക്കോബും ആവശ്യപ്പെട്ടത്, എങ്ങനെ അവിടുത്തെ മഹത്വത്തിന്‍റെ ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കാം എന്നായിരുന്നുവെന്ന്, പാപ്പ സുവിശേഷ ഭാഗത്തെ ആധാരമാക്കി വിവരിച്ചു.

ശിഷ്യന്മാരുടെ ആധികാരസ്ഥാനത്തിനായുള്ള പ്രലോഭനംതന്നെയാണ് മരുഭൂമിയിലെ തന്‍റെ പരീക്ഷണങ്ങളിലും ക്രിസ്തു അനുഭവിച്ചതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുരിശില്ലാത്ത ക്രിസ്തുവിനെ തേടുന്ന ക്രൈസ്തവ ജീവിതം അപൂര്‍ണ്ണമായിരിക്കുന്നതുപോലെ, ക്രിസ്തുവില്ലാത്ത കുരിശും വികലമായ ആത്മീയതയാണെന്നു വ്യക്തമാക്കിയ പാപ്പ, രക്തസാക്ഷിത്വവും സഹനവും പീഡനങ്ങളും ക്രിസ്തുവിന്‍റെ കുരിശുമാണ് സഭയ്ക്ക് എന്നും അടിസ്ഥാനമാകേണ്ടതെന്നും, ഭരണസംവിധാനങ്ങളുടെ ചിട്ടവട്ടങ്ങളും ക്രമീകരണങ്ങളും മാത്രമുള്ള സഭ, അധികാര പ്രമത്തതയിലും പ്രൗഢിയിലും മുഴുകിപ്പോകാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ദൈവം നമുക്ക് ധാരാളം കൃപാവരങ്ങള്‍ നല്കുന്നുണ്ടെന്നും, അവ നാം ഉദ്ദേശിക്കുന്ന വിധത്തിലായിരിക്കണമെന്നില്ല്, മറിച്ച് അവിടുത്തെ പദ്ധതിയിലും രീതിയിലുമായിരിക്കുമെന്നും പാപ്പ തന്‍റെ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തമാക്കി.
Reported : nellikal, Sedoc








All the contents on this site are copyrighted ©.