2013-05-28 16:10:19

മാഫിയയ്ക്കെതിരേ മാര്‍പാപ്പയുടെ രൂക്ഷവിമര്‍ശനം വിസ്മയാവഹമെന്ന് ബിഷപ്പ് ബെര്‍ത്തൊലോനെ


28 മെയ് 2013, വത്തിക്കാന്‍
മാഫിയാക്കാര്‍ക്കെതിരേ മാര്‍പാപ്പ നടത്തിയ രൂക്ഷ വിമര്‍ശനം വിസ്മയാവഹമാണെന്ന് ഇറ്റലിയിലെ കത്താന്‍സറോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സോ ബെര്‍ത്തൊലോനെ. മാഫിയാക്കാര്‍ വധിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ.പിനോ പുലീസിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം അനുസ്മരിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാഫിയാ പ്രവര്‍ത്തനത്തിനെതിരേ ആഞ്ഞടിച്ചത്. മനുഷ്യസഹോദരങ്ങളെ അടിമകളാക്കി ചൂഷണം ചെയ്യുന്ന അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. അധോലോക ബന്ധമുള്ള സ്ത്രീപുരുഷന്‍മാരോട് മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയാന്‍ ആവശ്യപ്പെട്ട പാപ്പ അവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
മാര്‍പാപ്പയുടെ വാക്കുകള്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുവെന്ന് വാഴ്ത്തപ്പെട്ട പിനോ പുലീസിയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സോ ബെര്‍ത്തൊലോനെ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. 1993 മെയ് 9ന് പലേര്‍മോയില്‍ അര്‍പ്പിക്കപ്പെട്ട ഒരു സമൂഹദിവ്യബലി മധ്യേ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സമാനമായ ഒരു ആഹ്വാനം നടത്തിയിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ത്തൊലോനെ അനുസ്മരിച്ചു. മാനസാന്തരം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഒന്നാണ്. ഹൃദയപരിവര്‍ത്തനം ആത്മീയമായ ഒരുകാര്യം മാത്രമല്ല, അതിനൊരു സാമൂഹ്യ തലം കൂടിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ മാനസാന്തരം ഒരു വ്യക്തിയെ പുനരുദ്ധരിക്കുകയും നവസൃഷ്ടിയായി മാറ്റുകയും ചെയ്യുന്നു. സുവിശേഷത്തിന്‍റെ കരുത്താണത്. ‘മാനസാന്തരപ്പെടുവിന്‍’ എന്ന വാക്കുകളില്‍ മുഴങ്ങുന്നത് ഉത്ഥാനത്തിനുവേണ്ടിയുള്ള തീവ്രാഭിലാഷമാണെന്നും ആര്‍ച്ചുബിഷപ്പ് ബെര്‍ത്തലോന അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.