2013-05-27 15:00:41

ബന്ധികളാക്കപ്പെട്ട മെത്രാപ്പോലീത്തമാരുടെ മോചനത്തിനായി കര്‍ദിനാള്‍ സാന്ദ്രിയുടെ അഭ്യര്‍ത്ഥന


27 മെയ് 2013, സാഹലേ
സിറിയയില്‍ ബന്ധികളാക്കപ്പെട്ട ഓര്‍ത്തഡോക്സ് മെത്രാന്‍മാരുടെ മോചനത്തിനു വേണ്ടി പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദ്രോ സാന്ദ്രി അഭ്യര്‍ത്ഥിക്കുന്നു. ലെബനോണില്‍ സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ സാന്ദ്രി മെയ് 26ന് സാഹലേയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് തിരോധാനം ചെയ്ത മെത്രാപ്പോലീത്താമാരെ അനുസ്മരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. മെല്‍ക്കൈറ്റ്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, മറോണിത്ത, തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങളും വ്യത്യസ്ത കത്തോലിക്കാ റീത്തുകളിലെ വിശ്വാസികളും ഒത്തൊരുമയോടെ ജീവിക്കുന്ന ലെബനീസ് ക്രൈസ്തവ സമൂഹത്തിന്‍റെ ഐക്യം ലെബനോണിന്‍റെ ദേശീയ ഐക്യത്തിനുതന്നെ പ്രചോദനമാണെന്ന് കര്‍ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു. ലെബനീസ് യുവജനങ്ങളോടും കത്തോലിക്കാ സന്നദ്ധപ്രവര്‍ത്തകരോടും കൂടിക്കാഴ്ച്ച നടത്തിയ കര്‍ദിനാള്‍ അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലായ്പ്പോഴും പറയുന്നതുപോലെ ‘ക്രിസ്തുവിന്‍റെ ശരീരം തൊട്ടറിയുന്നവരാണ്’ അവരെന്ന് അദ്ദേഹം പറഞ്ഞു.
ലെബനോണ്‍ സന്ദര്‍ശനത്തിനു ശേഷം ജോര്‍ദാനിലേക്ക് യാത്രയാകുന്ന കര്‍ദിനാള്‍ ജൂണ്‍ ഒന്നിന് വത്തിക്കാനിലേക്ക് മടങ്ങും.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.