2013-05-23 20:15:04

ഉപ്പും ഉറയുമാകേണ്ടതാണ്
ക്രൈസ്തവ ജീവിതമെന്ന് പാപ്പാ


23 മെയ് 2013, വത്തിക്കാന്‍
ക്രൈസതവര്‍ ജീവിതത്തിന്‍റെ ഉപ്പും ഉറയുമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 23-ാം തിയതി വ്യാഴ്ച രാവിലെ വിശുദ്ധ മാര്‍ത്തായുടെ നാമത്തിലുള്ള പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്. ഉപ്പ് വളരെ ലളിതമായ പദാര്‍ത്ഥമാണെങ്കിലും അതിന് മറ്റു വസ്തുക്കള്‍ക്ക് രുചി പകരാനും, അവയെ രൂപപ്പെടുത്താനും കഴിവുണ്ടെന്നും, എന്നാല്‍ വെറുതെ അടച്ചു പൂട്ടിവയ്ക്കുകയാണെങ്കില്‍ അത് ഉറകെട്ട് ഉപയോഗശൂന്യമായി തീരുമെന്നും സുവിശേഷത്തെ ആധാരമാക്കി പാപ്പ സമര്‍ത്ഥിച്ചു.
ജീവിതത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്ന നന്മയുടെ ഉപ്പ് ഉറകെട്ടുപോകാതെ, മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും, പകര്‍ന്നു നല്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ സുവിശേഷാധിഷ്ഠിതമായി രൂപാന്തരപ്പെടുത്തേണ്ടത് ക്രൈസ്തവ ധര്‍മ്മമാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. ഉപ്പ് അതിന്‍റെതന്നെ രസം വെളിപ്പെടുത്താതെ മറ്റുള്ളവയെ സ്വാദിഷ്ടമാക്കുന്നുവെന്നും, എപ്പോഴും ഒളിഞ്ഞിരിക്കുന്ന എളിയ ഭാവം ക്രൈസ്തവ ജീവിതത്തിന് അഭികാമ്യമാണെന്ന് പാപ്പ ചൂണ്ടിക്കാട്ട.
ജ്ഞാനസ്നാനത്തിലും സ്ഥൈര്യലേപനത്തിലും നാം സ്വീകരിച്ച വിശ്വസത്തിന്‍റെ ഉപ്പ് സമൂഹജീവിത്തില്‍ നന്മയുടെ രാസത്വരകമാവുകയും, എന്തിനെയും ഏതിനെയും നന്മയിലും സ്നേഹത്തിലും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു, അത് വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും പുണ്യങ്ങള്‍ ലോകത്തു പരത്തുന്നുവെന്ന്, തന്‍റെ ദിവ്യബലിയില്‍ പങ്കെടുത്ത വത്തിക്കാന്‍റെ പൗരസ്ത്യസഭകളുടെ കാര്യാലയത്തിലെ വൈദികരെയും പ്രവര്‍ത്തകരെയും ഉദ്ബോധിപ്പിച്ചു.
ലെബനോണിലെ മാരൊനൈറ്റ സഭാ തലവന്‍ പാത്രിയര്‍ക്കിസ് ബഷാരെരായ്, കര്‍ദ്ദിനാള്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലെ സൊഡാനോ, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി എന്നിവര്‍ പാപ്പായുടെ സഹകാര്‍മ്മികരായിരുന്നു.
sedoc








All the contents on this site are copyrighted ©.