2013-05-22 20:39:59

വത്തിക്കാന്‍ റേഡിയോ മ്യൂസിയം
മാര്‍ക്കോണി മന്ദിരത്തില്‍


22 മെയ് 2013, വത്തിക്കാന്‍
ചരിത്ര സ്മരണകളുയര്‍ത്തുന്ന മൂന്നു പ്രദര്‍ശനങ്ങള്‍ വത്തിക്കാന്‍ റേഡിയോ ആസ്ഥാനത്ത് ആരംഭിച്ചു.

മെയ് 21-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡിക്ക് താക്കോല്‍ നല്കിക്കൊണ്ടാണ് വത്തിക്കാന്‍ റേഡിയോയുടെ, വത്തിക്കാന്‍ തോട്ടത്തിലുള്ള പ്രഥമവും പുരാതനവുമായ ആസ്ഥാനത്ത് റേഡിയോ സാങ്കേതികതയുടെ അപൂര്‍വ്വ ചരിത്ര ശേഖരങ്ങളുടെ പ്രദര്‍ശനത്തിന് ആരംഭംകുറിച്ചത്. 1931-ല്‍ ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പിയൂസ് പാപ്പായുടെ കാലത്ത് റേഡിയോയുടെ ഉപജ്ഞാതാവായ മാര്‍ക്കോണി തന്നെ തുടങ്ങിവച്ച
ഇലക്ട്രോ-മാഗ്നറ്റിക്ക് സാങ്കേതികത മുതല്‍ ഇന്ന് വത്തിക്കാന്‍ റോഡിയോ ഉപയോഗിക്കുന്ന മാറ്റ്ട്രിക്സ് ടെക്നോളജിവരെയുള്ള പ്രക്ഷേപണ ഉപകരണങ്ങളുടെ - മൈക്രോഫോണുകളുടെയും, പ്രസരിണികളുടെയും, ശബ്ദലേഖന സാങ്കേതികതയുടെയുടെയും പ്രദര്‍ശനമാണ് മൂന്നു വ്യത്യസ്ത വിഭാഗളായി സംവിധാനം ചെയ്തിരിക്കുന്നതെന്ന് വത്തിക്കാന്‍ റേഡിയോ വക്താവ് ഇസബെല്ലാ പീറോ പ്രസ്താവിച്ചു.

മാര്‍ക്കോണി നേതൃത്വം നല്കിയ പ്രഥമ പ്രക്ഷേപണത്തിന്‍റെ ചിത്രം മുതല്‍
80 വര്‍ഷക്കാലം വിവിധ പാപ്പാമാര്‍ പങ്കെടുത്ത ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങളും, ചലച്ചിത്ര ശകലങ്ങളും, റേഡിയോ സാങ്കേതികത വിവിരിക്കുന്ന അത്യാധുനിക ത്രിമാന ചലച്ചിത്രവും പ്രദര്‍ശനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

വത്തിക്കാന്‍ ഗവര്‍ണറേറ്റ് സംവിധാനം ചെയ്തിരിക്കുന്ന ഗൈഡഡ് ടൂറിലൂടെയും, www.radiovatican.va/museo എന്ന ഇറ്റര്‍നെറ്റ് സംവിധാനത്തിലൂടെയും വത്തിക്കാന്‍ റേഡിയോയുടെ പ്രദര്‍ശനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇസബെല്ലാ പീറോ അറിയിച്ചു.









All the contents on this site are copyrighted ©.