2013-05-21 16:48:52

എളിമയാര്‍ന്ന പ്രാര്‍ത്ഥന അത്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മാര്‍പാപ്പ


21 മെയ് 2013, വത്തിക്കാന്‍
എളിമയാര്‍ന്നതും ദൃഢനിശ്ചയത്തോടുകൂടിയതുമായ പ്രാര്‍ത്ഥന അത്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 20ന് രാവിലെ 7 മണിക്ക് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. പതിവുപോലെ, ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ കേന്ദ്രമാക്കിയായിരുന്നു മാര്‍പാപ്പയുടെ വിചിന്തനം.
അപ്പസ്തോലന്‍മാര്‍ക്ക് സുഖപ്പെടുത്താന്‍ സാധിക്കാതിരുന്ന രോഗിയായ ഒരു ബാലനെ അവന്‍റെ പിതാവ് ക്രിസ്തുവിന്‍റെ പക്കല്‍ കൊണ്ടുവരുകയും ക്രിസ്തു അവനെ സുഖപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് (മാര്‍ക്കോസ് 9:14-29) സുവിശേഷപാരായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നത്. തന്‍റെ ശിഷ്യരുടെ വിശ്വാസരാഹിത്യത്തെ യേശു കുറ്റപ്പെടുത്തിയ സന്ദര്‍ഭം കൂടിയായിരുന്നത്.

“വിശ്വസിക്കുന്നവന് എല്ലാം സാധ്യമാണെന്ന്” രോഗിയായ ആ ബാലന്‍റെ പിതാവിനോട് യേശു പ്രസ്താവിച്ചു. യേശുവിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ക്ക് അവിടുന്നില്‍ വിശ്വസിക്കാനും തങ്ങളെത്തന്നെ പൂര്‍ണ്ണമായി ക്രിസ്തുവില്‍ അര്‍പ്പിക്കാനും പ്രയാസമുണ്ടാകില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
“പിന്നെ എന്തുകൊണ്ടാണ് ഈ അവിശ്വാസം?” നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിലേക്ക് പൂര്‍ണ്ണമായും തുറക്കാത്തതാണ് അതിനു കാരണമായി താന്‍ കരുതുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. എല്ലാം നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് കരുതി ഹൃദയം അടച്ചുവയ്ക്കുമ്പോഴാണ് വിശ്വാസരാഹിത്യം ഉടലെടുക്കുന്നത്. എല്ലാം ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കാന്‍ നാം തയ്യാറാകണം.
ആ ബാലനില്‍ നിന്ന് അശുദ്ധാത്മാവിനെ ഒഴിപ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കാതിരുന്നതെന്താണെന്ന അപ്പസ്തോലന്‍മാരുടെ ചോദ്യത്തിന് “പ്രാര്‍ത്ഥന കൊണ്ടു മാത്രമേ ഈ വര്‍ഗം പുറത്തുപോവുകയുള്ളൂ” എന്നായിരുന്നു യേശുവിന്‍റെ മറുപടി

ചെറിയ തോതിലുള്ള അവിശ്വാസം നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ ഉണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതിശക്തമായ പ്രാര്‍ത്ഥന നമുക്കാവശ്യമാണ്. ദൃഢനിശ്ചയത്തോടും എളിമയോടും കൂടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പ്രാര്‍ത്ഥനയിലൂടെ നടക്കുന്ന അത്ഭുതങ്ങള്‍ക്ക് ഉദാഹരണമായി അര്‍ജന്‍റീനയില്‍ ഉണ്ടായ ഒരു സംഭവം മാര്‍പാപ്പ വിവരിച്ചു. രോഗബാധിതയായ ഒരു ഏഴുവയസുകാരി പെണ്‍കുട്ടിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ജീവിച്ചിരിക്കൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ആ പെണ്‍കുട്ടിയുടെ അച്ഛന്‍ സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യനായിരുന്നു, നല്ലൊരു ദൈവിശ്വാസിയായിരുന്നു അയാള്‍. പക്ഷെ അത്തരമൊരു പ്രതിസന്ധിയില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ആ ആച്ഛന്‍റെ പെരുമാറ്റം ഭ്രാന്തമായിരുന്നു. ഉടനടി ഒരു ബസില്‍ കയറി അയാള്‍ 70 കിലോമീറ്റര്‍ ദൂരെയുള്ള ലൂഹാന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി. രാത്രി ഒന്‍പതുമണിയോടെ അയാള്‍ അവിടെയെത്തുമ്പോള്‍ തീര്‍ത്ഥാടന കേന്ദ്രം അടച്ചുകഴിഞ്ഞിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഇരുമ്പുഗേറ്റില്‍ മുറുക്കെ പിടിച്ചുകൊണ്ട് അയാള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഏങ്ങലടിച്ചു കരഞ്ഞും പ്രാര്‍ത്ഥിച്ചും ആ രാത്രി മുഴുവന്‍ അയാള്‍ തള്ളിനീക്കി. തനിക്കും തന്‍റെ മകള്‍ക്കും വേണ്ടി ദൈവത്തോട് മല്ലിടുകയായിരുന്നു ആ സാധുമനുഷ്യന്‍. അതിരാവിലെ 6 മണിക്ക് അയാള്‍ അവിടെ നിന്ന് യാത്രയായി. ഒന്‍പതു മണിയോടെ ആശുപത്രിയിലെത്തിയ അയാള്‍ കണ്ടത് പൊട്ടിക്കരയുന്ന ഭാര്യയേയാണ്. തന്‍റെ മകള്‍ എന്നന്നേക്കുമായി തങ്ങളെ പിരിഞ്ഞുവെന്നു കരുതിയ അയാള്‍ ഭാര്യയോട് ചോദിച്ചു, “എന്തു പറ്റി?”... ഭാര്യ പറഞ്ഞു:.”ഡോക്ടര്‍മാര്‍ പറഞ്ഞു മോളുടെ പനിമാറിയെന്ന്. അവളുടെ ശ്വാസോച്ഛാസവും സാധാരണ ഗതിയിലായി. നമ്മുടെ മോള്‍ക്കൊന്നുമില്ല, രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവര്‍ക്കു മനസിലാകുന്നില്ലത്രേ എന്താണ് സംഭവിച്ചതെന്ന്!”….അത്ഭുതങ്ങള്‍ സംഭവിക്കുന്നു – മാര്‍പാപ്പ പറഞ്ഞു.

അത്ഭുതങ്ങള്‍ക്കായി ധീരമായ പ്രാര്‍ത്ഥന അനിവാര്യമാണ്. പ്രാര്‍ത്ഥന ഒരു ഔപചാരികതയായി കാണരുതെന്നും മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു. പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം ഒരു സ്വര്‍ഗസ്ഥനായ പിതാവും. ഒരു നന്‍മ നിറഞ്ഞ മറിയവും ഒരു ത്രിത്വ സ്തുതിയും ചൊല്ലി പ്രാര്‍ത്ഥിച്ച് അവസാനിപ്പിക്കുന്നവരുണ്ട്. അതിനുശേഷം അക്കാര്യം പൂര്‍ണ്ണമായും മറന്നു കളയുന്നു....ഇത്തരം മനോഭാവം ശരിയല്ല. അത് ധീരമായ പ്രാര്‍ത്ഥനയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
ഒരു നഗരത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച അബ്രാഹവും, ശത്രുസൈന്യം തന്‍റെ ജനത്തെ പരാജയപ്പെടുത്താതിരിക്കാനായി, പരിക്ഷീണനായിട്ടും കരങ്ങള്‍ താഴ്ത്താന്‍ തയ്യാറാകാതെ പ്രാര്‍ത്ഥന തുടര്‍ന്ന മോശയും വിശ്വാസത്തോടെയാണ് പ്രാര്‍ത്ഥിച്ചത്. അത്രമാത്രം തീവ്രമായ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന നിരവധിപേരുണ്ട്. പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കും. “കര്‍ത്താവേ ഞാനങ്ങില്‍ വിശ്വസിക്കുന്നു. എന്‍റെ അവിശ്വാസത്തില്‍ അങ്ങ് സഹായിക്കേണമേ” എന്ന മനോഹരമായ പ്രാര്‍ത്ഥന ദിവസവും പലതവണ ആവര്‍ത്തിക്കുന്നത് നന്നായിരിക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. തന്‍റെ പ്രാര്‍ത്ഥനയാണിതെന്നും പാപ്പ വെളിപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.