2013-05-21 16:48:40

അധികാരത്തിനല്ല , ശുശ്രൂഷിക്കാനാണ് മത്സരിക്കേണ്ടത്: മാര്‍പാപ്പ


21 മെയ് 2013, വത്തിക്കാന്‍
ക്രിസ്തുവിനെപ്പോലെ സ്വയം താഴുമ്പോഴാണ് ഒരു ക്രിസ്ത്യാനി ഉയര്‍ത്തപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 21ന് രാവിലെ 7 മണിക്ക് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വത്തിക്കാന്‍ റേഡിയോയിലെ ഏഷ്യന്‍ വിഭാഗം ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മാര്‍പ‍ാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുത്തു. പതിവുപോലെ, ദിവ്യബലി മധ്യേ വായിച്ച സുവിശേഷ ഭാഗത്തെ (മാര്‍ക്കോസ് 9:30-37) കേന്ദ്രമാക്കിയാണ് മാര്‍പാപ്പ വിചിന്തനം നല്‍കിയത്.
യേശു തന്‍റെ പീഡാനുഭവത്തേയും ഉത്ഥാനത്തേയും കുറിച്ച് പ്രവചനം നടത്തുമ്പോള്‍ അതു ഗ്രഹിക്കാന്‍ ശിഷ്യന്‍മാര്‍ക്ക് സാധിക്കുന്നില്ല. കാരണം തങ്ങളില്‍ വലിയന്‍ ആരാണെന്ന തര്‍ക്കത്തിലായിരുന്നു അവര്‍. സുവിശേഷകന്‍ വിവരിക്കുന്ന ദുഃഖകരമായ ഈ സംഭവം അധികാരവും ശുശ്രൂഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിചിന്തനം നടത്താന്‍ നമുക്ക് പ്രചോദനമേകുന്നു. സഭയിലെ അധികാര വടംവലി ഇക്കാലത്തൊന്നും ആരംഭിച്ചതല്ല, ക്രിസ്തുവിന്‍റെ കാലത്തു തന്നെ അത് പ്രകടമായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള മത്സരം ഉണ്ടായിക്കൂടെന്നാണ് ക്രിസ്തു ഉത്ബോധിപ്പിക്കുന്നത്. ശുശ്രൂഷയാണ് യഥാര്‍ത്ഥ അധികാരമെന്ന് ക്രിസ്തു സ്വജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശു മരണത്തോളം സ്വയം താഴ്ത്താന്‍ ക്രിസ്തു തയ്യാറായി. ക്രിസ്തുവിന്‍റെ ഈ മാതൃക അനുകരിച്ചുകൊണ്ടു മാത്രമേ ഒരു ക്രൈസ്തവന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ക്രിസ്തുവിന്‍റെ ഈ കല്‍പന മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവിടുത്തെ സുവിശേഷവും ദുര്‍ഗ്രാഹ്യമായിരിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

എല്ലായ്പ്പോഴും ശുശ്രൂഷാ മനോഭാവത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവര്‍. ഒരാള്‍ എത്രമാത്രം ഉയര്‍ത്തപ്പെടുന്നോ അത്രമാത്രം ശുശ്രൂഷിക്കുകയും വേണം, മറ്റുള്ളവരെ ശുശ്രൂഷിക്കാനാണ് അയാള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഇതാണ് ക്രൈസ്തവ നിയമമെങ്കിലും അധികാര മോഹം ആരംഭകാലം മുതലേ സഭയില്‍ പ്രകടമായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. “അവന് ഉയര്‍ന്നസ്ഥാനം ലഭിച്ചു” “അവള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി” എന്നൊക്കെ പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തപ്പെടുന്നത് കുരിശിലേക്കും സഹനത്തിലേക്കുമാണ്. അതാണ് യഥാര്‍ത്ഥ അഭ്യുന്നതി. കാരണം അങ്ങനെയാണ് നാം ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെടുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.