2013-05-20 15:30:58

ഫ്രാന്‍സിസ് മാര്‍പാപ്പ ഉപവിയുടെ സഹോദരിമാരുടെ ഭവനം സന്ദര്‍ശിക്കുന്നു


20 മെയ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ആലംബഹീനര്‍ക്ക് സാന്ത്വനമേകാനെത്തുന്നു. മദര്‍ തെരേസ സ്ഥാപിച്ച ഉപവിയുടെ സഹോദരിമാര്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ വത്തിക്കാനിലുള്ള “മറിയത്തിന്‍റെ ദാനം”(Dono di Maria) എന്ന കാരുണ്യാലയത്തിലേക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വന കരസ്പര്‍ശമെത്തുന്നത്. മെയ് 21ന് വൈകീട്ട് 5.30ന് ഉപവിയുടെ സഹോദരിമാരുടെ കാരുണ്യാലയത്തിലെത്തുന്ന മാര്‍പാപ്പയെ മഠത്തിലെ സുപ്പീരിയര്‍ സി.മിക്കേല സ്വീകരിക്കും. ഉപവിയുടെ സഹോദരിമാരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം ഈ സഹോദരിമാരുടെ ശുശ്രൂഷ സ്വീകരിക്കുന്ന വ്യക്തികളുമായി മാര്‍പാപ്പ കുറച്ചു സമയം ചിലവഴിക്കും. അഗതികള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ഉപവിയുടെ സഹോദരിമാര്‍ നടത്തുന്ന ശുശ്രൂഷയില്‍ പങ്കാളികളാകുന്ന സന്നദ്ധസേവകരുമായും പാപ്പ തദവസരത്തില്‍ കൂടിക്കാഴ്ച്ച നടത്തും.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ അഭ്യര്‍ത്ഥന പ്രകാരം ഉപവിയുടെ സഹോദരിമാര്‍ക്ക് ഈ ഭവനം സമ്മാനിച്ചതിന്‍റെ രജതജൂബിലി വേളയിലാണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം. 1988 മെയ് 21നാണ് “മറിയത്തിന്‍റെ ദാനം”(Dono di Maria) എന്ന കാരുണ്യാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സന്ദര്‍ശിച്ചിട്ടുള്ള ഈ ഭവനത്തിലേക്ക് ഫ്രാന്‍സിസ് പാപ്പ നടത്തുന്ന പ്രഥമ സന്ദര്‍ശനമാണിത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.