2013-05-20 15:30:04

ആഞ്ചല മെര്‍ക്കല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു


20 മെയ് 2013, വത്തിക്കാന്‍
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മെയ് 18ന് രാവിലെ 11 മണിക്കാണ് മാര്‍പാപ്പ ജര്‍മന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംബെര്‍ത്തിയുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
പരിശുദ്ധ സിംഹാസനവും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെക്കുറിച്ചും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ ചരിത്രത്തെക്കുറിച്ചും മാര്‍പാപ്പയും മെര്‍ക്കലും സംസാരിച്ചു. ഇരുരാഷ്ട്രങ്ങള്‍‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സാമൂഹ്യവും സാമ്പത്തികവും മതപരവുമായ വിഷയങ്ങളെക്കുറിച്ച് കൂടിക്കാഴ്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. മനുഷ്യാവകാശ സംരക്ഷണം, ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍, മതസ്വാതന്ത്ര്യം, സമാധാനത്തിനുവേണ്ടുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരുക്കൂട്ടരും സംസാരിച്ചു.
യൂറോപ്യന്‍ സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചും ലോകസമൂഹത്തോട് യൂറോപ്പിനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. മനുഷ്യാന്തസ്സ് ആദരിക്കുന്നതും ഐക്യദാര്‍ഡ്യത്തിലും കീഴ്ഘടകശാക്തീകരണത്തിലും(Subsidiarity) കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥിതി രൂപീകരിക്കുന്നതിന് സാമൂഹ്യവും മതപരവുമായ ഘടകങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ സംസാര വിഷയമായെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.