2013-05-17 16:06:11

മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ദൈവജനത്തിന്‍റെ പ്രാര്‍ത്ഥന ആവശ്യമെന്ന് മാര്‍പാപ്പ


16 മെയ് 2013, വത്തിക്കാന്‍
മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും വേണ്ടി വിശ്വാസസമൂഹം പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 15ന് രാവിലെ 7 മണിക്ക് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വത്തിക്കാന്‍ റേഡിയോ ജീവനക്കാരാണ് ബുധനാഴ്ച രാവിലെ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിച്ചത്. പതിവുപോലെ, ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ കേന്ദ്രമാക്കിയായിരുന്നു മാര്‍പാപ്പയുടെ വിചിന്തനം.
എഫോസോസിലെ സഭാ ശ്രേഷ്ഠന്‍മാരോട് വി.പൗലോസ് അപ്പസ്തോലന്‍ നടത്തുന്ന ആഹ്വാനമായിരുന്നു (അപ്പസ്തോലന്‍മാരുടെ നടപടിപുസ്തകം 20:28-38) ഒന്നാം വായനയിലെ പ്രതിപാദ്യം. അജഗണം മുഴുവനെപ്പറ്റിയും ജാഗരൂകരായിക്കുവാനും ക്രൂരരായ ചെന്നായ്ക്കളില്‍ നിന്നും ദൈവത്തിന്‍റെ സഭയെ സംരക്ഷിക്കാനും വി.പൗലോസ് അപ്പസ്തോലന്‍ സഭയിലെ ശ്രേഷ്ഠരോട് ആവശ്യപ്പെടുന്നു. പുതിയ നിയമഗ്രന്ഥങ്ങളിലെ അതിമനോഹരമായ ഈ വചനഭാഗത്ത് അജപാലനപരമായ സ്നേഹവാത്സല്യം പൂര്‍ണ്ണമായും പ്രകടമാകുന്നുവെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. മെത്രാനും ദൈവജനവും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മെത്രാന്‍മാരും വൈദികരും ദൈവജനത്തിന്‍റെ ശുശ്രൂഷയ്ക്കും അവരെ കാത്തുസംരക്ഷിക്കാനും കടപ്പെട്ടവരാണെന്ന് മാര്‍പാപ്പ പറഞ്ഞു.
മെത്രാന്‍മാരും വൈദികരും തങ്ങള്‍ക്കുതന്നെ വേണ്ടി ജീവിക്കാതെ ദൈവജനത്തിനുവേണ്ടി ജീവിക്കേണ്ടവരാണ്. ദൈവജനത്തിന്‍റെ ശുശ്രൂഷയ്ക്കുവേണ്ടി പൂര്‍ണ്ണമായി സ്വയംസമര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ അജപാലനകര്‍മ്മം നിറവേറ്റേണ്ടവരാണവര്‍. ചെന്നായ്ക്കളുടെ പിടിയില്‍നിന്ന് ദൈവജനത്തെ അവര്‍ കാത്തുസംരക്ഷിക്കണം. മെത്രാനും വിശ്വാസസമൂഹവും തമ്മിലുള്ള ബന്ധം ഇങ്ങനെ മനോഹരമായി മുന്നേറുമ്പോള്‍ അതൊരു സ്നേഹക്കൂട്ടായ്മയായിത്തീരുകയും അങ്ങനെ സഭയുടെ ഐക്യം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.
മെത്രാനും ദൈവജനവും തമ്മിലുള്ള ബന്ധം അസ്തിത്വപരവും കൂദാശാപരവുമാണ്. “ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്”എന്ന് മാര്‍പാപ്പ പറഞ്ഞു. കാരണം, മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും പ്രലോഭനങ്ങളുണ്ടായേക്കാം. മെത്രാന്‍മാരും വൈദികരും ധാരാളം പ്രാര്‍ത്ഥിക്കുന്നവരായിരിക്കണമെന്നും മാര്‍പാപ്പ വിശദീകരിച്ചു. ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണ് അവര്‍. രക്ഷാകര രഹസ്യത്തെക്കുറിച്ച് സുധീരം പ്രഘോഷിക്കാന്‍ അവര്‍ക്കു സാധിക്കണം. എന്നാല്‍ അവരും പാപികളായ മനുഷ്യരാണ്, പ്രലോഭനങ്ങള്‍ അവര്‍ക്കും ഉണ്ടായേക്കാം അതിനാല്‍ അവര്‍ക്കും പ്രാര്‍ത്ഥന ആവശ്യമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.
മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഉണ്ടാകാനിടയുള്ള പ്രലോഭനങ്ങളെക്കുറിച്ചും മാര്‍പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. എസെക്കിയേല്‍ പ്രവാചകന്‍റെ വാക്കുകള്‍ വ്യാഖ്യാനിച്ചുകൊണ്ട് വി.അഗസ്റ്റിന്‍ പറയുന്ന രണ്ട് പ്രലോഭനങ്ങള്‍ ധനത്തോടുള്ള ആസക്തിയും അഹംഭാവവുമാണ്(vanity). ദൈവജനത്തെ സ്വന്തം അഭീഷ്ടത്തിനായി ഉപയോഗിക്കുന്ന മെത്രാനും വൈദികനും ദൈവജനത്തിന്‍റെ ശുശ്രൂഷകരല്ല, ജനത്തിനുവേണ്ടിയുള്ളവരല്ല അവര്‍. അങ്ങനെയുള്ളവര്‍ സ്വന്തം ആട്ടിന്‍പ്പറ്റത്തെ കൊന്നു ഭക്ഷിക്കുന്ന ഇടയന് സദൃശ്യരാണ്.
പണത്തിനുപിന്നാലെ പോകുന്ന മെത്രാനേയോ വൈദികനേയോ ജനം സ്നേഹിക്കുകയില്ല. നിത്യവൃത്തിക്കായി സ്വന്തം കരങ്ങള്‍കൊണ്ട് അദ്ധ്വാനിച്ചുവെന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബാങ്ക് ബാലന്‍സൊന്നുമില്ലാതിരുന്ന അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടയാണ് നിത്യവൃത്തി കഴിച്ചത്.
അഹംഭാവികളായ മെത്രാന്‍മാരെയും വൈദികരെയും ജനം സ്നേഹിക്കില്ല. അധികാരവും സ്ഥാനമാനങ്ങളും നേടാന്‍ ആഗ്രഹിക്കുന്ന അത്തരക്കാര്‍ സഭയ്ക്ക് ഏറെ ദോഷം ചെയ്യുന്നു. സ്വന്തം അധികാരവും സ്ഥാനവും മറ്റുള്ളവരെ കാണിച്ച് സംതൃപ്തിപ്പെടുന്നവര്‍ സ്വയം കോമാളികളായിത്തീരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. അങ്ങനെയുള്ളവരെ ജനം ഇഷ്ടപ്പെടുന്നില്ല.
അജപാലകരായ തങ്ങള്‍ എളിമയുള്ളവരും ശാന്തശീലരും ആയിരിക്കുന്നതിനും ദാരിദ്ര്യാരൂപിയില്‍ ജീവിച്ചുകൊണ്ട് ദൈവജനത്തെ ശുശ്രൂഷിക്കുന്ന നല്ലിടയരായിരിക്കുന്നതിനും വേണ്ടി വിശ്വാസസമൂഹം പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളിലെ 20ാം അദ്ധ്യായം 28 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍ (“നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നിങ്ങള്‍. എന്‍റെ വേര്‍പാടിനു ശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതേ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ച് തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും”) വായിച്ചു ധ്യാനിക്കണമെന്നും തങ്ങളുടെ അജപാലകര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ വിശ്വാസസമൂഹത്തെ ഉത്ബോധിപ്പിച്ചു. തങ്ങളെത്തന്നെയും തങ്ങളുടെ അജഗണത്തേയും കാത്തുപാലിക്കുന്ന വിശ്വസ്തരായ ഇടയരായിരിക്കുവാന്‍ വിശ്വാസസമൂഹത്തിന്‍റെ പ്രാര്‍ത്ഥന അവര്‍ക്കാവശ്യമാണ്. ധനാസക്തിയുടേയും അഹംഭാവത്തിന്‍റേയും പാതയിലൂടെ സഞ്ചരിച്ചാല്‍ അവര്‍ ഇടയന്‍മാര്‍ക്കു പകരം ചെന്നായ്ക്കളായി മാറും. അതിനാല്‍ അവര്‍ പ്രലോഭനങ്ങളില്‍ വീണുപോകാതെ കര്‍ത്താവ് അവരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസസമൂഹത്തെ ഒരിക്കല്‍ കൂടി ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.