2013-05-16 16:23:22

തീവ്രവാദത്തിനെതിരേ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് അണിനിരക്കണമെന്ന് വത്തിക്കാന്‍


15 മെയ് 2013, ന്യൂയോര്‍ക്ക്
തീവ്രവാദത്തിനെതിരേ ലോക രാഷ്ട്രങ്ങള്‍ ഒരുമിച്ച് അണിനിരക്കണമെന്ന് യു.എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസീസി ചുള്ളിക്കാട്ട്. ആഫ്രിക്കയിലെ തീവ്രവാദ പ്രതിരോധ രംഗത്തെ വെല്ലുവിളികളെക്കുറിച്ച് യു,എന്‍ സുരക്ഷാസമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 13ന് ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കു തടയിടാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാന്തസിനും മാനവികതയ്ക്കും മുറിവേല്‍പ്പിക്കുന്നു. മനുഷ്യജീവനുനേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളെ മതത്തിന്‍റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. മതപരമായ തീവ്രവാദത്തിനെതിരേ അതിശക്തമായ നിലപാടാണ് വത്തിക്കാന്‍ സ്വീകരിച്ചിട്ടുള്ളത്. തീവ്രവാദികളുടെ കപട പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരേ മതനേതാക്കള്‍ രംഗത്തുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീവ്രവാദത്തിനിരയാകുന്നവര്‍ക്കുവേണ്ടിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും. തീവ്രവാദത്തിന്‍റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അക്രമത്തെ കൂടുതല്‍ അക്രമം കൊണ്ടു നേരിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ആര്‍ച്ചുബിഷപ്പ് തീവ്രവാദി ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രാദേശിക സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തീവ്രവാദത്തെ ചെറുക്കാന്‍ അനുയോജ്യമായ സാമൂഹ്യ സാഹചര്യം പടുത്തുയര്‍ത്തേണ്ടത് സുപ്രധാനമാണ്. രാഷ്ട്രങ്ങളും ജനസമൂഹങ്ങളും സമുദായങ്ങളും വംശീയ വിഭാഗങ്ങളും തമ്മില്‍ സൗഹാര്‍ദബന്ധം വളര്‍ത്തിയെടുക്കുന്നതും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണെന്ന് ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.holyseemission.org

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.