2013-05-15 16:40:14

“ബാങ്കിങ്ങ് പൊതുക്ഷേമത്തിനു വേണ്ടി”: അന്താരാഷ്ട്രപഠന ശിബിരം വത്തിക്കാനില്‍


14 മ‍െയ് 2013, വത്തിക്കാന്‍
പൊതുക്ഷേമം ലക്ഷൃമിടുന്ന സാമ്പത്തിക വ്യവസ്ഥയ്ക്കുവേണ്ടി പൊതുസമൂഹവും, സര്‍ക്കാരുകളും, ബഹുരാഷ്ട്ര കമ്പനികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ ടര്‍ക്സണ്‍ പ്രസ്താവിച്ചു. “ബാങ്കിങ്ങും സാമ്പത്തിക വ്യവസ്ഥയും പൊതുക്ഷേമത്തിനുവേണ്ടി” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വത്തിക്കാന്‍റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര പഠന ശിബിരത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആസ്ഥാനകേന്ദ്രമായ റോമിലെ കലിസ്റ്റസ് മന്ദിരത്തില്‍ മെയ് 13ന് നടന്ന അന്താരാഷ്ട്ര പഠന ശിബിരത്തില്‍ ബാങ്കിങ്ങ്, വ്യാപാരവ്യവസായ മേഖലകളിലെ പ്രമുഖരും വിഖ്യാതരായ സാമ്പത്തിക വിദഗ്ദരും പങ്കെടുത്തു. സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് ഓരോരുത്തരും പങ്കുവയ്ച്ചത് തികച്ചും വ്യത്യസ്ഥങ്ങളായ വീക്ഷണങ്ങളാണെങ്കിലും, സാമ്പത്തിക വിഭവങ്ങളുടെ മെച്ചപ്പെട്ട വിതരണം ആവശ്യമാണെന്നകാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രകടമാക്കുന്ന ഐക്യദാര്‍ഢ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ച കര്‍ദിനാള്‍ ടര്‍ക്സണ്‍, ദേശീയ താല്‍പര്യങ്ങള്‍ക്ക് നല്‍കപ്പെടുന്ന അമിത പ്രാധാന്യം യൂറോപ്യന്‍ സഹകരണത്തിന്‍റെ ശിഥിലീകരണത്തിന് കാരണമാകുമെന്നും മുന്നറിയിപ്പു നല്‍കി. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന കീഴ്ഘടക ശാക്തീകരണതത്വം (Principle of Subsidiarity) സാമ്പത്തിക രംഗത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.