2013-05-15 16:58:57

നവീന സമര്‍പ്പിത സമൂഹങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം റോമില്‍


15 മെയ് 2013, റോം
നവീന സമര്‍പ്പിത സമൂഹങ്ങളുടെ രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം മെയ് 17, 18 തിയതികളില്‍ റോമില്‍ നടക്കും. സമര്‍പ്പിത ജീവിതം നയിക്കുന്ന നൂതന സമൂഹങ്ങളുടെ തനിമയെക്കുറിച്ചും സഭാശുശ്രൂഷയില്‍ അവരുടെ പങ്കിനെക്കുറിച്ചും, പുതിയ സമര്‍പ്പിത സമൂഹ സ്ഥാപകരുടെ കാരിസങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ഒരുമിച്ച് പഠിക്കുകയും വിലയിരുത്തുകയുമാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് സംഘാടക സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. റോമിലെ ആര്‍സോ കോണ്‍ഗ്രസ് സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ (Centro Congressi ARSO) നവീന സമര്‍പ്പിത സമൂഹങ്ങളെ സംബന്ധിച്ച ദൈവശാസ്ത്രപരവും കാനോനിക നിയമസംബന്ധവുമായ കാര്യങ്ങളാണ് വിശകലന വിധേയമാക്കുന്നത്. മെയ് 18ന് വൈകീട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയില്‍ സംബന്ധിച്ചുകൊണ്ട് സമ്മേളനം സമാപിക്കും.
2011 ജൂണ്‍ മാസത്തില്‍ നടന്ന നവീന സമര്‍പ്പിത സമൂഹങ്ങളുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുതിയ സമര്‍പ്പിത സമൂഹങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അവയുടെ ഘടനാപരമായ സാമ്യതകളെക്കുറിച്ചും പഠനങ്ങള്‍ നടന്നിരുന്നു. 11 രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിരണ്ട് സന്ന്യസ്ത സമൂഹങ്ങളാണ് ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തത്.

* പരിശുദ്ധ സിംഹാസനത്തിന്‍റെ ഇയര്‍ ബുക്ക്, ആനുവാരിയോ പൊന്തിഫിച്യോയില്‍ ഇതര സമര്‍പ്പിത സമൂഹങ്ങള്‍ (“altre forme di vita consacrata”) എന്ന ശീര്‍ഷകത്തിലാണ് നവീന സമര്‍പ്പിത സമൂഹങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.