2013-05-14 15:38:08

“ദിവിനോ അമോരെ” പുലര്‍കാല തീര്‍ത്ഥാടകര്‍ക്ക് മാര്‍പാപ്പയുടെ ആശംസകള്‍


13 മെയ് 2013, റോം
റോമിലെ സുപ്രസിദ്ധമായ “ദിവിനോ അമോരെ” തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പുലര്‍കാല തീര്‍ത്ഥാടനം നടത്തിയ മൂവായിരത്തോളം യുവജനങ്ങള്‍ക്ക് മാര്‍പാപ്പ അനുഗ്രഹാശിസുകള്‍ നേര്‍ന്നു. റോമാരൂപതയിലെ യുവജന അജപാലനസമിതിയുടെ നേതൃത്വത്തില്‍ മെയ് 11ന് രാത്രി പന്ത്രണ്ടു മണിക്ക് ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ മൂവായിരത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസാസന്ദേശം റോമാരൂപതയിലെ യുവജന അജപാലനസമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ലോറെന്‍സോ ലെയുസി യുവജനങ്ങളെ അറിയിച്ചു. വിശ്വാസത്തിന്‍റെ കവാടത്തിലൂടെ പ്രവേശിച്ച് ദൈവത്തോട് കൂടുതല്‍ ഐക്യത്തില്‍ വളരുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത മാര്‍പാപ്പ ജപമാല രഹസ്യങ്ങളിലൂടെ ക്രിസ്തുവിനേയും പരിശുദ്ധ മറിയത്തേയും ധ്യാനിച്ചുകൊണ്ട് തീര്‍ത്ഥാടന പദയാത്ര നടത്താനും അവരെ ക്ഷണിച്ചു. തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷൃം നല്‍കാനുള്ള പുതിയൊരവരസമായിരിക്കട്ടെ ഈ തീര്‍ത്ഥാടനമെന്നും മാര്‍പാപ്പ ആശംസിച്ചു.
രാത്രികാല തീര്‍ത്ഥാടന പദയാത്ര അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അനുസ്മരിപ്പിക്കുന്നതാണെന്ന് ബിഷപ്പ് ലോറെന്‍സോ ലെയുസി അഭിപ്രായപ്പെട്ടു. പങ്കുവയ്ക്കലിന്‍റേയും പരസ്പര സഹായത്തിന്‍റേയും ബാലപാഠങ്ങള്‍ അനുഭവിച്ചറിയാന്‍ യുവജനങ്ങള്‍ക്ക് നല്ലൊരവസരമായിരുന്നു ഈ തീര്‍ത്ഥാടനം. കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മധ്യേയും ഒന്നുചേര്‍ന്ന് ക്രിസ്തുവിലുള്ള ആനന്ദം പങ്കുവയ്ക്കാന്‍ യുവജനങ്ങള്‍ക്ക് പരിശീലനം ആവശ്യമാണ്. തീര്‍ത്ഥാടനം യുവജനങ്ങള്‍ക്ക് ആനന്ദവും നവോന്‍മേഷവും പകര്‍ന്നുവെന്നും ബിഷപ്പ് ലെയുസി അഭിപ്രായപ്പെട്ടു.
വാര്ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.