2013-05-13 15:59:49

മാര്‍പാപ്പയുടെ അപ്രതീക്ഷിത ആശുപത്രി സന്ദര്‍ശനം


13 മെയ് 2013, റോം
ഒരിക്കല്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം റോമിലെ പത്താം പീയൂസ് ആശുപത്രി ജീവനക്കാരെ ഞെട്ടിച്ചു. റോമാ നഗരാതിര്‍ത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്ക് രണ്ടാം തവണയാണ് മാര്‍പാപ്പ സന്ദര്‍ശകനായെത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഹവിയേര്‍ ലൊസാനോ ബരാഗാനെ സന്ദര്‍ശിക്കാനാണ് രണ്ടു തവണയും മാര്‍പാപ്പ ആശുപത്രിയിലെത്തിയത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ദിനാള്‍ ലൊസനോയെ സന്ദര്‍ശിക്കാന്‍ (മാര്‍ച്ച് 15ന്) മാര്‍പാപ്പ ഈ ആശുപത്രിയിലെത്തിയിരുന്നു. ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ മെക്സിക്കന്‍ സ്വദേശിയായ കര്‍ദിനാള്‍ ലൊസാനോ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. ഇക്കൊല്ലം ജനുവരി 26ന് 80 വയസ് പൂര്‍ത്തിയായ കര്‍ദിനാള്‍ ലൊസാനോയുടെ വിശ്വാസ സാക്ഷൃം ആദരണീയമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
കര്‍ദിനാളിനെ സന്ദര്‍ശിക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ചു സമയം ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ചിലവഴിക്കുകയും അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശീര്‍വാദമേകുകയും ചെയ്തു.








All the contents on this site are copyrighted ©.