2013-05-08 17:28:10

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിശുദ്ധ പദപ്രഖ്യാപന ചടങ്ങ്


08 മെയ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന പ്രഥമ വിശുദ്ധ പദപ്രഖ്യാപന ചടങ്ങ് മെയ് 12ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിയിലാണ് വിശുദ്ധ പദപ്രഖ്യാപനം നടക്കുന്നത്. വാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികള്‍ അന്തോണിയോ പ്രിമാള്‍ഡോയും സഹകാരികളും, വാഴ്ത്തപ്പെട്ട മദര്‍ ലൗറ ദി സാന്താ കതറീന ദ സിയന്ന, മദര്‍ മരിയ ഗൗദലൂപ്പെ ഗാര്‍സിയ സവാല എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തപ്പെടുന്നവര്‍.
1400കാലഘട്ടത്തില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്നവരാണ് വാഴ്ത്തപ്പെട്ടവരായ അന്തോണിയോ പ്രിമാള്‍ഡോയും സഹകാരികളും. 1480ല്‍ തുര്‍ക്കി മുസ്ലീമുകളുടെ അധിനിവേശകാലത്ത് വിശ്വാസപരിത്യാഗം ചെയ്യാന്‍ വിസമ്മതിച്ചതിന്‍റെ പേരിലാണ് അവര്‍ വധിക്കപ്പെട്ടത്.
സിയന്നയിലെ വിശുദ്ധ കാതറീന്‍റെ പേര് സ്വീകരിച്ച മദര്‍ ലൗറ മൊന്‍തോജാ ഇ ഉപെഗ്വി (1874-1949) ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ സ്വദേശിയാണ്. 1914ല്‍ സിയന്നയിലെ വിശുദ്ധ കാതറീന്‍റെ പേരില്‍ അമലോല്‍ഭവമാതാവിന്‍റെ സന്ന്യാസിനി സമൂഹം സ്ഥാപിച്ച മദര്‍ ലൗറയെ 2004ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
മദര്‍ മരിയ ഗൗദലൂപ്പെ ഗാര്‍സിയ സവാല (1878-1963) മെക്സിക്കന്‍ സന്ന്യാസിനിയാണ്. 1901ല്‍ സ്ഥാപിക്കപ്പെട്ട വിശുദ്ധ മാര്‍ഗരറ്റ് മേരിയുടെയും ദരിദ്രരുടേയും ശുശ്രൂഷകര്‍ (Handmaids of St Margaret Mary (Alacoque) and the Poor) എന്ന സന്ന്യസ്ത സഭയുടെ സഹസ്ഥാപകയാണ് മദര്‍ മരിയ ഗൗദലൂപ്പെ.
ഫെബ്രുവരി 11ന് വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനത്തില്‍ (കണ്‍സിസ്റ്ററി) വച്ചാണ് ഈ നവവിശുദ്ധരുടെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള തിയതി നിശ്ചയിച്ചത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയതും ഈ കണ്‍സിസ്റ്ററിയില്‍ വച്ചായിരുന്നു.









All the contents on this site are copyrighted ©.