2013-05-07 16:03:10

സ്വിസ്ഗാര്‍ഡുകളുടെ സേവനത്തിന് മാര്‍പാപ്പയുടെ നന്ദി


07മെയ് 2013, വത്തിക്കാന്‍
സഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി ശുശ്രൂഷചെയ്യുന്ന സ്വിസ്ഗാര്‍ഡുകളോട് ഫ്രാന്‍സിസ് മാര്‍പാപ്പ കൃതജ്ഞത രേഖപ്പെടുത്തി. കര്‍ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പേപ്പല്‍ സുരക്ഷാ സൈന്യമായ സ്വിസ്ഗാര്‍ഡിന്‍റെ കമാണ്ടര്‍ അയച്ച സന്ദേശത്തിന് നല്‍കിയ മറുപടിയിലാണ് അവരുടെ സേവനത്തില്‍ താനെത്രമാത്രം സന്തുഷ്ടനാണെന്ന് മാര്‍പാപ്പ വെളിപ്പെടുത്തിയത്. മാര്‍പാപ്പ സ്വിസ്ഗാര്‍ഡിന്‍റെ കമാന്‍റര്‍ ഡാനിയേല്‍ ആന്‍റിങിനയച്ച സന്ദേശം വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെയാണ് പ്രസിദ്ധീകരിച്ചത്.
കര്‍ദിനാളായിരിക്കേ താന്‍ വത്തിക്കാനിലെത്തിയപ്പോഴൊക്കെ സ്വിസ് സൈനികര്‍ തീര്‍ത്ഥാടകരോടും മറ്റും വിനീതമായി പെരുമാറുന്നത് തന്നെ ഹഠാദാകര്‍ഷിച്ചിരുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വെളിപ്പെടുത്തി. വളരെ ക്ഷമയോടെ പെരുമാറുന്ന അവര്‍ പൊരിവെയിലത്തും കടുംതണുപ്പിലും ത്യാഗപൂര്‍വ്വം സേവനമനുഷ്ഠിക്കുന്നവരാണ്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അവരുടെ സേവനം കൂടുതല്‍ അടുത്തു നിന്ന് വീക്ഷിക്കാന്‍ തനിക്കു സാധിക്കുന്നുണ്ടെന്ന് പറഞ്ഞ മാര്‍പാപ്പ അവരുടെ ത്യാഗപൂര്‍ണ്ണമായ സേവനത്തില്‍ തന്‍റെ കൃതജ്ഞതയും കമാന്‍ററെ അറിയിച്ചു. സുരക്ഷാ സൈന്യത്തിലെ എല്ലാ അംഗങ്ങളോടും പ്രത്യേകിച്ച് ഏറ്റവും പ്രായം കുറഞ്ഞവരോട് അവരുടെ സേവനത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അറിയിക്കാന്‍ കമാണ്ടറോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.