2013-05-07 16:02:08

സ്വസ്സ് പ്രസിഡന്‍റ് മൗറ മാര്‍പാപ്പയെ സന്ദര്‍ശിച്ചു


06 മെയ് 2013, വത്തിക്കാന്‍
സ്വിസ്സ് പ്രസിഡന്‍റ് ഉഇലി മൗറ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മെയ് 6ന് രാവിലെ 11 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് പ്രസിഡന്‍റ് മൗറയും സംഘവുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
സ്വിസ്സ് സൈനികര്‍ നൂറ്റാണ്ടുകളായി വത്തിക്കാനിലെ സുരക്ഷാഭടന്‍മാരായി സേവനമനുഷ്ഠിക്കുന്ന പാരമ്പര്യം കൂടിക്കാഴ്ച്ചയില്‍ സംഭാഷണവിഷയമായി. അനുവര്‍ഷം നടക്കുന്ന സ്വിസ്സ് ഗാര്‍ഡുകളുടെ പുതിയ നിയമനങ്ങളെക്കുറിച്ചും ഇരുക്കൂട്ടരും സംസാരിച്ചു. വത്തിക്കാനും സ്വിസ്സര്‍ലണ്ടും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷിബന്ധം ഇനിയും മെച്ചപ്പെടുത്താനും, രാഷ്ട്രവും സഭയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരുക്കൂട്ടരും താല്‍പര്യം പ്രകടിപ്പിച്ചുവെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കും ഒരുപോലെ താല്‍പര്യമുള്ള മനുഷ്യാവകാശ സംരക്ഷണം, യുവജനരൂപീകരണം, നീതിയും സമാധാനവും സ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

സ്വിസ്സ് പ്രസിഡന്‍റ് പ്രസിഡന്‍റ് ഉഇലിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ആദ് ലിമിന സന്ദര്‍ശനം നടത്തുന്ന ഇറ്റലിയിലെ പിയെമൊന്തെ പ്രവിശ്യയിലെ മെത്രാന്‍മാരുമായും പാപ്പ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.