2013-05-07 16:02:16

ഏറ്റവും അമൂല്യമായ സമ്പത്ത് വിശ്വാസമെന്ന് സ്വിസ്സ് സൈനികരോട് മാര്‍പാപ്പ


06 മെയ് 2013, വത്തിക്കാന്‍
പേപ്പല്‍ സുരക്ഷാസൈന്യമായ സ്വിസ്ഗാര്‍ഡിലെ അംഗങ്ങളോട് അവരുടെ ഏറ്റവും അമൂല്യമായ സമ്പത്ത് വിശ്വാസമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡില്‍ അംഗങ്ങളായി 35 പുതിയ സൈനികര്‍ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച്, സ്വിസ്സ് ഗാര്‍ഡിലെ അംഗങ്ങളോടും കുടുംബാംഗങ്ങളോടും നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. 1527 മെയ് 6ന്, 147 സ്വിസ്സ് സൈനികര്‍ ജീവത്യാഗം ചെയ്ത് ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ സംരക്ഷിച്ച സംഭവത്തിന്‍റെ സ്മരണയിലാണ് ഓരോ വര്‍ഷവും മെയ് ആറാം തിയതി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അന്നത്തേതുപോലെയുള്ള ധീരോചിത പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയല്ല ഇന്ന് അവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നതെങ്കിലും തങ്ങളുടെ യുവത്വം സഭയുടേയും മാര്‍പാപ്പയുടേയും ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കുകയെന്ന ത്യാഗപൂര്‍ണ്ണമായ ഉത്തരവാദിത്വമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. കുടുംബങ്ങളില്‍ നിന്നും ഇടവകസമൂഹത്തില്‍ നിന്നും അവര്‍ക്കു ലഭിച്ച വിശ്വാസപരിശീലനമാണ് ഈ സേവനത്തിനായി ഇറങ്ങിത്തിരിക്കാന്‍ അവര്‍ക്കു പ്രചോദനമേകുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു. റോമിലെ തങ്ങളുടെ സേവനകാലത്ത് തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തിലൂടെ വിശ്വാസത്തിന് സന്തോഷപൂര്‍വ്വം സാക്ഷൃം നല്‍കാന്‍ അവര്‍ക്കു കഴിയട്ടെയെന്ന് പാപ്പ ആശംസിച്ചു. യുവജനങ്ങള്‍ അനുഗമിക്കേണ്ട സുവിശേഷത്തിന്‍റെ കരുത്തിന്‍റേയും മനോഹാരിതയുടേയും അടയാളമാണ് അവരുടെ സാന്നിദ്ധ്യം. നല്ല ക്രൈസ്തവരായി ജീവിക്കുവാന്‍ പരസ്പരം സഹായിക്കണമെന്നും പാപ്പ അവരെ ആഹ്വാനം ചെയ്തു. എല്ലായ്പ്പോഴും, വിശിഷ്യ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ ക്രിസ്തു ഒപ്പമുണ്ടെന്ന കാര്യം മറക്കരുതെന്നും പാപ്പ അവരോട് പറഞ്ഞു. സ്വിസ്ഗാര്‍ഡുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്‍റെ ആശീര്‍വാദമേകിയ പാപ്പ അവരോട് തനിക്ക് അകമഴിഞ്ഞ കൃതജ്ഞതയുണ്ടെന്നും തദവസരത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.