2013-05-02 09:58:41

ധാക്കാ ദുരന്തം: ബംഗ്ലാദേശിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരു പാഠം – ആര്‍ച്ചുബിഷപ്പ് റൊസാരിയോ


01 മെയ് 2013, ധാക്ക
ധാക്കാ ദുരന്തം ബംഗ്ലാദേശിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരു പാഠമാണെന്ന് ധാക്കാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ദി റൊസാരിയോ. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ 376 പേരുടെ മരണത്തിനിടയാക്കിയ ധാക്കയിലെ വസ്ത്രനിര്‍മ്മാണശാലാ ദുരന്തത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിനെ മുഴുവന്‍ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ധാക്കാ ദുരന്തം. ഇത്തരം ഒരു ദുരന്തം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാസംവിധാനങ്ങളില്ലാത്ത ഇതര വസ്ത്രനിര്‍മ്മാണ ശാലകളും വ്യവസായ സ്ഥാപനങ്ങളും രാജ്യത്തുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് വെളിപ്പെടുത്തി. അഴിമതിമൂലമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ കഴിയുന്നത്. എന്നാല്‍ ധാക്കയിലുണ്ടായ ദുരന്തം അധികൃതരുടെ കണ്ണു തുറപ്പിച്ചെന്നും വ്യവസായ ശാലകളുടെ സുരക്ഷാസംവിധാനങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിനും ഒരു പാഠമാണ് ധാക്ക ദുരന്തം. കുറഞ്ഞ ചിലവില്‍ ഉത്പാദനം നടത്താന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വ്യവസായികള്‍ തങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കണം. തുച്ഛമായ വരുമാനത്തിനുവേണ്ടി ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അവര്‍ക്ക് കടമയുണ്ടെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. എല്ലാവരും ഒരുപോലെ സഹകരിച്ചെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും സുരക്ഷയും ഉറപ്പുവരുത്താന്‍ സാധിക്കൂവെന്നും ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ദി റൊസാരിയോ വ്യക്തമാക്കി.








All the contents on this site are copyrighted ©.