2013-04-30 16:27:35

ദൈവരാജ്യത്തിലേക്കു നയിക്കുന്ന പാതയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ


വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി ഏപ്രില്‍ 27 28 തിയതികളില്‍ വത്തിക്കാനില്‍ സ്ഥൈര്യലേപന ദിനാചരണം നടന്നു. സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചവരും സ്വീകരിക്കാനൊരുങ്ങുന്നവരുമായ 70,000ലേറെ പേരാണ് ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളില്‍ വത്തിക്കാനില്‍ നടന്ന സ്ഥൈര്യലേപന ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയത്. 28ാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ 44 സ്ഥൈര്യലേപനാര്‍ത്ഥികള്‍ മാര്‍പാപ്പയില്‍ നിന്നും സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു. 11നും – 55നും ഇടയില്‍ പ്രായമുള്ള സ്ഥൈര്യലേപനാര്‍ത്ഥികള്‍ വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൊച്ചി രൂപതാംഗമായ കല്ലറയ്ക്കല്‍ വക്കച്ചന്‍ തെരേസ ദമ്പതികളുടെ മക്കളായ ഡാനിയേല്‍ വെറോണിക്ക എന്നിവരാണ് പാപ്പായില്‍ നിന്ന് സ്ഥൈര്യലേപനം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച ഇന്ത്യന്‍കുട്ടികള്‍. മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും വൈദികരുമുള്‍പ്പെട 380ഓളം സഹകാര്‍മ്മികര്‍ പാപ്പായോടൊത്ത് ദിവ്യബലിയര്‍പ്പിച്ചു.
ദിവ്യബലി മധ്യേ പാപ്പ നല്‍കിയ വചന സന്ദേശത്തില്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള മടക്കയാത്രയും പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെയും കുറിച്ചാണ് മാര്‍പാപ്പ ആദ്യം പരാമര്‍ശിച്ചത്. തുടര്‍ന്ന് ദൈവരാജ്യത്തിലേക്കു നയിക്കുന്ന പാതയിലെ പ്രതിസന്ധികളേയും പീഡനങ്ങളേയും കുറിച്ച് പാപ്പ വിശദീകരിച്ചു. ഒടുവില്‍, കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ച് വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കാന്‍ സ്ഥൈര്യലേപനാര്‍ത്ഥികളോടും സ്ഥൈര്യലേപനം സ്വീകരിച്ചവരോടും ആഹ്വാനം നടത്തിക്കൊണ്ടാണ് പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

മാര്‍പാപ്പയുടെ പ്രഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പ്രിയ സഹോദരീ സഹോദരന്‍മാരേ, സ്ഥൈര്യലേപനാര്‍ത്ഥികളേ, സ്വാഗതം.

ലളിതവും ഹ്രസ്വവുമായ മൂന്ന് ചിന്തകള്‍ നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ഞാനാഗ്രഹിക്കുകയാണ്.

വെളിപാടിന്‍റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയില്‍ പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും കുറിച്ച്, ദൈവത്തിന്‍റെ സ്വര്‍ഗീയ നഗരത്തെക്കുറിച്ച്, വി.യോഹന്നാന്‍റെ വിവരണം നാം ശ്രവിക്കുന്നു. സ്വര്‍ഗീയ ജറുസലേമില്‍ എല്ലാം നവീകരിക്കപ്പെട്ടിരിക്കുന്നു. അവിടെയുള്ളതെല്ലാം നല്ലതും മനോഹരവും സത്യവുമാണ്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനഫലമാണിതെല്ലാം. പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ നവീനതയിലേക്ക് നമ്മെ ആനയിച്ച് നമ്മെ പരിവര്‍ത്തനം ചെയ്യുന്നു. വി.യോഹന്നാന്‍റെ ദര്‍ശനം സ്വര്‍ഗീയ ജറുസലേമിലേക്കുള്ള നമ്മുടെ മടക്കയാത്രയേയും അനുസ്മരിപ്പിക്കുന്നതാണ്.

ദൈവത്തിന്‍റെ നവീനത ലോകത്തിന്‍റെ നവീനതയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. അസ്ഥിരവും ക്ഷണികവുമായ ലൗകിക നവീനത ഉടന്‍ അവസാനിക്കുകയും കൂടുതല്‍ നൂതനമായവയ്ക്കുവേണ്ടിയുള്ള അന്വേഷണം നാം തുടരേണ്ടതായും വരും. എന്നാല്‍ ദൈവം നടത്തുന്ന നവീകരണം ശാശ്വതമാണ്. ഭാവിയില്‍ അവിടുത്തോടുകൂടി ആയിരിക്കുമ്പോള്‍ മാത്രമല്ല, ഇന്ന് ഈ ലോക ജീവിതം നയിക്കുമ്പോഴും അവിടുന്ന് നമ്മെ നവീകരിക്കുന്നുണ്ട്. നമ്മെ നവീകരിക്കുന്ന പരിശുദ്ധാത്മാവ് നാം ജീവിക്കുന്ന ഈ ലോകം മുഴുവനേയും നമ്മിലൂടെ പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിനായി നമുക്ക് വാതിലുകള്‍ തുറന്നു കൊടുക്കാം. അവിടുന്ന് നമ്മെ നയിക്കട്ടെ. അങ്ങനെ ദൈവസ്നേഹത്താല്‍ പ്രചോദിതരായി ജീവിക്കുന്ന സ്ത്രീ പുരുഷന്‍മാരായി നാം മാറട്ടെ. ഓരോ ദിവസവും അവസാനിക്കുമ്പോള്‍, ഇന്ന് മറ്റുള്ളവര്‍ക്കായി ഞാനൊരു നല്ലകാര്യം ചെയ്തു എന്ന് പറയാന്‍ സാധിക്കുന്നത് എത്രമനോഹരമാണ്. സ്ക്കൂളിലോ, വീട്ടിലോ, ജോലിസ്ഥലത്തോ, അങ്ങനെ എവിടെയായാലും എന്‍റെ കൂട്ടുകാരനോ, മാതാപിതാക്കള്‍ക്കോ, വയോധികര്‍ക്കോ വേണ്ടി സ്നേഹപൂര്‍വ്വം ഒരു കാര്യം ചെയ്യാന്‍ ദൈവസഹായത്താല്‍ എനിക്കു സാധിച്ചുവെന്ന് പറയുന്നത് അതിമനോഹരമാണ്.


രണ്ടാമതായി, “നിരവധി പീഡനങ്ങളിലൂടെ” സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കണമെന്ന വി.പൗലോസിന്‍റേയും ബര്‍ണബായുടേയും ആഹ്വാനം (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍: 14,22) ഒന്നാം വായനയില്‍ നാം ശ്രവിച്ചു. സഭ സഞ്ചരിക്കുന്ന പാതയും ക്രൈസ്തവരുടെ വ്യക്തിജീവിതവും എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. ബുദ്ധിമുട്ടുകളും പീഡനങ്ങളും ഈ വഴിയില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ ഉള്ളിലെ ഇരുട്ടറകളും ദൈവേഷ്ടത്തിന് നിരക്കാത്ത കാര്യങ്ങളും പരിവര്‍ത്തനം ചെയ്യാനും പരിശുദ്ധാത്മാവിനെ അനുവദിച്ചുകൊണ്ടാണ് നാം ക്രിസ്തുവിനെ അനുഗമിക്കുന്നത്. ഈ പാതയില്‍ ആന്തരികവും ബാഹ്യവുമായ നിരവധി പ്രതിസന്ധികള്‍ നാം അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. ലോകം നല്‍കുന്ന ബാഹ്യമായ പ്രതിസന്ധികള്‍ക്കു പുറമേ നമ്മുടെ ഹൃദയത്തില്‍ നിന്നുത്ഭവിക്കുന്ന ആന്തരികമായ പ്രതിസന്ധികളും നമുക്കു മുന്‍പില്‍ ഉയരും. പക്ഷേ, പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരുന്നത് ദൈവിക മഹത്വത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ്. കുരിശില്‍ മഹത്വീകൃതനായ യേശുവിനെപ്പോലെ നാമും ഈ യാത്രയില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ അവയെപ്രതി നാം നിരാശരാകരുത്. പരിശുദ്ധാത്മാവിന്‍റെ കരുത്തിനാല്‍ ഈ പീഡനങ്ങള്‍ അതിജീവിക്കാന്‍ നമുക്കു സാധിക്കും.

മൂന്നാമതായി, സ്ഥൈര്യലേപനാര്‍ത്ഥികളോടും സ്ഥൈര്യലേപനം സ്വീകരിച്ചവരോടുമുള്ള ഒരാഹ്വാനമാണ്. “കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ച് വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുക” നമ്മുടെ ജീവിത യാത്രയുടെ രഹസ്യമാണിത്. ഒഴുക്കിനെതിരേ നീന്താന്‍ ദൈവം നമുക്ക് കരുത്തു നല്‍കും.

ഒഴുക്കിനെതിരേ നീന്താന്‍ വേണ്ട കരുത്ത് കര്‍ത്താവ് നമുക്ക് നല്‍കും. മുന്തിരിച്ചെടിയുടെ ശാഖകള്‍ പോലെ നാം ദൈവത്തോട് ചേര്‍ന്നുനിന്നാല്‍ ഒരു പ്രതിസന്ധിയ്ക്കും പീഡനങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും നമ്മെ ഭയപ്പെടുത്താനാവില്ല. ദൈവത്തോടുള്ള സൗഹൃദം നഷ്ടമാകാതെ സൂക്ഷിക്കാനും നമ്മുടെ ജീവിതത്തില്‍ അവിടുത്തേയ്ക്ക് കൂടുതല്‍ ഇടം നല്‍കാനും നാം തയ്യാറായാറാകുമ്പോള്‍ നമ്മുടെ പരിമിതികളേയും ഇല്ലായ്മകളേയും പാപങ്ങളേയും കുറിച്ച് കൂടുതല്‍ അവബോധവും നമുക്കുണ്ടാകും. കാരണം, നമ്മുടെ ബലഹീനതയിലാണ് ദൈവത്തിന്‍റെ കരുത്ത് പ്രകടമാകുന്നത്. നമ്മുടെ ദാരിദ്ര്യത്തില്‍ അവിടുത്തെ സമ്പന്നതയും നമ്മുടെ പാപത്തില്‍ അവിടുത്തെ മാനസാന്തരവും ക്ഷമയും വെളിപ്പെടുന്നു. കര്‍ത്താവ് ദയാലുവും കരുണാമയനുമാണ്. നാം അവിടുത്തെ പക്കലണയുകയാണെങ്കില്‍ അവിടുന്ന് തീര്‍ച്ചയായും നമ്മോട് ക്ഷമിക്കും. ദൈവിക പ്രവര്‍ത്തികളില്‍ നമുക്ക് പ്രത്യാശയര്‍പ്പിക്കാം. കര്‍ത്താവിനോടു കൂടെ വന്‍കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും. അവിടുത്തെ ശിഷ്യന്‍മാരും സാക്ഷികളുമായിരിക്കുന്നതിന്‍റെ ആനന്ദവും നാം അനുഭവിച്ചറിയും.

വലിയ കാര്യങ്ങളെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ട് വലിയ ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിക്കുവിന്‍. ക്രൈസ്തവരായ നാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയല്ല. ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിതം വെച്ചു കളിക്കാന്‍ തയ്യാറാകുവിന്‍.









All the contents on this site are copyrighted ©.