2013-04-30 16:25:33

ഇസ്രായേല്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


30 ഏപ്രില്‍ 2013, വത്തിക്കാന്‍
ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പേരെസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 30ാം തിയതി ചൊവ്വാഴ്ച രാവിലെ 11നാണ് മാര്‍പാപ്പ പ്രസിഡന്‍റ് ഷിമോണ്‍ പേരസും സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

മധ്യപൂര്‍വ്വദേശത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച്, പ്രത്യേകിച്ച് ഈ പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയോടെ, ഇരുരാഷ്ട്രങ്ങളുടേയും ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, പരസ്പരാദരവിന്‍റെ അന്തരീക്ഷത്തില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ എത്രയും വേഗം പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇസ്രയേലിന്‍റേയും വത്തിക്കാന്‍റേയും പ്രതിനിധികള്‍ പങ്കുവയ്ച്ചുവെന്നും വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ജറുസലേം നഗരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. സിറിയയില്‍ തുടരുന്ന കലാപത്തെക്കുറിച്ചും ചര്‍ച്ചനടന്നുവെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. സംവാദത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും യുക്തിക്കു ചേര്‍ന്ന വിധത്തില്‍ ഒരു രാഷ്ട്രീയ പരിഹാരം സിറിയയില്‍ ഉണ്ടാകട്ടെയെന്ന് ഇരുകൂട്ടരും ആശംസിച്ചു.
ഇസ്രയേല്‍ സര്‍ക്കാരും പ്രാദേശിക സഭയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ഇസ്രയേലിന്‍റേയും വത്തിക്കാന്‍റേയും പ്രതിനിധികള്‍ സംസാരിച്ചു. വത്തിക്കാനും ഇസ്രയേലും തമ്മില്‍ ഉഭയകക്ഷി ഉടമ്പടി രൂപീകരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംയുക്ത പ്രവര്‍ത്തന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ഒരവസരം കൂടിയായിരുന്നു ഈ കൂടിക്കാഴ്ച്ചയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.