2013-04-30 16:26:55

അഭിപ്രായസ്വാതന്ത്ര്യം കൂടാതെ ജനാധിപത്യചര്‍ച്ചകള്‍ അസാധ്യം: യൂറോപ്യന്‍ മെത്രാന്‍ സമിതി


30 ഏപ്രില്‍ 2013, ബ്രസല്‍സ്
അഭിപ്രായ സ്വാതന്ത്ര്യം കൂടാതെ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് ജനാധിപത്യരീതിയില്‍ ചര്‍ച്ചകള്‍ നടത്തുക സാധ്യമല്ലെന്ന് യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതി (CCEE). തീവ്ര സ്ത്രീവാദ സംഘടന ഫെമെന്‍റെ (FEMEN) ആക്രമണത്തിന് ഇരയായ മാലിനെസ്- ബ്രസല്‍സ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രേ – ജോസഫ് ലെയൊനാര്‍ഡിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തിലാണ് യൂറോപ്യന്‍ മെത്രാന്‍മാരുടെ സംയുക്ത സമിതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഏപ്രില്‍ 23ന് ബ്രസല്‍സ്‍ സര്‍വ്വകലാശാലയില്‍, “മതനിന്ദ: അപരാധമോ ആവിഷ്ക്കാര സ്വാതന്ത്ര്യമോ” എന്ന പ്രമേയത്തെ ആധാരമാക്കി പ്രബന്ധാവതരണം നടത്തുമ്പോഴാണ് ഫെമെന്‍ ആര്‍ച്ചുബിഷപ്പനെതിരേ ആക്രമണം നടത്തിയത്. അര്‍ദ്ധനഗ്നകളായി പ്രസംഗവേദിയിലേക്ക് അതിക്രമിച്ചു കയറിയ ഫെമന്‍ സംഘടനാംഗങ്ങള്‍ ബിഷപ്പിന്‍റെ തലയില്‍ വെള്ളമൊഴിക്കുകയും പ.കന്യകാമറിയത്തിന്‍റെ രൂപത്തിലുള്ള കുപ്പി ബിഷപ്പിനു നേരെ വലിച്ചെറിയുകയും ചെയ്തു. അതിക്രമത്തെ അപലപിച്ച യൂറോപ്യന്‍ മെത്രാന്‍മാരുടെ സംയുക്ത സമിതി, ആര്‍ച്ചുബിഷപ്പിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. മതപരമായ അസഹിഷ്ണുതയുടെ ഇരയാണ് ആര്‍ച്ചുബിഷപ്പ് ലെയൊനാര്‍ഡെന്നും സമിതി അഭിപ്രായപ്പെട്ടു. പരസ്പര ആദരവോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും കൂടി തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചെങ്കില്‍ മാത്രമേ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് ജനാധിപത്യ രീതിയില്‍ ചര്‍ച്ചനടത്താന്‍ സാധിക്കൂവെന്ന ബെല്‍ജിയം മെത്രാന്‍മാരുടെ നിലപാട് യൂറോപ്യന്‍ മെത്രാന്‍ സമിതിയും ആവര്‍ത്തിച്ചു.








All the contents on this site are copyrighted ©.