2013-04-26 15:52:41

വത്തിക്കാനില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന വിശ്വാസവര്‍ഷ പരിപാടികള്‍


26 ഏപ്രില്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന രണ്ട് പ്രധാന പൊതുപരിപാടികളില്‍ എഴുപതിനായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല അറിയിച്ചു. ഏപ്രില്‍ 27-28 തിയതികളില്‍ നടക്കുന്ന സ്ഥൈര്യലേപന ദിനാചരണത്തേയും മെയ് 3 മുതല്‍ 5 വരെ നടക്കുന്ന ജനകീയ ഭക്തിപ്രസ്ഥാന സംഗമത്തേയും കുറിച്ച് വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രണ്ട് പരിപാടികളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചവരും സ്വീകരിക്കാനൊരുങ്ങുന്നവരുമായ 70,000 പേര്‍ ഈ വരുന്ന ശനി, ഞായര്‍ ദിനങ്ങളില്‍ വത്തിക്കാനില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ പേരുനല്‍കിയിട്ടുണ്ട്. സ്ഥൈര്യലേപന ദിനാചരണത്തിന്‍റെ ഭാഗമായി 28ാം തിയതി ഞായറാഴ്ച 44 സ്ഥൈര്യലേപനാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥൈര്യലേപനം നല്‍കും. 11നും – 55നും ഇടയില്‍ പ്രായമുള്ളവരാണ് സ്ഥൈര്യലേപനാര്‍ത്ഥികളെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വെളിപ്പെടുത്തി.
മെയ് മാസാരംഭത്തില്‍ നടക്കുന്ന ജനകീയ ഭക്തിപ്രസ്ഥാന സംഗമത്തില്‍ പങ്കെടുക്കാന്‍ 50,000 ലേറെ പേര്‍ പേരുനല്‍കി കഴിഞ്ഞുവെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല അറിയിച്ചു. പ്രാദേശിക വിശ്വാസ പാരമ്പര്യത്തെക്കുറിച്ചും ഭക്തിമാര്‍ഗ്ഗങ്ങളേയും വിശ്വാസജീവിതത്തേയും കുറിച്ചും സാക്ഷൃം നല്‍കാന്‍ സംഗമത്തില്‍ പങ്കെടുക്കുന്ന ജനകീയ ഭക്തിപ്രസ്ഥാന പ്രതിനിധികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 4ന് ഫ്രാന്‍സിസ് മാര്‍പാപ്പ വി.പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിയോടെയാണ് ഈ സംഗമം സമാപിക്കുന്നത്.








All the contents on this site are copyrighted ©.