2013-04-26 15:52:20

ഈ വര്‍ഷം പേപ്പല്‍ പര്യടനം ബ്രസീലിലേക്കുമാത്രം: ഫാ.ലൊംബാര്‍ദി


26 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസീലിലേക്ക് മാത്രമാണ് ഇക്കൊല്ലം അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനം നടത്തുന്നതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. മാര്‍പാപ്പ മറ്റുചില രാജ്യങ്ങള്‍ക്കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് വ്യാഴാഴ്ച്ച രാവിലെ വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫാ.ലൊംബാര്‍ദി ഇക്കാര്യം സ്ഥിരീകരിച്ചത്. 2013 ജൂലൈ 23 മുതല്‍ 28വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന 28ാമത് ആഗോള യുവജനസംഗമം മാത്രമാണ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “ലോകമെങ്ങും പോയി സകലജനതകളേയും ശിഷ്യപ്പെടുത്തുവിന്‍”(മത്താ 28 ,19)എന്നതാണ് ഇക്കൊല്ലം യുവജനദിന സംഗമത്തിന്‍റെ പ്രമേയം.
അതേസമയം, ഇക്കൊല്ലം ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വാര്‍ത്ത വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ.ലൊംബാര്‍ദി നിഷേധിച്ചില്ല. വിശ്വാസത്തെ സംബന്ധിച്ച് മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ആരംഭിച്ച ചാക്രിക ലേഖനം ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിക്കുമെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഇപ്പോള്‍ കാസില്‍ഗണ്‍ഡോള്‍ഫോയില്‍ കഴിയുന്ന മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ഏപ്രില്‍ മാസം അവസാനത്തോടെയോ മെയ്മാസം ആരംഭത്തിലോ വത്തിക്കാനിലെ ‘മാത്തെര്‍ എക്ലേസിയ’ സന്ന്യസ്ത ഭവനത്തിലേക്ക് താമസം മാറ്റുമെന്നും ഫാ.ലൊംബാര്‍ദി എസ്.ജെ. വെളിപ്പെടുത്തി.
വത്തിക്കാനിലെ അതിഥി മന്ദിരമായ സാന്താ മാര്‍ത്തായില്‍ തന്നെ തുടരാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നതെന്നും ഫാ.ലൊംബാര്‍ദി പറഞ്ഞു. എന്നാല്‍ അത് ശാശ്വതമായ ഒരു തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.