2013-04-25 12:30:53

സഭ ഒരു ‘സ്നേഹഗാഥ’ : മാര്‍പാപ്പ


24 ഏപ്രില്‍ 2013, വത്തിക്കാന്‍
കത്തോലിക്കാ സഭ ഒരു സ്ഥാപനമല്ല, മറിച്ച് ദൈവത്തിന്‍റെ സ്നേഹഗാഥയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 24ാം തിയതി ബുധനാഴ്ച്ച വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍ ബാങ്കിലെ ചില ജീവനക്കാരാണ് ബുധനാഴ്ച്ച മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുത്തത്.
ദിവ്യബലി മധ്യേ വായിച്ച ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ കേന്ദ്രമാക്കിയായിരുന്നു മാര്‍പാപ്പയുടെ വിചിന്തനം. സഭയുടെ ജീവിതം ഒരു വിജയ സംരംഭമല്ല. കുരിശും പീഢനവും നിറഞ്ഞതാണ് സഭയുടെ പാത. കത്തോലിക്കാസഭ ഒരു മനുഷ്യസംരംഭമല്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സഭ സ്ഥാപിച്ചത് അപ്പസ്തോലന്‍മാരല്ല. യേശുവിനാല്‍ അയക്കപ്പെട്ടവരാണ് അവര്‍. യേശുവിനെ അയച്ചതാകട്ടെ പിതാവായ ദൈവവും. പിതാവിന്‍റെ ഹൃദയത്തില്‍ നിന്നാണ് സഭ ഉത്ഭവിച്ചത്. പിതാവായ ദൈവത്തിന്‍റെ ഇന്നും തുടരുന്ന സ്നേഹഗാഥയാണത്. ഈ സ്നേഹഗാഥയിലെ കണ്ണികളാണ് ഓരോ സഭാംഗമെന്നും മാര്‍പാപ്പ വിശദീകരിച്ചു.
സ്നേഹത്തിന്‍റെ ഈ പാതയിലൂടെയല്ലാതെ സഭയെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ തെറ്റാണ്. മനുഷ്യകരുത്തുകൊണ്ടല്ല സഭ വളരുന്നത്. സൈന്യത്തെ ഉണ്ടാക്കിയും മതത്തിന്‍റെ പേരില്‍ യുദ്ധങ്ങള്‍ നടത്തിയും സഭയെ വളര്‍ത്താന്‍ ശ്രമിച്ചവരുണ്ട്. എന്നാല്‍ അതെല്ലാം തെറ്റായ മാര്‍ഗ്ഗങ്ങളായിരുന്നു. കഴിഞ്ഞ കാല തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ പാതയിലൂടെ ക്രൈസ്തവര്‍ മുന്നേറണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. യേശു പറഞ്ഞതുപോലെ കടുകു മണിയെപ്പോലെയാണ് സഭ വളരേണ്ടത്. നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പുളിമാവുപോലെ സഭ വളരണം.
അഭിമാനപൂര്‍വ്വം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും രൂപം നല്‍കി തന്‍റെ കരുത്ത് തെളിയിക്കാന്‍ സഭ ശ്രമിക്കുമ്പോള്‍ സ്ഥാപനവല്‍ക്കരണത്തിന്‍റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അത് വെറുമൊരു സര്‍ക്കാരേതിര സംഘടനയായി സഭ തരംതാഴ്‍ന്നുപോകാന്‍ കാരണമാകുമെന്നും പാപ്പ മുന്നറിയിപ്പു നല്‍കി. സ്ഥാപനങ്ങളും സംഘടനകളും ഒരളവുവരെ ആവശ്യമാണ്. അവയുടെ പ്രസക്തി ദൈവത്തിന്‍റെ സ്നേഹഗാഥയ്ക്ക് അവ എങ്ങനെ സഹായമേകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ ദരിദ്രയായ സഭയുടെ സ്നേഹഗാഥയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ വരുകയും സഭ വെറുമൊരു സര്‍ക്കാരേതിര സംഘടനയായി തീരുകയും ചെയ്യുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
മാര്‍പാപ്പയുടെ സൈനിക ബലത്തെക്കുറിച്ച് ഒരു രാഷ്ട്ര തലവന്‍ തന്നോട് ആരാഞ്ഞുവെന്ന് വെളിപ്പെടുത്തിയ ഫ്രാന്‍സിസ് പാപ്പ, സൈനിക ബലമല്ല, പരിശുദ്ധാത്മാവിന്‍റെ കരുത്താണ് സഭയെ നയിക്കുന്നതെന്നും പ്രസ്താവിച്ചു.
കത്തോലിക്കാ സഭ ഒരു സ്ഥാപനമല്ല. സഭ മാതാവാണെന്ന് ആവര്‍ത്തിച്ച മാര്‍പാപ്പ ദിവ്യബലിയില്‍ സംബന്ധിച്ചിരുന്ന അമ്മമാരോട് ചോദിച്ചു: “അമ്മമാരായ നിങ്ങളെ ആരെങ്കിലും ‘കുടുംബ സംഘാടകര്‍’ എന്നുവിളിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും? അല്ല, ഞാന്‍ ഒരു അമ്മയാണ് എന്ന് നിങ്ങള്‍ മറുപടി പറയില്ലേ!” അതുപോലെ സഭയും ഒരു അമ്മയാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു. പരിശുദ്ധാത്മാവിന്‍റെ കരുത്തിനാല്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്നേഹ ഗാഥയാണ് സഭ. സഭാ മാതാവിന്‍റെ തനയരായ നാമെല്ലാവരും ചേര്‍ന്നതാണ് സഭാകുടുംബം. സ്നേഹത്തിന്‍റെ ആത്മീയയാത്രയില്‍ സന്തോഷപൂര്‍വ്വം മുന്നേറാന്‍ വേണ്ട കൃപയ്ക്കായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വിചിന്തനം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.