2013-04-25 12:31:29

എട്ടംഘ കര്‍ദിനാള്‍ സംഘം ഒരു ഉപദേശക സമിതിമാത്രം: കര്‍ദിനാള്‍ പെല്‍


24 ഏപ്രില്‍ 2013, സിഡ്നി
ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ എട്ടംഗ കര്‍ദിനാള്‍ സമിതി ഒരു ആലോചനാ സമിതി മാത്രമാണെന്ന് സമിതിയില്‍ അംഗമായ സിഡ്നി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍. സാര്‍വ്വത്രിക സഭാ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ ഭരണഘടനയായ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍, പാസ്റ്റര്‍ ബോനൂസിന്‍റെ പരിഷ്ക്കരണത്തിനും കൂടിയാലോചന നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ ഉപദേശക സമിതിയിലെ അംഗത്വത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. എട്ടംഗ കര്‍ദിനാള്‍ സംഘം ഒരു കാര്യനിര്‍വ്വഹക സമിതിയോ ആസൂത്രണ സംഘമോ അല്ല. മാര്‍പാപ്പയ്ക്ക് കൂടിയാലോചന നടത്താനുള്ള ഒരു സംവിധാനം മാത്രമാണത്. മാര്‍പാപ്പയ്ക്ക് ഉചിതമെന്നു തോന്നുന്ന കാര്യങ്ങള്‍ തങ്ങളോട് കൂടിയാലോചന നടത്തുമെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് മാര്‍പാപ്പ തന്നെയായിരിക്കുമെന്ന് കര്‍ദിനാള്‍ പെല്‍ വിശദീകരിച്ചു. സമിതിയുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് തനിക്ക് ഇനിയും വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസം പൂര്‍ത്തിയായ ഏപ്രില്‍ 13 നാണ് കര്‍ദിനാള്‍മാരുടെ എട്ടംഗ ഉപദേശക സമിതിയെക്കുറിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനു പുറമേ തന്‍റെ ആലോചനാ സമിതിയിലേക്ക് മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്, കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്), എന്നിവരേയാണ്. കര്‍ദിനാള്‍ ഓസ്ക്കാര്‍ റോഡ്രിഗസ് മാറാഡിയാഗ ആലോചനാ സമിതിയുടെ കോര്‍ഡിനേറ്ററായി ശുശ്രൂഷചെയ്യും. ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയാണ് ആലോചനാ സമിതിയുടെ സെക്രട്ടറി. ഉപദേശക സമിതിയുടെ പ്രഥമ യോഗം ഒക്ടോബര്‍ 1 മുതല്‍ 3 വരെ വത്തിക്കാനില്‍ നടക്കും.








All the contents on this site are copyrighted ©.