2013-04-23 17:17:58

മാര്‍പാപ്പയ്ക്ക് നാമഹേതുക തിരുന്നാള്‍ ആശംസകള്‍


23 ഏപ്രില്‍ 2013, വത്തിക്കാന്‍
വിശുദ്ധ ഗീവര്‍ഗീസിന്‍റെ തിരുന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നാമഹേതുക തിരുന്നാള്‍ ആഘോഷിച്ചു. റോമിലുള്ള കര്‍ദിനാള്‍മാരോടൊത്തായിരുന്നു 23ാം തിയതി ചൊവ്വാഴ്ച പാപ്പയുടെ നാമഹേതുക തിരുന്നാള്‍ ആഘോഷം. തിരുന്നാള്‍ ആഘോഷ ദിവ്യബലി മധ്യേ നല്കിയ വചനസന്ദേശത്തില്‍ സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചു. കത്തോലിക്കാ സഭ ആദിമ കാലം മുതല്‍ അനിതരസാധാരണമായ മിഷനറി ചൈതന്യം പ്രകടമാക്കിയിരുന്നു. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലാണ് ആദിമ ക്രൈസ്തവര്‍ സുവിശേഷ പ്രചരണം നടത്തിയത്. വിശ്വാസസമൂഹത്തിന്‍റെ മാതാവായ സഭ ക്രമേണ വളര്‍ന്നു വികസിക്കുകയും അനേകം തനയര്‍ക്ക് ജന്മ‍മേകുകയും ചെയ്തു. വിശ്വാസത്തിന്‍റെ തനിമയുള്ളവരാണ് സഭാ തനയര്‍. സഭയെ മാറ്റിനിറുത്തിക്കൊണ്ട് യേശുവില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. ക്രൈസ്തവ വ്യക്തിത്വം ഒരു തിരിച്ചറിയല്‍ കാര്‍ഡുപോലെയല്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സഭാംഗമായിരിക്കുകയെന്നാല്‍ സഭാമാതാവിന്‍റെ തനയരായിരിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. സഭയ്ക്കു വെളിയില്‍ ക്രിസ്തുവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമാണ്. ക്രൈസ്തവ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനം സഭയിലെ അംഗത്വമാണ്. സഭയില്‍ അംഗമായിരിക്കുന്നത് അതിമനോഹരമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. സുവിശേഷ പ്രഘോഷണത്തില്‍ നിന്നുവരുന്ന ആനന്ദത്തെക്കുറിച്ചും പാപ്പ വചന സന്ദേശത്തില്‍ പ്രതിപാദിച്ചു. ക്രിസ്തു സന്ദേശം പ്രഘോഷിക്കുന്നതില്‍ നിന്നു ലഭിക്കുന്ന ആനന്ദമാണ് സഭയ്ക്ക് യഥാര്‍ത്ഥ ആശ്വാസം പകരുന്നത്. ക്രിസ്തു നല്‍കുന്ന സമാശ്വാസം മാത്രമാണ് സഭയുടെ ഏകാശ്രയം. കുരിശിന്‍റേയും ഉത്ഥാനത്തിന്‍റേയും ഇടയിലൂടേയാണ് സഭയെന്നും സഞ്ചരിക്കുന്നത്. പീഡനങ്ങളും ക്രിസ്തു നല്‍കുന്ന സമാശ്വാസവുമാണ് സഭാമാതാവിനെന്നും കൂട്ട്. യഥാര്‍ത്ഥമായ ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും സഭയ്ക്ക് മാര്‍ഗഭ്രംശം സംഭവിക്കില്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
ദിവ്യബലിയുടെ ആരംഭത്തില്‍ കര്‍ദിനാള്‍ സംഘത്തിന്‍റെ തലന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ കര്‍ദിനാള്‍മാരെ പ്രതിനിധീകരിച്ച് മാര്‍പാപ്പയ്ക്ക് ആശംസകളര്‍പ്പിച്ചു.
ദിവ്യബലിയ്ക്കു ശേഷം മാര്‍പാപ്പയുടെ സുരക്ഷാസൈന്യമായ സ്വിസ്ഗാര്‍ഡുകള്‍ ഒരുക്കിയ സംഗീത വിരുന്നിലും പാപ്പ പങ്കെടുത്തു.
* മാര്‍പാപ്പയുടെ നാമഹേതുക തിരുന്നാള്‍ പ്രമാണിച്ച് ഇക്കൊല്ലം മുതല്‍ ഏപ്രില്‍ 23ന്
വത്തിക്കാനില്‍ പൊതു അവധിയാണ്.







All the contents on this site are copyrighted ©.