2013-04-23 17:21:00

മാര്‍പാപ്പ സന്ന്യസ്ത വ്രതവാഗ്ദാന വാര്‍ഷിക സ്മരണയില്‍


23 ഏപ്രില്‍ 2013, വത്തിക്കാന്‍
ഈശോസഭാംഗമായി നിത്യവ്രതവാഗ്ദാനം നടത്തിയതിന്‍റെ നാല്‍പതാം വാര്‍ഷികം ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിക്കുന്നു. ഏപ്രില്‍ 22ന് രാവിലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയ്ക്കു ശേഷം സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴാണ് തന്‍റെ സന്ന്യസ്ത വ്രതവാഗ്ദാനത്തിന്‍റെ നാല്‍പതാം വാര്‍ഷികത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. തിങ്കളാഴ്ച മാര്‍പാപ്പയോടൊത്ത് ദിവ്യബലിയില്‍ സംബന്ധിച്ച വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയും ഈശോസഭാംഗവുമായ (ജെസ്യൂട്ട്) ഫാ.ഫെദറിക്കോ ലൊംബാര്‍ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏപ്രില്‍ 22ാം തിയതിയാണ് ബെര്‍ഗോളിയോ അച്ചന്‍ ഈശോസഭാംഗമായി നിത്യവ്രതവാഗ്ദാനം നടത്തിയത്. ഈശോ സഭാംഗങ്ങള്‍ നിത്യവ്രതവാഗ്ദാനത്തിനായി ഈ തിയതി തിരഞ്ഞെടുക്കുന്നത് പതിവാണെന്ന് ഫാ.ലൊംബാര്‍ദി പറഞ്ഞു. മൂന്നാം പൗലോസ് മാര്‍പാപ്പ ഈശോസഭയ്ക്ക് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന സന്ന്യസ്ത സഭാസ്ഥാപകനായ വി.ഇഗ്നേഷ്യസ് ലെയോളയും സഹകാരികളും തങ്ങളുടെ നിത്യവ്രതവാഗ്ദാനം നടത്തിയത് 1542 ഏപ്രില്‍ 22നാണ്. റോമന്‍ ചുവരിനുപുറത്തുള്ള വി.പൗലോസിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഛായാചിത്രത്തിനു മുന്‍പില്‍ വച്ചാണ് സഭാസ്ഥാപകന്‍ നിത്യവ്രതവാഗ്ദാനം നടത്തിയത്. ഏപ്രില്‍ 14ന് വി.പൗലോസിന്‍റെ ഭദ്രാസന ദേവാലയം ഏറ്റെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിയ്ക്കു ശേഷം ആ സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചതും ഫാ.ലൊംബാര്‍ദി അനുസ്മരിച്ചു.








All the contents on this site are copyrighted ©.