2013-04-23 17:20:17

അതിമോഹികള്‍ വിശ്വാസമില്ലാത്തവര്‍: മാര്‍പാപ്പ


23 ഏപ്രില്‍ 2013, വത്തിക്കാന്‍
എളിമയും സൗമ്യതയുമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ മുഖമുദ്രയെന്നും അതിമോഹികള്‍ വിശ്വാസമില്ലാത്തവരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 22ന് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ.ഫെദറിക്കോ ലൊംബാര്‍ദിയുടെ നേതൃത്വത്തില്‍, വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിലേയും വത്തിക്കാന്‍ റേഡിയോയിലേയും ജീവനക്കാരില്‍ ചിലരാണ് തിങ്കളാഴ്ച മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിച്ചത്.
നല്ലിടയനായ ക്രിസ്തു, താന്‍ തന്നെയാണ് ആടുകളുടെ വാതില്‍ എന്ന് പ്രഖ്യാപിക്കുന്ന സുവിശേഷഭാഗത്തെ (യോഹ.10) കേന്ദ്രമാക്കിയായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം. സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള ഏക വാതില്‍ ക്രിസ്തുവാണ്. ഈ വാതിലിലൂടെ പ്രവേശിക്കാത്തവര്‍ കള്ളന്‍മാരും കവര്‍ച്ചക്കാരുമാണ്. അങ്ങനെയുള്ളവര്‍ സ്വാര്‍ത്ഥലാഭം അന്വേഷിക്കുന്നവരും അതിമോഹികളുമാണ്.
അറിഞ്ഞോ അറിയാതെയോ സ്വന്തം പേരും പ്രശസ്തിയും അന്വേഷിക്കുന്ന അതിമോഹികള്‍ ക്രൈസ്തവ സമൂഹത്തിനുള്ളിലും ഉണ്ട്. മതകാര്യങ്ങള്‍ വ്യാപരമനോഭാവത്തോടെ കാണുന്നവരുണ്ട്. അന്യോന്യം പുകഴ്ത്തി സുഖം കണ്ടെത്തുന്നവരുമുണ്ട്. അങ്ങനെയുള്ളവര്‍ യഥാര്‍ത്ഥമായ വാതിലിലൂടെ പ്രവേശിച്ചവരല്ല. യഥാര്‍ത്ഥ വാതിലായ ക്രിസ്തുവിലൂടെ പ്രവേശിക്കാത്തവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.
ക്രിസ്തുവാകുന്ന വാതിലിലൂടെയാണോ നാം പ്രവേശിക്കുന്നതെന്നറിയാന്‍ ഒരു മാര്‍ഗമുണ്ട്. സുവിശേഷഭാഗ്യങ്ങള്‍ പറയുന്നതുപോലെയാണോ നാം ജീവിക്കുന്നതെന്ന് നിരീക്ഷിച്ചാല്‍ മതി. ക്രിസ്തുവിനെപ്പോലെ സൗമ്യനും ആത്മാവില്‍ ദരിദ്രനും നീതിമാനും ശാന്തശീലനുമാണോ ഞാന്‍? എന്ന് നാം ആത്മശോധന ചെയ്യണം.
വാതില്‍ മാത്രമല്ല വഴിയും ക്രിസ്തു തന്നെയാണ്. മറ്റനേകം എളുപ്പവഴികള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കപടമായ ആ മാര്‍ഗ്ഗങ്ങളിലേക്ക് പ്രവേശിക്കാതെ വഴിയും സത്യവുമായ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലൂടെ ചരിക്കേണ്ടവരാണ് ക്രൈസ്തവര്‍. സത്യത്തിന്‍റേയും സ്നേഹത്തിന്‍റേയും വാതിലാണ് ക്രിസ്തു. അവിടുന്ന് ഒരിക്കലും നമ്മെ വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല. എന്നാല്‍ ഉത്ഭവപാപത്തിന്‍റെ ഫലമായി എല്ലാം അറിയാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നവരാണ് നമ്മള്‍. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഇഷ്ടമുള്ള ഏതെങ്കിലും ഒരു മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും നാം ആഗ്രഹിക്കുന്നു. കര്‍ത്താവിന്‍റെ എളിയ ദാസരും മക്കളും ആയിരിക്കുന്നതിനു പകരം സ്വജീവിതത്തിന്‍റെ ആധിപത്യം നേടാനുള്ള പ്രലോഭനവും നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വാതിലായ ക്രിസ്തുവിലൂടെ മാത്രമേ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂവെന്ന് നാം ഓര്‍ക്കണം. ജീവിതത്തില്‍ പ്രതിസന്ധികളും വേദനകളും വിഷമങ്ങളും ഉണ്ടാകുമ്പോള്‍ നാം ആ വാതില്‍ക്കലാണ് അഭയം തേടേണ്ടത്. എളുപ്പമാര്‍ഗ്ഗവും പ്രശ്നപരിഹാരവും വാഗ്ദാനം ചെയ്യുന്ന വ്യാജ വാതിലുകള്‍ തേടിപോകരുത് ക്രൈസ്തവര്‍. നമുക്കായി സ്വജീവന്‍ നല്‍കിയ ക്രിസ്തുവാകുന്ന നല്ലിടയോട് വിശ്വസ്തതയില്‍ ജീവിക്കാന്‍ മാര്‍പാപ്പ ക്രൈസ്തവരെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.