2013-04-19 16:33:47

സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് വത്തിക്കാന്‍റെ ആശംസകള്‍


19ഏപ്രില്‍ 2013, വത്തിക്കാന്‍
പ്രത്യാശയുടെ പ്രകാശം ലോകത്തിനേകാന്‍ സര്‍ക്കസ്‍ കലാകാരന്‍മാര്‍ക്ക് സാധിക്കട്ടെയെന്ന് യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. സര്‍ക്കസ് കലാകാരന്‍മാരുടെ അഖില ലോക സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ആഗോള സര്‍ക്കസ് ദിനാചരണത്തിനയച്ച സന്ദേശത്തിലാണ് യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വെല്യോ ഇപ്രകാരം പ്രസ്താവിച്ചത്. ഏപ്രില്‍ 20നാണ് സര്‍ക്കസ് കലാകാരന്‍മാര്‍ നാലാമത് ആഗോള സര്‍ക്കസ് ദിനം ആചരിക്കുന്നത്. 2012 ഡിസംബര്‍ മാസത്തില്‍ സര്‍ക്കസ് കലാകാരന്‍മാരുമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയതും ആര്‍ച്ചുബിഷപ്പ് സന്ദേശത്തില്‍ അനുസ്മരിച്ചു.
തങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കാളികളാകാന്‍ മാര്‍പാപ്പ തദവസരത്തില്‍ അവരെ ക്ഷണിച്ചിരുന്നു. അവരുടെ പാരമ്പര്യ മൂല്യങ്ങള്‍ നഷ്ടമാകാത്തെ കാത്തു സൂക്ഷിക്കണമെന്നും മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു.
ഇന്നത്തെ ലോകത്തിന് പ്രത്യാശയുടെ വെളിച്ചം അത്യാവശ്യമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും സര്‍ക്കസ് കലാകാരന്‍മാരെ സംബന്ധിച്ച് അന്വര്‍ത്ഥമാണെന്ന് അഭിപ്രായപ്പെട്ട ആര്‍ച്ചുബിഷപ്പ് വെല്യോ, തങ്ങളുടെ ദൃശ്യവിസ്മയങ്ങളിലൂടെ വ്യക്തികളും ജനതകളും തമ്മില്‍ സാഹോദര്യവും ഐക്യദാര്‍ഡ്യവും കെട്ടിപ്പടുക്കാന്‍ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.