2013-04-19 16:33:14

വേര്‍പാടിന്‍റെ വേദനയനുഭവിക്കുന്നവര്‍ക്ക് മാര്‍പാപ്പയുടെ സാന്ത്വനം


19ഏപ്രില്‍ 2013, വത്തിക്കാന്‍
മക്കളുടെ വേര്‍പാടില്‍ വേദനിക്കുന്ന അമ്മമാര്‍ക്ക് സാന്ത്വനമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. അര്‍ജന്‍റീന മിലിട്ടറി ജുന്‍തയുടെ ഭരണത്തിലായിരുന്ന കാലത്ത് മക്കളെ നഷ്ടമായ അമ്മമാരുടെ ഐക്യവേദി ‘പ്ലാസോ ദെ മായോ’യിലെ അംഗങ്ങള്‍ക്കയച്ച സന്ദേശത്തിലാണ് മക്കളേയും ബന്ധുമിത്രാദികളേയും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേര്‍ന്ന പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വാദവുമേകിയത്. ‘പ്ലാസോ ദെ മായോ’ ഐക്യവേദിയുടെ അധ്യക്ഷ ഹെബേ ദെ ബൊനഫിനി മാര്‍പാപ്പയ്ക്ക് അയച്ച ആശംസാ സന്ദേശത്തിന് മറുപടിയായി വത്തിക്കാന്‍ വിദേശ ബന്ധകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍. അന്തോണിയോ കമില്ലേരിയാണ് പാപ്പായുടെ സന്ദേശം അവര്‍ക്കയച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് ഹെബേ ദെ ബൊനഫിനി മാര്‍ച്ച് 21ന് അയച്ച സന്ദേശത്തില്‍ കര്‍ദിനാള്‍ ഹോര്‍ഗേ മരിയ ബെര്‍ഗോളിയോ അര്‍ജന്‍റീനയിലെ ചേരി നിവാസികള്‍ക്കുവേണ്ടി ചെയ്തിരുന്ന സേവനങ്ങള്‍ അനുസ്മരിക്കുകയും, അനീതിയ്ക്കും ദാരിദ്ര്യത്തിനുമെതിരേ പടപൊരുതന്നവര്‍ക്ക് പുതിയ മാര്‍പാപ്പ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഹെബേ ദെ ബൊനഫിനിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ മാര്‍പാപ്പ സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നവരെ താന്‍ ആദരവോടെയാണ് കാണുന്നതെന്നും പ്രസ്താവിച്ചു. പൊതുക്ഷേമം ഉറപ്പുവരുത്താനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പ്രചോദനം ലഭിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.

1976 മുതല്‍ 1977വരെ അര്‍ജന്‍റീന മിലിട്ടറി ജുന്‍തയുടെ ഭരണത്തിലായിരുന്ന കാലത്ത് മക്കളെ നഷ്ടപ്പെട്ട അമ്മമാരാണ് ‘പ്ലാസോ ദെ മായോ’ ഐക്യവേദിയിലെ അംഗങ്ങള്‍. 1977 മുതല്‍ എല്ലാ വ്യാഴാഴ്ചയും തങ്ങളുടെ മക്കളെ അനുസ്മരിച്ചുകൊണ്ട് അര്‍ജന്‍റീനാ ഭരണകേന്ദ്രമായ പ്ലാസോ ദെ മായോയുടെ മുന്നില്‍ അവര്‍ പ്രതിഷേധപ്രകടനം നടത്തുന്നു.








All the contents on this site are copyrighted ©.