2013-04-19 16:32:51

ദൈവാനുഭവം വ്യക്തിപരമെന്ന് മാര്‍പാപ്പ


19ഏപ്രില്‍ 2013, വത്തിക്കാന്‍
യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയെന്ന യഥാര്‍ത്ഥമായ ജീവിതാനുഭവത്തില്‍ നിന്നാണ് വിശ്വാസമെന്ന ദാനം ആവിര്‍ഭവിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ ഏപ്രില്‍ 18ാം തിയതി രാവിലെ ഏഴിന് അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍റെ സുരക്ഷാ ചുമതലയുള്ള ഇറ്റാലിയന്‍ പൊലീസ് ‘ഇസ്പെത്തൊറാത്തോ’ ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിച്ചത്.

ദൈവ സാന്നിദ്ധ്യം അവ്യക്തമോ ആലങ്കാരികമോ അല്ലെന്നും ദൈവിക വ്യക്തികളായ പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള വ്യക്തിപരമായ ബന്ധം വാസ്തവികവും യഥാര്‍ത്ഥത്തില്‍ അനുഭവവേദ്യവുമാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു. ‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു’ എന്ന് പറയുന്ന പലരും ദൈവാസ്തിത്വത്തെക്കുറിച്ച് പരിപൂര്‍ണ്ണ ബോധ്യത്തോടെയല്ല ജീവിക്കുന്നത്. ദൈവത്തെക്കുറിച്ച് എന്തൊക്കെയോ അറിയാം, പക്ഷെ പൂര്‍ണ്ണ ബോധ്യമില്ലാത്ത അവസ്ഥയിലാണ് പലരും. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്. ദൈവിക വ്യക്തികളോടുള്ള തികച്ചും വ്യക്തിപരമായ ബന്ധമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
പാപികളായ മനുഷ്യര്‍ തങ്ങളുടെ പാപഭാരവും ചുമന്നുകൊണ്ടാണ് ദൈവത്തോടൊത്തുള്ള ഈ യാത്രയില്‍ മുന്നേറുന്നത്. സ്വന്തം വീഴ്ച്ചകളിലും കുറവുകളിലും തകര്‍ന്നുപോകാതെ ദൈവത്തോട് ക്ഷമ യാചിച്ചുകൊണ്ട് മുന്നോട്ട് യാത്ര തുടരണമെന്ന് പാപ്പ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. വിശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം ലോകത്തിനു നല്‍കാന്‍ സാധിക്കാത്ത യഥാര്‍ത്ഥ സമാധാനം നമുക്ക് പ്രദാനം ചെയ്യുമെന്നും മാര്‍പാപ്പ പറഞ്ഞു.

വത്തിക്കാന്‍റെ സുരക്ഷാ ചുമതലയുള്ള ഇറ്റാലിയന്‍ പൊലീസ് ‘ഇസ്പെത്തൊറാത്തോ’ ഉദ്യോഗസ്ഥരുടെ സേവനത്തിന് ദിവ്യബലിയുടെ സമാപനത്തില്‍ മാര്‍പാപ്പ പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. സമൂഹത്തിന്‍റെ പൊതുനന്മയും സമാധാനക്രമവും ഉറപ്പുവരുത്താന്‍ വേണ്ടി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണ് സത്യസന്ധത, നിശ്ചയദാര്‍ഡ്യം, പ്രശാന്തതത, നീതിനിഷ്ഠ എന്നിവയെന്നും മാര്‍പാപ്പ അവരോട് പറഞ്ഞു.








All the contents on this site are copyrighted ©.