2013-04-17 17:16:58

പരിശുദ്ധാത്മാവിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്ന് മാര്‍പാപ്പ


17 ഏപ്രില്‍ 2013, വത്തിക്കാന്‍
പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 16ന് രാവിലെ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴിന് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിച്ചത്. ദിവ്യബലിയില്‍ വായിച്ച ഒന്നാം വായനയില്‍ സഭയിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫനെക്കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ വിചിന്തനം. പരിശുദ്ധാത്മാവ് നമ്മെ പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു. എന്നാല്‍ മാറ്റങ്ങള്‍ ആഗ്രഹിക്കാത്ത ചിലര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പരിശ്രമിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. കല്ലെറിഞ്ഞ് കൊല്ലപ്പെടുന്നതിനു മുന്‍പ് വി.സ്റ്റീഫന്‍ അവരോടു പറഞ്ഞ വാക്കുകള്‍ മാര്‍പാപ്പ അനുസ്മരിച്ചു: “മര്‍ക്കടമുഷ്ടിക്കാരേ,... നിങ്ങള്‍ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്നു”. പ്രവാചകരെ പീഡിപ്പിച്ച് വധിക്കുകയും പിന്നീട് ഭംഗിയേറിയ കല്ലറകള്‍ നിര്‍മ്മിച്ച് അവരെ ആദരിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും തദവസരത്തില്‍ പാപ്പ സൂചിപ്പിച്ചു. എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാരെ ‘പ്രവാചകന്‍മാരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാത്ത വിധം ഹൃദയം മന്ദീഭവിച്ചവരേ’ എന്നു പറഞ്ഞ് യേശു ശാസിച്ച സംഭവം അനുസ്മരിച്ച മാര്‍പാപ്പ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ നമ്മുടെ ഇടയിലുമുണ്ടെന്ന് പ്രസ്താവിച്ചു.
നമ്മെ മുന്നോട്ട് നയിക്കുകയും പ്രവര്‍ത്തന നിരതരാകാന്‍ പ്രചോദനമേകുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് സുഖപ്രദമായ കാര്യമല്ല നമ്മോടാവശ്യപ്പെടുന്നത്. അക്കാരണത്താല്‍ തന്നെയാണ് പരിശുദ്ധാത്മാവിനെ പ്രതിരോധിക്കാന്‍ നാം പരിശ്രമിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. ക്രിസ്തുവിന്‍റെ രൂപാന്തരീകരണ വേളയില്‍ അനുഭവിച്ചറിഞ്ഞ സന്തോഷത്തില്‍ തുടരാന്‍ ആഗ്രഹിച്ച വി.പത്രോസിനെ പോലെയാണ് നാമും. കാരണം അത് ശല്യപ്പെടുത്തുന്ന കാര്യമല്ല. മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നതാണ് നമുക്ക് ശല്യമായി തോന്നുന്നത്. പരിശുദ്ധാത്മാവിനെ മെരുക്കിയെടുക്കാന്‍ നാം ആഗ്രഹിക്കുന്നത് തെറ്റാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദൈവത്തോടാണ് നാം ഇടപെടുന്നതെന്ന് തിരിച്ചറിയണം. ദൈവത്തിന്‍റെ കരുത്താണ് നമുക്ക് ആശ്വാസം പകരുന്നതും മുന്നോട്ടു പോകാന്‍ നമുക്ക് കൃപയേകുന്നതെന്നും പാപ്പ ഉത്ബോധിപ്പിച്ചു.

പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്തില്‍ എല്ലാവരും സന്തോഷിക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും അത് സത്യമല്ല. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതിനൊരുദാഹരണമാണ് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ്. പരിശുദ്ധാത്മാവിന്‍റെ അതിമനോഹരമായ കരവേലയായിരുന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ സൂന്നഹദോസിന് തുടക്കം കുറിച്ചു.
എന്നാല്‍ അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒന്നു തിരിഞ്ഞുനോക്കിയാല്‍ പരിശുദ്ധാത്മാവ് സൂന്നഹദോസിലൂടെ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയെന്നു പറയാന്‍ നമുക്ക് സാധിക്കുമോയെന്ന് പാപ്പ ചോദിച്ചു. സൂന്നഹദോസിന്‍റെ ജൂബിലി സ്മരണയില്‍ സ്മൃതി മണ്ഡപങ്ങള്‍ പണിയുന്നതില്‍ കാര്യമില്ല. അതിലെ പ്രബോധനങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. പക്ഷെ മാറ്റങ്ങള്‍ ആഗ്രഹിക്കാത്തവര്‍ സഭയിലുണ്ട്. മുന്‍പോട്ട് പോകുന്നതിനു പകരം പിന്‍തിരിഞ്ഞ് നടക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പ കുറ്റപ്പെടുത്തി. അങ്ങനെയുള്ളവരാണ് പരിശുദ്ധാത്മാവിനെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഭോഷന്‍മാരും മര്‍ക്കടമുഷ്ടിക്കാരുമെന്ന് പാപ്പ അഭിപ്രായപ്പെട്ടു.

പരിശുദ്ധാത്മാവിനോടുള്ള പ്രതിരോധം നമ്മുടെ വ്യക്തിജീവിതത്തിലും ഉണ്ടായേക്കാമെന്നും പാപ്പ മുന്നറിയിപ്പു നല്ക‍ി. സുവിശേഷ പാതയില്‍ സഞ്ചരിക്കാന്‍ പരിശുദ്ധാത്മാവ് നമുക്ക് പ്രചോദനമേകുന്നു. യേശു നല്‍കുന്ന സ്വാതന്ത്ര്യത്തിലേക്കാണ് ദൈവാത്മാവ് നമ്മെ നയിക്കുന്നത്. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കാതെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാന്‍ നാം തയ്യാറാകണം. വിനയപൂര്‍വ്വം പരിശുദ്ധാത്മാവിനെ സ്വീകരിച്ച് വിശുദ്ധിയില്‍ ജീവിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.