2013-04-16 17:03:49

വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു: മാര്‍പാപ്പ


12 ഏപ്രില്‍ 2013, വത്തിക്കാന്‍
വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും തമ്മിലുള്ള ബന്ധം അഭേദ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങളുമായി ഏപ്രില്‍ 12ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. “ബൈബിളിലെ സത്യവും ബൈബിള്‍ രചനയുടെ പ്രചോദനവും” എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രില്‍ 8ന് ആരംഭിച്ച പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തിന്‍റെ സമാപന ദിനമായിരുന്നു 12ാം തിയതി വെള്ളിയാഴ്ച. ദൈവവചനത്തിന്‍റെ ലിഖിത രൂപമാണ് വിശുദ്ധ ഗ്രന്ഥം. എന്നാല്‍ ബൈബിള്‍ ഉണ്ടാകുന്നതിനു മുന്‍പും ശേഷവും ദൈവവചനമുണ്ട്. അതുകൊണ്ടു തന്നെയാണ് നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രം ഒരു ഗ്രന്ഥത്തില്‍ മാത്രമായി ചുരുക്കാന്‍ സാധിക്കാത്തതെന്ന് മാര്‍പാപ്പ വിശദീകരിച്ചു. യേശു ക്രിസ്തുവെന്ന വ്യക്തിയാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രം.
വ്യക്തിപരമോ ശാസ്ത്രീയമോ ആയ പരിശ്രമത്തിലൂടെ മാത്രം ദൈവവചനത്തിന്‍റെ വ്യഖ്യാനം സാധ്യമല്ലെന്ന്, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രമാണ രേഖയായ ജനതകളുടെ പ്രകാശം (Lumen Gentium) എന്ന കോണ്‍സ്റ്റിറ്റൂഷനിലെ ഉത്ബോധനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പ സമര്‍ത്ഥിച്ചു. സഭാ പാരമ്പര്യത്തിന്‍റെ വെളിച്ചത്തിലാണ് വിശുദ്ധ ഗ്രന്ഥ ഭാഗങ്ങള്‍ വ്യാഖ്യാനിക്കപ്പെടേണ്ടത്. വിശ്വാസ പരിപോഷണത്തിനായി ദൈവജനത്തിന് നല്‍കപ്പെട്ടതാണ് ദൈവനിവേശിത വചനങ്ങള്‍. വിശുദ്ധ ഗ്രന്ഥഭാഗങ്ങളുടെ ഈ സ്വഭാവവും ലക്ഷൃവും കണക്കിലെടുത്തുകൊണ്ടു മാത്രമേ ദൈവവചന വ്യാഖ്യാനം സാധ്യമാകൂവെന്ന് മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.