2013-04-16 17:04:38

ബോസ്റ്റണ്‍ സ്ഫോടനത്തിനിരയായവരോട് കര്‍ദിനാള്‍ ഓമാലിയുടെ അനുശോചനം


16 ഏപ്രില്‍ 2013, ബോസ്റ്റണ്‍
യു.എസിലെ ബോസ്റ്റണിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 3 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോസ്റ്റണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഷോണ്‍ ഓമാലി ദുഃഖം രേഖപ്പെടുത്തി. സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും പരുക്കേറ്റവരോടും കര്‍ദിനാള്‍ അനുശോചനമറിയിച്ചു. തിങ്കളാഴ്ച ബോസ്റ്റണില്‍ നടന്ന മാരത്തോണില്‍ 27,000ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. മത്സരാര്‍ത്ഥികളില്‍ പലരും ഫിനിഷിങ്ങ് ലൈന്‍ കടക്കുമ്പോഴായിരുന്നു ഫിനിഷിങ്ങ് ലൈനിനു സമീപം സ്ഫോടനം നടന്നത്. ആദ്യ സ്ഫോടനം കഴിഞ്ഞ് ഏതാനും നിമിഷനേരത്തിനുള്ളില്‍ രണ്ടാമതും സ്ഫോടനം നടന്നു. പരിഭ്രാന്തരായ മാരത്തോണ്‍ ഓട്ടക്കാരും കാണികളും പരക്കം പാഞ്ഞു. സ്ഫോടനത്തില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റുവെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഫോടനം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ പോലീസിനോടും അഗ്നിശമന സേനാംഗങ്ങളോടും കര്‍ദിനാള്‍ ഒമാലി നന്ദി പറഞ്ഞു. ഈ ദുരന്തം വിതച്ച അന്ധകാരത്തില്‍ നഷ്ടധൈര്യരാകാതെ ക്രിസ്തുവിന്‍റെ പ്രകാശം പകരാന്‍ കര്‍ദിനാള്‍ ഓമാലി ബോസ്റ്റണ്‍ നിവാസികളെ ഉത്ബോധിപ്പിച്ചു.
അതിനിടെ, രാജ്യത്തെ ഞെട്ടിച്ച ബോസ്റ്റണിലെ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി. ബോസ്റ്റണ്‍ ബോംബാക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഫോടനത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ സ്ഫോടനത്തിന്റെഉത്തരവാദികള്‍ ആരായിരുന്നാലും അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുമെന്ന് ഒബാമ പറഞ്ഞു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ബോസ്റ്റണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഷോണ്‍ ഓമാലിയ്ക്ക് മാര്‍പാപ്പയുടെ അനുശോചന സന്ദേശമയച്ചത്.








All the contents on this site are copyrighted ©.