2013-04-16 17:05:05

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എളിമയും ക്ഷമയും അത്ഭുതാവഹമെന്ന് ജറുസലേം പാത്രിയാര്‍ക്കീസ്


16 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എളിമയും ക്ഷമയും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് ജറുസലേം പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍. ഏപ്രില്‍ 15ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ച ജറുസലേം പാത്രിയാര്‍ക്കീസും സംഘവും പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് മാര്‍പാപ്പയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. മധ്യപൂര്‍വ്വദേശത്തുനിന്ന് പലായം ചെയ്ത പല ക്രൈസ്തവരും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് അഭയം തേടിയത്. അര്‍ജന്‍റീനയിലേക്ക് കുടിയേറിയ പൗരസ്ത്യ ക്രൈസ്തവസമൂഹങ്ങളുടെ അജപാലന ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ ബെര്‍ഗോളിയോ മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും പാത്രിയാര്‍ക്കീസ് അനുസ്മരിച്ചു. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോകാന്‍ തങ്ങള്‍ക്ക് പ്രോത്സാഹനമേകിയ മാര്‍പാപ്പ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടെന്നും പാത്രിയാര്‍ക്കേറ്റിന്‍റെ പ്രതിനിധി സംഘം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.