2013-04-16 17:04:01

ആദിമ ക്രൈസ്തവരുടെ ധീരത നമുക്ക് മാതൃക: മാര്‍പാപ്പ


(ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം, 14.04.2013)

അപ്പസ്തോലന്‍മാര്‍ ജറൂസലേമില്‍ നടത്തിയ ആദ്യ പ്രഭാഷണങ്ങളെക്കുറിച്ച് ഉയര്‍പ്പുതിരുന്നാളിന്‍റെ മൂന്നാം ഞായറാഴ്ച ദിവ്യബലി മധ്യേ നാം വായിക്കുന്നു. യേശു ഉത്ഥാനം ചെയ്തെന്നും, വിശുദ്ധ ലിഖിതങ്ങളനുസരിച്ച് പ്രവാചകന്‍മാര്‍ പ്രഖ്യാപിച്ചിരുന്ന മിശിഹായാണ് അവിടുന്നെന്നും അവര്‍ ജറൂസലേം മുഴുവന്‍ ഉദ്ഘോഷിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സമൂഹം രൂപമെടുക്കുന്നത് തടയുകയായിരുന്നു പ്രധാന പുരോഹിതന്‍മാരുടേയും ജനപ്രമുഖരുടേയും ലക്ഷൃം. അതിനാല്‍ അവര്‍ അപ്പസ്തോലന്‍മാരെ തടവിലാക്കി. യേശുവിന്‍റെ നാമത്തില്‍ ഇനി പ്രസംഗിക്കരുതെന്ന് അവരെ താക്കീതും ചെയ്തു. എന്നാല്‍ പത്രോസിന്‍റേയും മറ്റ് അപ്പസ്തോലന്‍മാരുടേയും മറുപടി ഇപ്രകാരമായിരുന്നു, “മനുഷ്യരേക്കാള്‍ ദൈവത്തേയാണ് അനുസരിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം ഉയര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്‍റെ വലതുഭാഗത്തേക്കുയര്‍ത്തി. ഈ സംഭവങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്ക് ദൈവം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.” (അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 5: 29-32) അപ്പോള്‍ അവര്‍ അപ്പസ്തോലന്‍മാരെ പ്രഹരിക്കാന്‍ ആജ്ഞാപിച്ചതിനു ശേഷം യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചുപോകരുതെന്ന് കല്‍പിച്ച് വിട്ടയച്ചു. സംഘത്തിന്‍റെ മുന്‍പില്‍ നിന്നു പുറത്തുപോയ അപ്പസ്തോലന്‍മാര്‍ “യേശുവിന്‍റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചു” വെന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്ര ധൈര്യത്തോടെ സാക്ഷൃം നല്‍കാനുള്ള കരുത്ത് ആദ്യ ശിഷ്യര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്? ഏറെ ബുദ്ധിമുട്ടുകളും പീഡനങ്ങളും ഉണ്ടായിട്ടും ഇത്രയേറെ ആനന്ദത്തോടെ ക്രിസ്തുവിന് സാക്ഷൃം നല്‍കാന്‍ അവര്‍ക്കു സാധിച്ചതെങ്ങനെയാണ്? അപ്പസ്തോലന്‍മാര്‍ സാധാരണക്കാരായ വ്യക്തികളായിരുന്നുവെന്ന കാര്യം നാം മറക്കരുത്. അവര്‍ നിയമജ്ഞരോ വേദപണ്ഡിതരോ വൈദിക ഗണത്തില്‍ ഉള്‍പ്പെടുന്നവരോ ആയിരുന്നില്ല. അവരുടെ പരിമിതമായ കഴിവുകൊണ്ട് ഇതെങ്ങനെ സാധിച്ചു? അധികാരികളുടെ എതിര്‍പ്പ് പോലും മറികടന്നുകൊണ്ടാണ് അവര്‍ ജറൂസലേം മുഴുവന്‍ സുവിശേഷ പ്രഘോഷണം നടത്തിയത്. ഈ സംഭവ വികാസങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും പരിശുദ്ധാത്മാവിന്‍റെ സഹായവും കൊണ്ടു മാത്രമേ സാധ്യമാകൂ. കര്‍ത്താവ് അവരോടൊപ്പമുണ്ടായിരുന്നു. അസാധാരണമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ പരിശുദ്ധാത്മാവ് അവരെ നയിച്ചു. മരിച്ച് ഉത്ഥാനം ചെയ്ത യേശുക്രിസ്തുവുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം അത്രയേറെ ശക്തമായിരുന്നതിനാല്‍ ആരേയും ഒന്നിനേയും അവര്‍ക്കു ഭയമുണ്ടായിരുന്നില്ല. പീഡനങ്ങള്‍ ആദരണീയമായി അവര്‍ കരുതി. കാരണം, അതെല്ലാം അവരെ സംബന്ധിച്ച് തങ്ങളുടെ കര്‍ത്താവായ യേശുവിന്‍റെ സ്മരണയില്‍ ജീവിക്കാനും സ്വജീവന്‍ ഹോമിച്ചുകൊണ്ട് അവിടുത്തെ അനുകരിക്കാനും ലഭിച്ച അവസരങ്ങളായിരുന്നു.
ആദിമ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച ഈ കാര്യങ്ങള്‍ എക്കാലത്തേയും സഭാ ജീവിതത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു വസ്തുത നമ്മോട് പങ്കുവയ്ക്കുന്നുണ്ട്. നമ്മെ സംബന്ധിച്ചും സുപ്രധാനമായ ആ കാര്യമിതാണ്: ഒരു വ്യക്തി യേശു ക്രിസ്തുവിനെ അടുത്തറിയുകയും വിശ്വസിക്കുകയും അവിടുത്തെ ഉത്ഥാനത്തിന്‍റെ കരുത്ത് സ്വജീവിതത്തില്‍ അനുഭവിച്ചറിയുകയും ചെയ്യുമ്പോള്‍ ഈ അനുഭവം മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കാനാവില്ല. ആ വ്യക്തി തെറ്റിദ്ധരിക്കപ്പെടുകയോ പ്രതിസന്ധികള്‍ നേരിടേണ്ടിവരുകയോ ചെയ്യുമ്പോള്‍ പീഡാസഹന സമയത്ത് ക്രിസ്തുവിനുണ്ടായിരുന്ന അതേ മനോഭാവമാണ് അയാളും സ്വീകരിക്കുക: സ്നേഹത്തോടും സത്യത്തിന്‍റെ കരുത്തോടും കൂടി അയാള്‍ അതിനോടു പ്രതികരിക്കും.
സ്വര്‍ലോക റാണീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥന ഒരുമിച്ച് ചൊല്ലിക്കൊണ്ട് സഭയുടെ പേഷിത ദൗത്യത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. പുത്തന്‍ ഉണര്‍വോടും കരുത്തോടും കൂടി ലോകമെമ്പാടുമുള്ള സഭാംഗങ്ങള്‍ക്ക് ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കാനും സാഹോദര്യസ്നേഹത്തിലൂടെ അതിന് സാക്ഷൃം നല്‍കാനും സാധിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. യേശു ഉയര്‍ത്തെഴുന്നേറ്റെന്നും അവിടുന്ന് നമ്മോടൊത്തുണ്ടെന്നതിനും നാം നല്‍കുന്ന ഏറ്റവും ഫലപ്രദമായ സാക്ഷൃമാണ് നമ്മുടെ സാഹോദര്യ സ്നേഹം. പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്ന ക്രൈസ്തവര്‍ക്കുവേണ്ടിയും നമുക്ക് ഈയവസരത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഇക്കാലത്തും പല രാജ്യങ്ങളിലും നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്നേഹത്തോടെ അവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും സാന്ത്വനവും അവര്‍ക്ക് അനുഭവവേദ്യമാകട്ടെ.








All the contents on this site are copyrighted ©.