2013-04-16 17:04:47

അപകീര്‍ത്തിപ്പെടുത്തല്‍ പിശാചിന്‍റെ തന്ത്രം: മാര്‍പാപ്പ


16 ഏപ്രില്‍ 2013, വത്തിക്കാന്‍
വ്യാജ ആരോപണങ്ങളുടെ നശീകരണ ശക്തിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വചന സന്ദേശം. ഏപ്രില്‍ 15ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് അനേകരുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന വ്യാജ ആരോപണങ്ങളെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. വത്തിക്കാനിലെ ടെലി കമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് വിഭാഗം ജീവനക്കാരാണ് തിങ്കളാഴ്ച മാര്‍പാപ്പയോടൊപ്പം ദിവ്യബലിയില്‍ സംബന്ധിച്ചത്. വ്യാജ ആരോപണങ്ങള്‍ക്ക് ഇരയാകുകയായിരുന്നു വി.സ്റ്റീഫനെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കള്ളസാക്ഷികള്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ മൂലമാണ് വി.സ്റ്റീഫന്‍ വധിക്കപ്പെട്ടത്. നല്ല മനുഷ്യര്‍ തമ്മിലുള്ള ഒരു സംഘട്ടനമായിരുന്നില്ല അത്. കള്ളക്കളിയായിരുന്നു സ്റ്റീഫന്‍റെ എതിരാളികളുടേത്,‘വ്യാജ ആരോപണ’മെന്ന മാര്‍ഗമാണ് അവര്‍ തിരഞ്ഞെടുത്തത്. വ്യാജ ആരോപണങ്ങള്‍ പാപത്തേക്കാള്‍ മ്ലേച്ഛമാണ്. പിശാചിന്‍റെ നേരിട്ടുള്ള പ്രകടനമാണെന്നതെന്ന് മാര്‍പാപ്പ പറഞ്ഞു.
നാമെല്ലാവരും പാപികളാണ്. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പാപ്പ വിശദീകരിച്ചു. വിദ്വേഷത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ദുരാരോപണത്തിന്‍റെ ലക്ഷൃം ദൈവിക പ്രവര്‍ത്തനങ്ങളുടെ നശീകരണമാണ്. അത് പിശാചിന്‍റെ പ്രവര്‍ത്തിയാണ്. ഈ ദുഷ്പ്രവര്‍ത്തി ആത്മാവിന്‍റെ നാശത്തിനും കാരണമാകുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. കള്ളം പറഞ്ഞുകൊണ്ടാണ് വ്യാജസാക്ഷികള്‍ മുന്നേറുന്നത്. പിശാച് ഉള്ളിടത്താണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.
എന്നാല്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു വി.സ്റ്റീഫന്‍റെ നിലപാടെന്ന് മാര്‍പാപ്പ എടുത്തു പറഞ്ഞു. വ്യാജ ആരോപണങ്ങളെ വ്യാജപ്രസ്താവനകള്‍ കൊണ്ട് നേരിടാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെ സ്വയം രക്ഷപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ദൈവത്തില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചുകൊണ്ട് നിയമം അനുസരിക്കാന്‍ അദ്ദേഹം തയ്യാറായി. ക്രിസ്തുവിന്‍റെ സത്യത്തിലും സമാധാനത്തിലും ആയിരിക്കാനാണ് വി.സ്റ്റീഫന്‍ ആഗ്രഹിച്ചത്.

സഭയിലെ ആദ്യ രക്തസാക്ഷിയായ വി.സ്റ്റീഫനുണ്ടായ അതേ അനുഭവം കാലക്രമത്തില്‍ സഭയിലെ മറ്റനേകം രക്തസാക്ഷികള്‍ക്കും ഉണ്ടായെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. രക്തസാക്ഷികളുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല. ക്രിസ്തുവിനെ പ്രതി ജീവന്‍ ഹോമിക്കേണ്ടി വരുന്നവര്‍ ഇന്നുമുണ്ട്. വ്യാജ ആരോപണങ്ങള്‍ മൂലം പീഡിപ്പിക്കപ്പെടുന്ന ഒട്ടനവധി വിശ്വാസികള്‍ ഇന്നും ലോകത്തിന്‍റെ പലഭാഗത്തുമുണ്ട്. ആദിമ കാലത്തേക്കാള്‍ കൂടുതല്‍ രക്തസാക്ഷികള്‍ ഇക്കാലത്തുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. രൂക്ഷമായ ആത്മീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയാകുന്ന ഈ യുഗത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. രക്തസാക്ഷിത്വത്തിന്‍റെ കാലത്ത് സഭാമാതാവായ പരിശുദ്ധ മറിയമാണ് വിശ്വാസസമൂഹത്തെ നയിക്കുന്ന ധീരനായിക. വിശ്വാസപൂര്‍വ്വം പരിശുദ്ധ അമ്മയുടെ സംരക്ഷണം തേടാന്‍ പാപ്പ ഏവരേയും ക്ഷണിച്ചു.








All the contents on this site are copyrighted ©.