2013-04-13 10:57:56

ഭൂമിയുടെ സാഹോദര്യം വളര്‍ത്തുന്ന
പിതൃ-പുത്ര ബന്ധം


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 14, 7-14

ഈശ്വര ചൈതന്യത്തെക്കുറിച്ച് അറബിയായ ആചാര്യന്‍ എഴുതിയതിങ്ങനെയാണ്.
എന്‍റെ ഹൃദയം തുറവുള്ളതാണ്. ദൈവത്തെ പാടി സ്തുതിക്കാനും, ആശ്രമങ്ങള്‍ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും, വിഗ്രഹങ്ങള്‍ക്ക് അമ്പലമാകാനും, തീര്‍ത്ഥാടകന്‍റെ കാബയാകാനും, ന്യായപ്രമാണങ്ങളുടെ മനോഫലകമാകാനും, ഖുറാന്‍റെ ഗ്രന്ഥമാകാനും അതിനു കഴിയും.
കാരണം ഞാന്‍ പരിശീലിക്കുന്നത് സ്നേഹത്തിന്‍റെ മതമാണ്. ഏതു ദിശയിലേയ്ക്ക് ഒട്ടകങ്ങള്‍ തിരിഞ്ഞാലും എന്‍റെ സ്നേഹമാണ് മതവും വിശ്വാസവും.

എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, മതത്തിന്‍റെയോ, ജാതിയുടെയോ അതിര്‍വരമ്പകുളില്ലാത്ത സ്നേഹത്തിന്‍റെ മതമല്ലേ ക്രിസ്തു വിഭാവനം ചെയ്തത്. “എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു” എന്നതിന്‍റെ അര്‍ത്ഥം മനുഷ്യനെ കാണുന്നവന്‍ ദൈവത്തെ കാണുന്നു എന്നാണ്. ഓരോ മനുഷ്യനെയും ദൈവമായി കാണുന്ന എന്നാണ് ഇതിനര്‍ത്ഥം. മനുഷ്യനായി പിറന്ന ദൈവങ്ങളാണ് ഓരോ വ്യക്തിയും എന്ന ചിന്തയിലേയ്ക്കുയരാതെ, ദൈവത്തെ കാണിച്ചുതരണമേ, പറയുന്നതില്‍ എന്തര്‍ത്ഥം?

“ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്.” ഇത് കിഴക്കിന്‍റെ ചിന്തയാണ്. പൗരസ്ത്യ ദേശത്തുള്ളവര്‍ക്ക് ഇതെളുപ്പം മനസ്സിലാകും. കാലടിയിലെ ശങ്കാരചാര്യ സ്വാമികള്‍ പറഞ്ഞത് Atman is the part and parcel of Brahman എന്നല്ലേ. മനുഷ്യന്‍ (ആത്മന്‍) ദൈവത്തിന്‍റെ (ബ്രഹ്മന്‍) ഭാഗവും അംശവുമാണ് അഥവാ അവിഭാജ്യ ഘടകമാണ്. ദൈവത്തിന്‍റെ അംശം കുടികൊള്ളുന്നവനെയാണ് മനുഷൃന്‍ എന്നു വിളിക്കുന്നത്. ഇതുതന്നെയാണ് ക്രിസ്തു പറഞ്ഞതിന്‍റെയും പൊരുള്‍. ഞാന്‍ (മനുഷൃന്‍) പിതാവിലും (ദൈവത്തിലും), പിതാവ് എന്നിലുമാണ്. ഈ അവബോധം വളര്‍ന്നു വളര്‍ന്നു നമ്മള്‍തന്നെ ദൈവപുത്രരായി തീരുമ്പോള്‍ (യോഹ. 10, 34-35, സങ്കീര്‍ത്തനം 8, 4-8) ഭാരതീയ ചിന്തയില്‍ പറയാനാകും അഹം ബ്രാഹ്മാസ്മി, അല്ലെങ്കില്‍ തത്വഃമസ്സി, എന്ന്.
ഞാനും പിതാവും ഒന്നാകുന്നു (യോഹ. 10, 30). ഞാന്‍ ദൈവമായി ജനിച്ചു, ദൈവമായി ജീവിച്ച്, മരിക്കുമ്പോള്‍ ദൈവമായീത്തീരുന്നു, ദൈവത്തില്‍ ചെന്നുചേരുന്നു. ‘ദൈവം സ്നേഹമാണ്’ എന്നതും കൂട്ടി വായിക്കുക. “ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും.” ക്രിസ്തു ചെയ്തതിനേക്കാള്‍ വലിയ പ്രവൃത്തികള്‍ ചെയ്യാന്‍ പിതാവിനു സാധിക്കും. കാരണം, ക്രിസ്തു പിതാവിന്‍റെയടുത്താണ് ഇപ്പോള്‍ ആയിരിക്കുന്നത്. ‘വലിയവ’ എന്നതിനു വലിയ അത്ഭുതങ്ങള്‍ എന്നല്ല അര്‍ത്ഥം, ദൈവികശക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ്.

നാം വില കല്പ്പിക്കപ്പെട്ടിരിക്കുന്നത് നമ്മിലെ ദൈവശക്തിയുടെ പരിവര്‍ത്തനങ്ങള്‍ക്കാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയെന്നു പറയുന്നത് ദൈവികശക്തിയുടെ പ്രവൃത്തികളിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടാനും അതിലൂടെ “ഞാനും പിതാവും ഒന്നാണ്” എന്ന യോഗാത്മക സംസര്‍ഗ്ഗത്തിലേയ്ക്ക് mystical union-ല്‍ എത്തിച്ചേരാനുമാണ്. മനുഷ്യന്‍ ദൈവമായിത്തീരുന്നത് എങ്ങനെയെന്ന് ക്രിസ്തു പഠിപ്പിച്ചു. ദൈവത്തിന്‍റെ അന്തസ്സിനുചേര്‍ന്ന വിധം വ്യാപരിക്കണമെന്നും. അപ്പോള്‍ അവിടുന്ന് ചെയ്തതുപോലെ വലിയവ, വന്‍കാര്യങ്ങളും, നന്മയും നമുക്കും ചെയ്യാനാകും.

“രാഹുല്‍ ഗാന്ധി വിദേശിയാണ്,” എന്നു പറഞ്ഞ് ആക്ഷേപിക്കാന്‍ ശ്രമിച്ചത് അരുണ്‍ ജയ്റ്റലി തുടങ്ങിയ സ്വദേശി നേതാക്കളാണ്. രാഹുല്‍ മറുപടിയൊന്നും പറഞ്ഞില്ല. അവസാനം പത്രപ്രവര്‍ത്തകരുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ രാഹുല്‍ ഒരിക്കല്‍ പറഞ്ഞു.
“എന്‍റെ കുടുംബത്തിനു പാരമ്പര്യവും അന്തസ്സുമുണ്ട്. അന്തസ്സുകുറഞ്ഞ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയില്ല.”

നമുക്കും ഈ മനോഭവം ഒരുവിധത്തില്‍ ഉള്‍ക്കൊള്ളാനുകുമോ? ദൈവത്തിന്‍റെ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അതിനൊരു പാരമ്പര്യവും അന്തസ്സുമുണ്ട്. അതിന്‍റെ അന്തസ്സിനേക്കാള്‍ താഴ്ന്ന പ്രവര്‍ത്തനം എന്നില്‍ നിന്നുണ്ടാകില്ല. ഈ അന്തസ്സുള്ള അവസ്ഥയയല്ലേ ക്രൈസ്തവന് ‘ദൈവരാജ്യം’ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്.

ക്രിസ്തുവിന്‍റെ ബാല്യകാലം ആവിഷ്ക്കരിക്കുന്ന ചിത്രത്തില്‍ മേരി പലപ്പോഴും മകനോടു പറന്നുണ്ട, “അതാണ് മകനേ, നിന്‍റെ പിതാവിന്‍റെ ഇഷ്ടം” ഉടനം മകന്‍ “ഏതു പിതാവ് - ആകശങ്ങളിലേതോ, നസ്രത്തിലേതോ,” എന്ന് യേശു കുറുമ്പു ചോദിക്കുന്നതും കാണാം. ജീവിതത്തിന്‍റെ സമീപനങ്ങള്‍ക്ക് ക്രിസ്തു രണ്ടുപേരോടും വല്ലാതെ കടപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് തെറ്റില്‍ കുരുക്കപ്പെട്ട സ്ത്രിയോട് ക്രിസ്തു കാട്ടിയ കരുണ്യം ജോസഫില്‍നിന്നു സ്വീകരിച്ചതാണ്.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ അര്‍ത്ഥത്തിലും മേരി എന്ന പെണ്‍കുട്ടിയോട് അവളുടെ പ്രതിശ്രുതവരന്‍ കാട്ടിയ അതേ കരുണ്യത്തിന്‍റെ തനിയാവര്‍ത്തനമാണ് ക്രിസ്തു പാപിനിയോടു ക്ഷമിക്കുന്നത്.

‘അബ്ബാ’ എന്ന ന്യൂക്ലിയസ്സിനു ചുറ്റുമായിരുന്നു ക്രിസ്തുവിന്‍റെ ജീവിത ഭ്രമണപഥങ്ങള്‍. എന്തു ലളിതമായിട്ടാണ് ജീവതത്തിന്‍റെ പൊരുള്‍ അവിടുന്നു സംഗ്രഹിക്കുന്നത്! “പിതാവിന്‍റെ ഹിതം നിറവേറ്റുകയാണ് എന്‍റെ ഭക്ഷണം”.

സുവിശേഷം രേഖപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ ആദ്യത്തെയും അവസാനത്തെയും മൊഴികള്‍ ശ്രദ്ധിക്കുക. “ഞാനെന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ആയിരിക്കേണ്ടതല്ലേ.” “പിതാവേ, അങ്ങേ കരങ്ങളില്‍ ഞാനെന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.” കൂട്ടിരിക്കേണ്ടവര്‍ ഗാഢനിദ്രയിലേയ്ക്ക് വഴുതി പോയപ്പോള്‍ ക്രിസ്തു ഇങ്ങനെ വിലപിച്ചു. “അബ്ബാ...പിതാവേ,
ഈ പാനപാത്രം അകന്നുപോകട്ടെ!” എന്തിന്, ക്രിസ്തുവിനെ മാത്രമായിട്ട് നമുക്ക് സ്നേഹിക്കാന്‍‍ പോലുമാവില്ലെന്നു തോന്നുന്നു.
“എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ പിതാവിന്‍റെ ഹിതം പൂര്‍ത്തിയാക്കുന്നു” എന്നും അവിടുന്നതന്നെ പറഞ്ഞുവച്ചിരിക്കുന്നു.

ഈ പിതൃ-പുതൃ ബന്ധത്തില്‍നിന്നും സഹോദര സ്നേഹത്തിന്‍റെ പുതിയ പ്രകാശം വിരിയിക്കാന്‍ നമുക്കാവണം. ഭൂമിയുടെ സാഹോദര്യം ഒന്നോര്‍ത്താല്‍ പല കാരണങ്ങള്‍കൊണ്ടും വേര്‍പിരിഞ്ഞുപോയ ഒരേ അപ്പന്‍റെ മക്കള്‍ ഗണികത്തെരുവില്‍ കാത്തുനില്കുന്നതുപോലെയാണ്. വേറൊരു കുഞ്ഞ് ചാറ്റല്‍ മഴയില്‍ വൃക്ഷച്ചോട്ടില്‍ വിറച്ചിരിക്കുന്നു. ഒരേ മണ്ണുകൊണ്ടും ഒരേ നിശ്വാസംകൊണ്ടും ദൈവം രൂപപ്പെടുത്തിയ നമ്മള്‍ കണ്ണുനിറഞ്ഞും മാപ്പുപറഞ്ഞും അവരെ ചേര്‍ത്തു പിടിക്കേണ്ട നേരം വൈകിയിരിക്കുന്നു.

നമ്മുടെ ഹൈന്ദവ സഹോദരങ്ങള്‍ ദൈവത്തെ അമ്മേ, എന്നാണ് വിളിക്കുന്നത്. ‘അമ്മേ നാരായണാ!’ ചെറുപ്പിത്തിലേ അത് രസകരമായിത്തോന്നി. എന്നാല്‍ കുറച്ചുകൂടി വെട്ടം കിട്ടിയപ്പോള്‍ മനസ്സിലായി ക്രിസ്തു പരിയചയപ്പെടുത്തിയ പിതാവില്‍ അമ്മയും അച്ഛനും ഉണ്ടെന്ന്. നാണയം കളഞ്ഞുപോയപ്പോള്‍ വിളക്കുകൊളുത്തി വീടിനകം മുഴുവന്‍ തപ്പുന്ന സ്ത്രീയാണ് ദൈവമെന്നൊക്കെ ക്രിസ്തു പറയുമ്പോള്‍ നമുക്ക് പരിചയമുള്ള പിതൃസങ്കല്പത്തിനുമപ്പുറം – കുറെക്കൂടി സ്ത്രൈണഭാവം അല്ലെങ്കില്‍ മാതൃഭാവവും കലര്‍ന്ന പിതൃരൂപമാണ് ദൈവമായ പിതാവില്‍ കാണേണ്ടത്.

ക്രിസ്തു പഠിപ്പിച്ചതിന്‍റെയൊക്കെ നിഴല്‍ ഉല്‍പ്പത്തിയോളം നിവര്‍ന്നു കിടക്കുന്നുണ്ട്. ചരിത്രത്തിലെ ആദ്യത്തെ കൊലപാതത്തിനുശേഷം കായേന്‍ തകര്‍ന്നു നില്ക്കുകയാണ്. ‘ഇനിയെനിക്ക് രക്ഷയില്ല.’

“കണ്ടുമുട്ടുന്നവരൊക്കെ എന്നെ കൊല്ലാന്‍ വരിയാണ് ദൈവമേ,” അവനു തോന്നി. അയാള്‍ ദൈവത്തോട് സങ്കടപ്പെട്ടു. ദൈവം പറഞ്ഞു, “നിന്നെ ആരും കൊല്ലുകയില്ല, നിന്നെയാരും കൊല്ലാതിരിക്കാന്‍വേണ്ടി ഞാനെന്‍റെ മുദ്ര നിന്‍റെമേല്‍ പതിപ്പിക്കും.”
എന്‍റെ സകലമാന കിന്നത്തരങ്ങള്‍ക്കും ഹീനതകള്‍ക്കുശേഷവും എനിക്ക് അകമ്പടി വരുന്നവനേ, നിന്നിലെ അച്ഛനും അമ്മയ്ക്കുമിടയിലെ വരമ്പ് കാണെക്കാണെ ഇല്ലാതാവുകയാണല്ലോ.

‘നല്ല തന്തയ്ക്കു പിറക്കണം.’ അത് ജീവിതത്തിന്‍റെ ഭാഗ്യമാണ്. അച്ഛനില്‍നിന്ന് കഠിനമായി പരുക്കേറ്റ എത്രയോ മക്കളുണ്ട്. അപ്പോഴെല്ലാം അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചാണ് ഓര്‍മ്മവരുന്നത്. ആള്‍ക്കൂട്ടത്തിനു മദ്ധ്യേ സ്വന്തം അപ്പന്‍ അവകാശപ്പെട്ടതെല്ലാം അയാള്‍ തിരികെ വയ്ക്കുന്നു. ഇനി ഉള്ളത് ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം. അതുകൂടി ഉരിഞ്ഞുവച്ച് ആകാശങ്ങളിലേയ്ക്ക് കരങ്ങളുയര്‍ത്തി ആയാളിങ്ങനെ നിലവിളിച്ചു.
“ഇന്നോളം പീറ്റര്‍ ബര്‍ണാദോയായിരുന്നു എന്‍റെ പിതാവ്, ഇനി അത് ആകാശങ്ങളിലിരിക്കുന്ന പിതാവാണ്.” അച്ഛനില്‍നിന്നു പരുക്കേറ്റവനെ സ്നേഹംകൊണ്ടു പുതപ്പിക്കുന്ന ദൈവം! ഫ്രാന്‍സിസിന്‍റെ രണ്ടാം പിറവിയായിരുന്നു അത്!! നമുക്കും ഈ ദൈവിക പിതൃ ബന്ധത്തില്‍ വളരാം ജീവിക്കാം.








All the contents on this site are copyrighted ©.