2013-04-11 18:40:51

മങ്ങുന്ന വിശ്വാസപ്രഭയും
മറയുന്ന ദൈവ-മനുഷ്യ ബന്ധവും


9 ഏപ്രില്‍ 2013, റോം
വിശ്വാസരാഹിത്യത്തിന്‍റെ ആഴമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടില്‍ തീക്ഷ്ണതയുള്ള മിഷണറിമാര്‍ ഇന്നിന്‍റെ ആവശ്യമാണെന്ന്, വിശ്വാസ പ്രഘോഷണ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍നാണ്ടോ ഫിലോണി പ്രസ്താവിച്ചു.

വത്തിക്കാന്‍റെ വിശ്വാസ കാര്യാലയത്തിന്‍റെ മേല്‍നോട്ടത്തിലുള്ള റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി ഏപ്രില്‍ 10-ാം തിയതി ബുധനാഴ്ച ആചരിച്ച സെമിനാരി ദിനത്തിലാണ് വിദ്യാര്‍ത്ഥികളും അദ്ധ്യപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെട്ട സമൂഹത്തെ കര്‍ദ്ദിനാല്‍ ഫിലോണി
ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അസ്തിത്വത്തിന്‍റെയും അജ്ഞതയുടെയും സംശയത്തിന്‍റെയും ഇക്കാലഘട്ടത്തിലെ പ്രതിസന്ധികളില്‍ വിശ്വാസപ്രഭ മങ്ങിപ്പോകുമ്പോള്‍ ദൈവവുമായുള്ള മനുഷ്യബന്ധത്തിനാണ് മങ്ങലേല്ക്കുന്നത്.
വിശ്വാസ സംബന്ധിയായ സംശയങ്ങള്‍ മനസ്സില്‍ ഉയരുമ്പോഴും നസ്രത്തിലെ മറിയത്തെപ്പോലെ ദൈവത്തോടും ദൈവഹിതത്തോടും തുറവുള്ളവരാണെങ്കിലേ വിശ്വാസത്തില്‍ വളരാന്‍ സാധിക്കൂ എന്ന്
120 വ്യത്യസ്ത മിഷന്‍ രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളെ കര്‍ദ്ദിനാള്‍ ഫിലോണി ഉദ്ബോധിപ്പിച്ചു.

പിതൃസന്നിധിയില്‍നിന്നും മറിയത്തിലൂടെയാണ് രക്ഷകനായ ക്രിസ്തു മനുഷ്യാവതാരം ചെയ്തതെങ്കില്‍, ദൈവികതയാണ് ക്രിസ്തുവിന്‍റെ രൂപവും ഭാവവുമെന്നും, ആകയാല്‍ കര്‍മ്മാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായ ഭക്തിക്കോ, വിശ്വാസത്തിനോ പ്രസക്തിയില്ലെന്നും കര്‍ദ്ദിനാള്‍ ഫിലോനി സന്ദേശത്തില്‍ സമര്‍ത്ഥിച്ചു. ഈ കാഴ്ചപ്പാടില്‍ മാത്രമേ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനും രൂപീകരണത്തിനും വിദ്യാര്‍ത്ഥികള്‍ ലക്ഷൃമിടുന്ന പ്രേഷിതദൗത്യത്തിനും പ്രസക്തിയുള്ളൂ എന്നും കര്‍ദ്ദിനാള്‍ ഫിലോണി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.