2013-04-09 16:26:16

മാര്‍ഗരറ്റ് താച്ചറുടെ നിര്യാണത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


09 ഏപ്രില്‍ 2013,
ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചറുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. താച്ചറുടെ പൊതുപ്രവര്‍ത്തന അന്തര്‍ധാര ക്രൈസ്തവ മൂല്യങ്ങളായിരുന്നുവെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. രാഷ്ട്ര കുടുംബങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു താച്ചര്‍. മാര്‍ഗരറ്റ് താച്ചറുടെ ആത്മാവിനെ ദൈവ കാരുണ്യത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച മാര്‍പാപ്പ താച്ചറിന്‍റെ കുടുംബാംഗങ്ങളോടും ബ്രിട്ടീഷ് ജനതയോടും തന്‍റെ അനുശോചനം അറിയിച്ചു.
മാര്‍പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണിനയച്ചത്.

ബ്രിട്ടന്‍റെ ഏക വനിതാ പ്രധാനമന്ത്രിയും ആധുനിക ബ്രിട്ടന്‍റെ ശില്പികളിലൊരാളാകുകയും ചെയ്‌ത മാര്‍ഗരറ്റ് താച്ചര്‍ (87) ഏപ്രില്‍ 8ാം തിയതി തിങ്കളാഴ്ചയാണ് പക്ഷാഘാതം മൂലം മരണമടഞ്ഞത്. മറവി രോഗത്തെത്തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളമായി താച്ചറുടെ ആരോഗ്യനില തീരെ മോശമായിരുന്നു.

താച്ചറുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഗാധദുഃഖം രേഖപ്പെടുത്തി. ''ഞങ്ങള്‍ക്ക് മഹതിയായ ഒരു നേതാവിനെ നഷ്ടമായി. ഒപ്പം മഹിമയുള്ള മുന്‍പ്രധാനമന്ത്രിയേയും ബ്രിട്ടന്റെ മഹാവ്യക്തിത്വത്തേയും'', താച്ചറുടെ കുടുംബത്തിനയച്ച അനുശോചനസന്ദേശത്തില്‍ കാമറൂണ്‍ പറഞ്ഞു. സ്‌പെയിന്‍ സന്ദര്‍ശനത്തിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ മാര്‍ഗരറ്റ് താച്ചറുടെ നിര്യാണത്തെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു. എലിസബത്ത് റാണിയും തന്‍റെ ദുഃഖം താച്ചറുടെ മക്കളായ മാര്‍ക്കിനേയും കാരലിനേയും അറിയിച്ചു. മാര്‍ഗരറ്റ് താച്ചറുടെ ഭര്‍ത്താവ് ഡെന്നിസ് 2003ല്‍ മരിച്ചു.
റോബര്‍ട്ട്‌സിന്‍റേയുംയും ബിയാട്രിസിന്‍റേയും മകളായി 1925 ഒക്ടോബര്‍ 13നായിരുന്നു മാര്‍ഗരറ്റ് താച്ചറുടെ ജനനം. പഠന കാലത്ത് തന്നെ നേതൃത്വപാടവം പ്രകടമാക്കിയിരുന്ന മാർഗരറ്റ് 59 ൽ ഫിന്‍ച്‌ലിയില്‍ നിന്ന് പാര്‍ലമെന്റംഗമായി. വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ 75ല്‍ മുന്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ്ഡ് ഹീത്തിനെ തോല്പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി. ഉരുക്കു വനിത എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന താച്ചര്‍ 79 ലും 83 ലും 87 ലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് താച്ചര്‍. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്ക്കരിക്കുക അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്തിയ താച്ചറുടെ പരിഷ്ക്കാരങ്ങള്‍ ‘താച്ചറിസം’ എന്നറിയപ്പെട്ട നൂതന പ്രവര്‍ത്തന ശൈലിക്കു തന്നെ രൂപം നല്‍കി.
ആരോഗ്യം മോശമായതുകൊണ്ട് താച്ചര്‍ കുറെക്കാലമായി പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് താച്ചറുടെ കുടുംബത്തിനയച്ച അനുശോചനസന്ദേശത്തില്‍, ഇന്ത്യന്‍ജനതയുടെ അഗാധമായ ദുഃഖം അറിയിച്ചു.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാര്‍ഗരറ്റ് താച്ചറുടെ മൃതസംസ്ക്കാരം ലണ്ടനിലെ സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ നടക്കും.








All the contents on this site are copyrighted ©.