2013-04-09 16:26:52

നിയുക്ത മെത്രാപ്പോലീത്താ ഹോസെ കര്‍ബായോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി


09 ഏപ്രില്‍ 2013, വത്തിക്കാന്‍
സമര്‍പ്പിത ജീവിത സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിതത്തിനുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ സെക്രട്ടറിയായി നിയമിതനായ ഫ്രാന്‍സിസ്ക്കന്‍ വൈദികനും നിയുക്ത മെത്രാപ്പോലീത്തയുമായ ഹോസെ റോഡ്രിഗസ് കര്‍ബായോയുമായുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. 8ാം തിയതി തിങ്കളാഴ്ച വൈകീട്ട് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്‍സിസ്ക്കന്‍ സന്ന്യസ്ത സഭയുടെ (Order of Friars Minor) മിനിസ്റ്റര്‍ ജനറലായി ശുശ്രൂഷ ചെയ്യുകയായിരുന്ന ഫാ.കര്‍ബായ്യോയെ ഏപ്രില്‍ 6നാണ് മാര്‍പാപ്പ വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി നിയമിച്ചത്. റോമന്‍ കൂരിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രഥമ നിയമനമായിരുന്നത്. സമര്‍പ്പിത ജീവിത സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിതത്തിനുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് തോബിന്‍ 2012 ഒക്ടോബറില്‍ അമേരിക്കയിലെ ഇന്ത്യാനോപോളിസിലെ മെത്രാപ്പോലീത്തായായി നിയമിതനായതോടെ വന്ന ഒഴിവിലാണ് ഫാ.കര്‍ബായ്യോയെ മാര്‍പാപ്പ നിയമിച്ചത്. അതോടൊപ്പം അദ്ദേഹത്തിന് മെത്രാപ്പോലീത്താ സ്ഥാനവും പാപ്പ നല്‍കി.
സുപ്പീരിയര്‍ ജനറല്‍മാരുടെ ആഗോള സമിതിയുടെ പ്രസിഡന്‍റു കൂടിയായ സ്പെയിന്‍ സ്വദേശിയായ ഫാ.കര്‍ബായ്യോ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയില്‍ സഹകാര്‍മ്മികനായിരുന്നു. പേപ്പല്‍ സ്ഥാനാരോഹണ ദിവ്യബലിയില്‍ പാത്രിയാര്‍ക്കീസുമാരേയും മേജര്‍ ആര്‍ച്ചുബിഷപ്പുമാരേയും കൂടാതെ സഹകാര്‍മ്മികരായിരുന്നത് കര്‍ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറി ജനറലായ ആര്‍ച്ചുബിഷപ്പ് ബാള്‍ദിസെറി സുപ്പീരിയര്‍ ജനറല്‍മാരുടെ ആഗോള സമിതിയുടെ പ്രസിഡന്‍റ് ഫാ.കര്‍ബായ്യോ, സമിതിയുടെ സെക്രട്ടറിയും ഈശോ സഭാ സുപ്പീരിയര്‍ ജനറലുമായ ഫാ.അഡോള്‍ഫ് നിക്കോള്‍സ് എന്നിവരായിരുന്നു.








All the contents on this site are copyrighted ©.