2013-04-09 16:25:52

എളിമ, ക്രൈസ്തവ ജീവിത മാര്‍ഗ്ഗം: മാര്‍പാപ്പ


09 ഏപ്രില്‍ 2013, വത്തിക്കാന്‍
എളിമയുടെ മാര്‍ഗ്ഗത്തിലൂടെയാണ് ക്രൈസ്തവ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മംഗലവാര്‍ത്താ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ഉപവിയുടെ സഹോദരിമാരുടെ സന്ന്യസ്ത സഭയിലെ ഏതാനും അംഗങ്ങളും വത്തിക്കാന്‍ ടെലിവിഷനിലേയും വത്തിക്കാന്‍ റേഡിയോയിലേയും ചില ജീവനക്കാരുമാണ് തിങ്കളാഴ്ച മാര്‍പാപ്പയോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നത്.
എളിമയുടെ പാതയില്‍ സ്വയം താഴ്ത്തുന്നവര്‍ ദൈവിക സ്നേഹത്താല്‍ ഉയര്‍ത്തപ്പെടുമെന്ന് മാര്‍പാപ്പ വി.കുര്‍ബ്ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു. മാലാഖയുടെ സന്ദേശം വ്യക്തമായി ഗ്രഹിക്കാന്‍ സാധിച്ചില്ലെങ്കിലും ദൈവഹിതത്തിനു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിച്ച പ.കന്യകാ മറിയം എളിമയുടെ മൂര്‍ത്തീഭാവമാണ്. തന്‍റെ ഭാര്യയില്‍ നിക്ഷിപ്തമായിരുന്ന സുപ്രധാനമായ ദൗത്യം സ്വയം ഏറ്റെടുക്കുകയും ഗര്‍ഭവതിയായ മറിയത്തേയും കൂട്ടി ബെത്ലെഹമിലേക്ക് യാത്ര പുറപ്പെടുകയും ചെയ്ത വി.യൗസേപ്പിലും വിളങ്ങുന്നത് എളിമയെന്ന പുണ്യമാണ്. എളിമയുടെ മാര്‍ഗ്ഗത്തിലൂടെയാണ് ദൈവം തന്‍റെ സ്നേഹം നമ്മിലേക്ക് ചൊരിയുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. “ഞാനാണ് ഇവിടുത്തെ അധികാരി”, “ഞാന്‍ കല്‍പിക്കും”, എന്നിങ്ങനെയുള്ള “ശക്തമായ വിഗ്രഹങ്ങള്‍” എളിമയുടെ പാതയില്‍ നിന്ന് വിദൂരമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം, എളിമയില്‍ ജീവിക്കുകയെന്നാല്‍ താഴ്ന്ന ശിരസ്സോടെ നടന്നുപോകണമെന്നല്ല അര്‍ത്ഥമാക്കുന്നത്. എളിമയാര്‍ന്ന ക്രൈസ്തവ യാത്രി ഉപവിയുടെ പാതകൂടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീരിച്ചു. ഉപവിയിലൂടെ കടന്നുപോകുന്ന എളിമയുടെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.